
ന്യൂഡൽഹി: ഓടിനടന്ന് കടിക്കരുതെന്ന് തെരുവ് നായ്കൾക്ക് കൗൺസലിംഗ് നൽകണോ? അതുമാത്രമേ ബാക്കിയുള്ളൂ. കടിക്കണമെന്ന മൂഡിലാണ് തെരുവുനായയെന്ന് പൊതുജനം എങ്ങനെ അറിയും? തെരുവു നായ പ്രശ്നത്തിൽ സ്വമേധയാ എടുത്ത കേസിൽ സുപ്രീംകോടതിയുടേതാണ് പരിഹാസവും രോഷവും.
പൊതുജനങ്ങളുടെ ബുദ്ധിമുട്ടിൽ കടുത്ത ആശങ്ക രേഖപ്പെടുത്തിയ കോടതി തദ്ദേശ സ്ഥാപനങ്ങളുടെ അടക്കം വീഴ്ചകളെയും വിമർശിച്ചു.
നായ പ്രേമികളുടെ അഭിഭാഷകരുടെ വാദത്തിനിടെയാണ് ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത, എൻ.വി. അൻജാരിയ എന്നിവരടങ്ങിയ ബെഞ്ചിന്റെ രൂക്ഷപരാമർശം. പൊതു ഇടങ്ങൾ, സർക്കാർ സ്ഥാപന പരിസരം എന്നിവിടങ്ങളിൽ നിന്ന് തെരുവുനായ്ക്കളെ നീക്കണമെന്ന മുൻ ഉത്തരവിനെ നായപ്രേമികളും മൃഗാവകാശ സംഘടനകളും എതിർത്തപ്പോഴാണ് കടുത്തഭാഷയിൽ പ്രതികരണം. പൊതുസ്ഥലത്ത് നായകളുടെ സ്വൈരവിഹാരം അനുവദിക്കാനാവില്ല. അവയുടെ ആക്രമണങ്ങളിൽ ജനങ്ങൾ മരിക്കുന്നു. കുട്ടികൾക്കും മുതിർന്നവർക്കുമുൾപ്പെടെ കടിയേൽക്കുന്നത് പതിവാകുന്നു. എ.ബി.സി ചട്ടങ്ങൾ നടപ്പാക്കുന്നതിൽ അധികാരികൾ പരാജയപ്പെട്ടു. ഇതു കാരണം ജനം കഷ്ടപ്പെടണമെന്നാണോയെന്ന് കോടതി ആരാഞ്ഞു. ഒരെണ്ണം നരഭോജിയാണെന്നു വച്ച് എല്ലാ കടുവയെയും കൊല്ലാറില്ലെന്ന് നായപ്രേമികൾക്കു വേണ്ടി ഹാജരായ കപിൽ സിബൽ വാദിച്ചു. നായകളെ വന്ധ്യം കരിച്ച് വാക്സിൻ നൽകി തുറന്നുവിടണം. ഉത്തർപ്രദേശിൽ ഇങ്ങനെ എണ്ണം കാര്യമായി കുറയ്ക്കാനായി. പേ ബാധിച്ചവയെയും അല്ലാത്തവയെയും ഷെൽട്ടറിൽ ഒന്നിച്ചു പാർപ്പിച്ചാൽ എല്ലാത്തിനും പേ ബാധിക്കും. ഇന്നും വാദം തുടരും.
കൊല്ലണമെന്ന്
അഭിരാമിയുടെ അമ്മ
ആക്രമണകാരികളായ നായകളെ കൊല്ലാൻ ഉത്തരവിടണമെന്ന് പത്തനംതിട്ടയിൽ നായ കടിയേറ്റ് മരിച്ച അഭിരാമിയുടെ മാതാവ് ആവശ്യപ്പെട്ടു. അതേസമയം, തെരുവുനായകളോട് സമൂഹം കാരുണ്യം കാണിക്കണമെന്ന് മൃഗാവകാശ ആക്ടിവിസ്റ്റ് വന്ദന ജെയിൻ പറഞ്ഞു. ബോധവത്കരണം ആവശ്യമാണ്. വിദേശ ബ്രീഡ് നായകൾക്ക് അധിക ആഡംബര നികുതി ഏർപ്പെടുത്താവുന്നതാണ്.
നായ ചാടി ജഡ്ജിക്ക്
ഗുരുതര പരിക്ക്
തെരുവുനായകൾ കാരണം വാഹനാപകടം നിത്യസംഭവമെന്ന് കോടതി. കഴിഞ്ഞ 20 ദിവസത്തിനുള്ളിൽ ജഡ്ജിമാർ ഉൾപ്പെട്ട രണ്ട് വാഹനാപകടങ്ങളുണ്ടായി. ഒരു ജഡ്ജിയുടെ നില ഗുരുതരമാണ്. നട്ടെല്ലിന് പരിക്കേറ്റു. റോഡുകൾ നായ്ക്കളിൽ നിന്നും മുക്തമാകണം. ഷെൽട്ടറുകളിലാക്കി ഭക്ഷണം നൽകാവുന്നതേയുള്ളൂ. നായ്ക്കൾ, കന്നുകാലികൾ എന്നിവ ദേശീയപാതയിലേക്ക് കയറി വാഹനാപകടങ്ങൾ ഉണ്ടാകാതിരിക്കാൻ വേലി കെട്ടണമെന്ന് കോടതി ആവർത്തിച്ചു. ദേശീയപാത അതോറിട്ടി നടപടിയെടുക്കണം. സംസ്ഥാനമാണ് ചെയ്യേണ്ടതെന്ന ദേശീയപാത അതോറിട്ടിയുടെ നിലപാട് തള്ളി.
കേരളത്തിൽ എ.ബി.സി
ഫലപ്രദമല്ല
കേരളത്തിലെ എ.ബി.സി കേന്ദ്രങ്ങൾ ഫലപ്രദമല്ലെന്ന് അമിക്കസ് ക്യൂറി ഗൗരവ് അഗർവാൾ സുപ്രീംകോടതിയെ അറിയിച്ചു. വന്ധ്യംകരണമടക്കം പ്രവർത്തനങ്ങൾ വിലയിരുത്താൻ സംവിധാനമില്ല. കോടതികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവയുടെ പരിധിയിൽ എത്ര തെരുവുനായ്ക്കളുണ്ടെന്ന കണക്കും സർക്കാരിന്റെ പക്കലില്ല. എ.ബി.സി കേന്ദ്രങ്ങൾ ഫലപ്രദമാക്കാൻ ഉദ്യോഗസ്ഥരുമായി ചേർന്നു പ്രവർത്തിക്കാൻ തയ്യാറാണ്. കൂടുതൽ ജീവനക്കാരെ നിയമിക്കണം. പ്രായോഗിക ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ കോടതി നിർദ്ദേശം അനിവാര്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |