തിരുവനന്തപുരം: പുതിയ ഡി.ജി.പിയെ തിരഞ്ഞെടുക്കാനുള്ള കേന്ദ്രത്തിന്റെ സാദ്ധ്യത പട്ടിക 26ന് അറിയാം. പട്ടിക തയ്യാറാക്കാനുള്ള യോഗം 26ന് ഡൽഹിയിൽ ചേരും. അന്ന് വൈകിട്ട് യു.പി.എസ്.സി അംഗീകരിക്കുന്ന പട്ടിക സംസ്ഥാനത്തിനു കൈമാറും.
കേരള കേഡറിലെ മുതിർന്ന ഡി.ജി.പിമാരായ നിതിൻ അഗർവാൾ, റവാഡ ചന്ദ്രശേഖർ, യോഗേഷ് ഗുപ്ത എന്നിവരാണ് പട്ടികയിൽ വരാൻ സാദ്ധ്യതയുള്ളവർ.
സാധാരണയായി മറ്റു പരാതികളില്ലെങ്കിൽ മുതിർന്ന മൂന്നു ഡി.ജി.പിമാരുടെ പേരുകളാകും ഡി.ജി.പി സ്ഥാനത്തേയ്‌ക്ക് യു.പി.എസ്.സി അംഗീകരിക്കുക. ഇതിൽ നിന്ന് ഒരാളെ ഡി.ജി.പി സ്ഥാനത്തേക്ക് മുഖ്യമന്ത്രിക്ക് ശുപാർശ ചെയ്യാം. ചില ഘട്ടങ്ങളിൽ മന്ത്രിസഭയിൽ ചർച്ച ചെയ്താണ് മേധാവിയെ നിശ്ചയിക്കുന്നത്. ഇക്കാര്യത്തിൽ മുഖ്യമന്ത്രിക്കു തീരുമാനിക്കാം.
30ന് നിലവിലെ ഡി.ജി.പി ഷെയ്ക് ദർബേഷ് സാഹിബിന്റെ കാലാവധി അവസാനിക്കും. ഇതിനകം സാധാരണയായി മന്ത്രിസഭ ചേരാനുള്ള സമയമില്ല. പേര് മന്ത്രിസഭയിൽ കൊണ്ടുവരണമെങ്കിൽ പ്രത്യേക മന്ത്രിസഭായോഗം ചേരണം. നിലവിലുള്ള മുതിർന്ന മൂന്നു പേരിൽ ആരെയെങ്കിലും തള്ളിയാൽ പട്ടികയിലെ നാലാമനായ വിജിലൻസ് മേധാവി മനോജ് ഏബ്രാഹാം പട്ടികയിൽ ഉൾപ്പെടും.
നിലവിലുള്ളവർക്കെതിരെ ആക്ഷേപങ്ങളോ പരാതികളോ ഇല്ല. പട്ടികയിലെ ഒന്നാമനായ റോഡ് സുരക്ഷാ കമ്മീഷണറായ നിതിൻ അഗർവാളിനെ നേരത്തെ ബി.എസ്.എഫ് മേധാവിയായിരിക്കേ കേന്ദ്രം മാതൃ സർവീസിലേക്കു മടക്കിയിരുന്നു. കേന്ദ്ര സുരക്ഷാ വിഭാഗം സെക്രട്ടറിയായ റവാഡ ചന്ദ്രശേഖറാണ് രണ്ടാമൻ. ഫയർഫോഴ്സ് മേധാവിയാണ് മൂന്നാമതുള്ള യോഗേഷ് ഗുപ്ത.
എ.ഡി.ജി.പി എം.ആർ. അജിത് കുമാറും കേന്ദ്ര ഡപ്യൂട്ടേഷനിലുള്ള എ.ഡി.ജി.പി സുരേഷ് രാജ് പുരോഹിതും പട്ടികയിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |