തിരുവനന്തപുരം: ഗതാഗത നിയമ ലംഘനങ്ങൾക്കുള്ള പിഴ കേന്ദ്ര സർക്കാർ വർദ്ധിപ്പിച്ചതിന്റെ പകുതി വരെ കുറച്ചുകൊണ്ട് ഗതാഗത വകുപ്പ് കരട് പട്ടിക തയ്യാറാക്കി. നിയമ വകുപ്പ് സെക്രട്ടറി ഉൾപ്പെടെയുള്ളവരുമായി 16ന് ചർച്ച ചെയ്യും. പുതിയ വിജ്ഞാപനം ഇറക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം വൈകിയേക്കും.
പിഴ കുറയ്ക്കുന്നതിനുള്ള അവകാശം സംസ്ഥാനങ്ങൾക്കു നൽകിക്കൊണ്ട് കേന്ദ്ര സർക്കാർ ഉത്തരവിറക്കിയ ശേഷമേ, ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന് എന്തെങ്കിലും ചെയ്യാനാവൂ എന്നാണ് ഗതാഗത വകുപ്പിന് ലഭിച്ച നിയമ ഉപദേശം. കേന്ദ്രനിയമം വന്നയുടനെ തിടുക്കപ്പെട്ട് ഇൗ മാസമാദ്യം വിജ്ഞാപനം ഇറക്കിയതാണ് പ്രധാന തടസം. പിഴ കുറയ്ക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരം നൽകിയില്ലെങ്കിൽ കേന്ദ്രനിയമത്തിലെ ഏറ്റവും കുറഞ്ഞ പിഴ നിരക്ക് ഈടാക്കാൻ നിർദ്ദേശിച്ച് തടിയൂരാനാവും ഗതാഗത വകുപ്പ് ശ്രമിക്കുക.
കേന്ദ്ര നിയമമനുസരിച്ച് വിജ്ഞാപനം ഇറക്കാത്ത സംസ്ഥാനങ്ങൾ നിരക്ക് കുറച്ച് ഉത്തരവുകൾ ഇറക്കിത്തുടങ്ങി. ബി.ജെ.പി ഭരിക്കുന്ന ഗുജറാത്തിൽ കനത്ത പിഴയിൽ 50 മുതൽ 90 ശതമാനം വരെയാണ് കുറച്ചത്. 16 മുതൽ പുതിയ നിരക്ക് പ്രബല്യത്തിൽ വരുമെന്ന് കാണിച്ച് പത്രങ്ങളിൽ പരസ്യവും നൽകി. ഇരുചക്രവാഹനങ്ങളിൽ മൂന്നുപേർ പോകുന്നതിനുള്ള ആയിരം രൂപയിൽ നിന്ന് പഴയ നിരക്കായ നൂറ് രൂപയിലേക്ക് താഴ്ത്തി.. കുടുംബത്തിലെ അച്ഛനും അമ്മയും കുട്ടിയും ഒരു ബൈക്കിൽ പോകുന്നത് വലിയ കുറ്റമായി കാണാൻ കഴിയില്ലെന്നാണ് മുഖ്യമന്ത്രി വിജയ് രൂപാണി പറഞ്ഞത്. ഹെൽമെറ്റില്ലാ യാത്രയ്ക്ക് കേന്ദ്രം നിശ്ചയിച്ച 1000 രൂപ പകുതിയാക്കി കുറച്ചു. ബൈക്ക് ഓടിക്കുന്നയാൾക്ക് മാത്രമേ തത്കാലം ഹെൽമെറ്റ് നിർബന്ധമാക്കൂ. കാറിൽ മുൻസീറ്റിൽ ഇരിക്കുന്നവർമാത്രം സീറ്റ് ബെൽറ്റ് ധരിച്ചാൽ മതി. ഇത് ലംഘിക്കുന്നവർക്കുള്ള പിഴ ആയിരത്തിൽനിന്ന് അഞ്ഞൂറിലേക്ക് താഴ്ത്തി. ആകെ 12 ഇനങ്ങളിലാണ് ഇളവുകൾ വരുത്തിയത്. അതേ സമയം, പൊലീസുകാർ ഗതാഗതനിയമം ലംഘിച്ചാൽ കർശന നടപടിക്കും നിർദേശം നൽകിയിട്ടുണ്ട്. ബി.ജെ.പി. ഭരിക്കുന്ന ഉത്തരാഖണ്ഡും, കേന്ദ്രം കുത്തനെ ഉയർത്തിയ പിഴത്തുകയിൽ ഗണ്യമായ ഇളവുകൾ പ്രഖ്യാപിച്ചു .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |