ടെഹ്റാൻ: ഇറാൻ - ഇസ്രയേൽ സംഘർഷം രൂക്ഷമാകവേ ഇസ്രയേലിന് വീണ്ടും മുന്നറിയിപ്പ് നൽകി ഇറാനിലെ പരമോന്നത നേതാവ് അയത്തൊളള അലി ഖമനേയി. ഇസ്രയേൽ ഗുരുതരമായ തെറ്റ് ചെയ്‌തെന്നും ഇപ്പോഴതിന് ശിക്ഷിക്കപ്പെട്ടുക്കൊണ്ടിരിക്കുകയാണെന്നും ഖമനേയി പറഞ്ഞു. ഇറാനിലെ ആണവകേന്ദ്രങ്ങളിൽ അമേരിക്ക ആക്രമണം നടത്തിയതിനുപിന്നാലെയായിരുന്നു ഖമനേയിയുടെ പ്രതികരണം. എന്നാൽ അമേരിക്ക നടത്തിയ ആക്രമണത്തെക്കുറിച്ച് ഖമനേയി പ്രസ്താവനയിൽ പരാമർശിച്ചിട്ടില്ല. എക്സിലൂടെയായിരുന്നു പ്രതികരണം.
'ശിക്ഷ തുടരുന്നു, സയണിസ്റ്റ് ശത്രു (ഇസ്രയേൽ) ഒരു വലിയ തെറ്റ് ചെയ്തു, അതിന് ശിക്ഷിക്കപ്പെടണം, ശിക്ഷിക്കപ്പെട്ടുക്കൊണ്ടിരിക്കുകയാണ്'- ഖമനേയി പോസ്റ്റിൽ കുറിച്ചു. ഭീമൻ ബങ്കർ ബസ്റ്റർ ബോംബുകൾ ഉപയോഗിച്ചാണ് ഇറാന്റെ ഫോർഡോ, ഇസ്ഫഹാൻ, നതാൻസ് എന്നിവിടങ്ങളിലെ ആണവകേന്ദ്രങ്ങൾ അമേരിക്ക തകർത്തത്. ഇറാന്റെ ആണവശേഷി തകർത്തെന്നാണ് അമേരിക്ക അവകാശപ്പെടുന്നത്. മൂന്നിടത്തും കനത്ത നാശമുണ്ടായെങ്കിലും ആണവ വികിരണങ്ങൾ വ്യാപിച്ചിട്ടില്ല.
അമേരിക്കയുടെ ആക്രമണത്തിന് പിന്നാലെ ഇറാൻ ഇസ്രയേലിൽ നടത്തിയ മിസൈൽ പ്രഹരത്തിൽ 30ലേറെ പേർക്ക് പരിക്കേറ്റു. ടെൽ അവീവിലും ഹൈഫയിലും കനത്ത നാശമുണ്ടാകുകയും ചെയ്തു. ഇസ്രയേലിലെ പ്രധാന വിമാനത്താവളമായ ബെൻ ഗുരിയനും ഒരു ബയോളജിക്കൽ സെന്ററും വിവിധ സൈനിക കേന്ദ്രങ്ങളും ആക്രമിച്ചെന്ന് ഇറാൻ അവകാശപ്പെട്ടു.അമേരിക്കയുടെ നടപടി ധീരമാണെന്നും ചരിത്രം തിരുത്തുമെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പ്രതികരിച്ചു. ആക്രമണത്തെ യു.എൻ സെക്രട്ടറി ജനറൽ ആന്റോണിയോ ഗുട്ടറെസ് അപലപിച്ചു.
അതേസമയം, ഇസ്രയേൽ ആക്രമണം ആരംഭിച്ചതുമുതൽ വധഭീഷണി നേരിടുന്ന ഖമനേയി ഭൂഗർഭ ബങ്കറിൽ ഒളിവിൽ കഴിയുകയാണെന്നാണ് വിവരം.വിശ്വസ്തനായ ഒരു സഹായി മുഖാന്തിരമാണ് ഖമനേയി കമാൻഡർമാരുമായി ആശയവിനിമയം നടത്തുന്നത്. തന്റെ പിൻഗാമിയായി ഖമനേയി മൂന്ന് പുരോഹിതരെ നിർദ്ദേശിച്ചെന്നുളള റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. പിൻഗാമിയാകും എന്ന് കരുതിയിരുന്ന രണ്ടാമത്തെ മകൻ സയ്യദ് മൊജ്തബാ ഹുസൈനി ഖമനേയി (55) ലിസ്റ്റിൽ ഇല്ലെന്നാണ് സൂചന.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |