കൊച്ചി: സാമൂഹ്യ യാഥാർത്ഥ്യങ്ങൾ വിളിച്ചു പറയുന്നതിൽ നിന്ന് തന്നെ ആർക്കും വിലക്കാനോ പിന്തിരിപ്പിക്കാനോ കഴിയില്ലെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. യോഗത്തിന്റെയും എസ്.എൻ ട്രസ്റ്റിന്റെയും സാരഥ്യത്തിൽ മൂന്ന്
പതിറ്റാണ്ട് പൂർത്തിയാക്കിയ വെള്ളാപ്പള്ളി നടേശന് ഇന്നലെ യോഗം കണയന്നൂർ യൂണിയൻ നൽകിയ സ്വീകരണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഈഴവ സമുദായത്തിന് സാമൂഹ്യനീതി നിഷേധിക്കപ്പെടുന്നത് ചോദ്യം ചെയ്യുമ്പോൾ തന്നെ വർഗീയവാദിയാക്കുന്നവരെ തെല്ലും ഭയക്കുന്നില്ല. യോഗത്തിന്റെ രൂപീകരണ ലക്ഷ്യം തന്നെ ഈഴവ സമുദായ പുരോഗതിയാണ്. യോഗത്തിന്റെ ആസ്ഥാനമായ കൊല്ലത്ത് ശ്രീനാരായണ ഓപ്പൺ സർവകലാശാല സ്ഥാപിച്ചപ്പോൾ ആദ്യ വൈസ് ചാൻസലറാക്കിയത് ഗുരുവിന്റെ ചിത്രം പോലും കണ്ടിട്ടില്ലാത്ത പ്രവാസിയായ മുസ്ലിമിനെയാണ്. ഇടതു സർക്കാരിന്റെ ഈ തീരുമാനത്തെ താൻ ചോദ്യം ചെയ്തപ്പോൾ ആദ്യം എതിർത്തത് മുസ്ലിംലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയാണ്. മുസ്ലിമിന് താൻ എതിരല്ല. മലപ്പുറത്തും ഇക്കാര്യങ്ങൾ തന്നെയാണ് താൻ പറഞ്ഞത്. അവിടെ മുസ്ലിം നേതാക്കളുടെ പേരിൽ സർക്കാർ ശമ്പളം കൊടുക്കുന്ന 11 കോളേജുകളുണ്ട്. നമുക്ക് ഒന്നു പോലുമില്ല. ഒരു സമുദായം മാത്രം നന്നായാൽ മതിയെന്നാണ് അവരുടെ നിലപാട്. മതേതരത്വം പറഞ്ഞ ഈഴവർ എവിടെയെത്തിയെന്നും മതം പറഞ്ഞവർ എവിടെയെത്തിയെന്നും ആലോചിച്ചാൽ യാഥാർത്ഥ്യം തിരിച്ചറിയാമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
കൃത്യമായ നിലപാടുകളിൽ ഉറച്ചു നിന്ന് വിമർശനങ്ങളെ വ്യക്തതയോടെ സധൈര്യം നേരിടുന്ന കരുത്തനായ നേതാവാണ് വെള്ളാപ്പള്ളി നടേശനെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. തന്റേതായ ഭാഷയിലും ശൈലിയിലും ജനങ്ങളുമായി സംവദിക്കാനുള്ള അനന്യമായ കഴിവാണ് അദ്ദേഹത്തിന്റെ ശക്തി. ഗുരുദേവന്റെ ആശയങ്ങൾ ഉൾക്കൊണ്ടു തന്നെ യോഗത്തെ നയിക്കുന്ന മതനിരപേക്ഷ നിലപാടുള്ള നേതാവാണ് വെള്ളാപ്പള്ളിയെന്നും ബാലഗോപാൽ പറഞ്ഞു.സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ചേർത്തു പിടിച്ച് മുന്നോട്ടു പോകുന്നതിനായി എസ്.എൻ.ഡി.പി യോഗവും ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും നടത്തുന്ന ശ്രമങ്ങൾ മാതൃകാപരമാണെന്ന് അദ്ധ്യക്ഷത വഹിച്ച മന്ത്രി പി.രാജീവ് പറഞ്ഞു. പ്രീതി നടേശൻ ഭദ്രദീപം പ്രകാശിപ്പിച്ചു. വെള്ളാപ്പള്ളി നടേശനെ യൂണിയൻ ചെയർമാൻ മഹാരാജാ ശിവാനന്ദൻ ആദരിച്ചു. ഹൈബി ഈഡൻ എം.പി, എം.എൽ.എമാരായ ടി.ജെ. വിനോദ്, കെ. ബാബു, മുൻ എം.എൽ.എ ഡൊമിനിക് പ്രസന്റേഷൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |