മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ 11077 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചതിന് പിന്നാലെ പ്രതികരണവുമായി യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത്. ഇത് നിലമ്പൂരിലെ ജനങ്ങളുടെ വിജയമാണെന്നും കേരളത്തിലെ എൽഡിഎഫ് ഭരണത്തിനെതിരായുള്ള വിജയമാണെന്നും ഷൗക്കത്ത് വ്യക്തമാക്കി. 77737 വോട്ടുകളാണ് ആര്യാടൻ ഷൗക്കത്ത് നേടിയത്. രണ്ടാം സ്ഥാനത്തെത്തിയ എൽഡിഎഫിന്റെ എം സ്വരാജിന് 66660 വോട്ടുകളാണ് ലഭിച്ചത്. 19760 വോട്ടുകളുമായി പി വി അൻവർ മൂന്നാം സ്ഥാനത്തായി. എൻഡിഎയുടെ മോഹൻ ജോർജിന് വെറും 8,648 വോട്ടുകൾ മാത്രമാണ് നേടാനായത്.
'ഡീലിമിറ്റേഷന് ശേഷം യുഡിഎഫിന്റെ ശക്തികേന്ദ്രങ്ങളായ ചോക്കാടും കാളികാവും ചാലിയാർ പഞ്ചായത്തും ഈ നിയോജക മണ്ഡലത്തിൽ നിന്ന് നഷ്ടപ്പെട്ടതിന് ശേഷം എന്റെ പിതാവിന് 2011ൽ ലഭിച്ച ഭൂരിപക്ഷം 6000നടുത്ത് വോട്ട് മാത്രമാണ്. അതിനുശേഷം രണ്ട് തവണയും യുഡിഎഫിന് നഷ്ടപ്പെട്ട സീറ്റാണിത്. ആ സീറ്റ് ഞങ്ങൾ പ്രതീക്ഷിച്ച ഭൂരിപക്ഷത്തിൽ, പതിനായിരത്തിന് മുകളിലുള്ള ഭൂരിപക്ഷത്തിൽ തിരിച്ചുപിടിച്ചിരിക്കുകയാണ്. ഈ വിജയം കേരളത്തിലെ ജനങ്ങളുടെ വിജയമാണ്. നിലമ്പൂരിൽ കഴിഞ്ഞ ഒൻപത് വർഷമായി അവഗണനയേറ്റ ജനങ്ങളുടെ വിജയമാണ്.
ഇത് പിണറായി വിജയൻ സർക്കാരിനെതിരെയുള്ള കേരളത്തിലെ മുഴുവൻ ആളുകളുടെയും ജനരോഷം നിലമ്പൂരുകാർ ഏറ്റെടുത്തതാണ്. മാത്രമല്ല, ഒൻപത് വർഷം നിലമ്പൂരിനേറ്റ അവഗണനയ്ക്കെതിരെയുള്ള ക്യത്യമായ പ്രതിഷേധവും പ്രതികരണവും കൂടിയാണ്. എന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ച മുഴുവൻ ആളുകൾക്കും അതിന് നേതൃത്വം നൽകിയ യുഡിഎഫ് നേതാക്കൾക്കും താഴെത്തട്ടിലുള്ള പ്രവർത്തകർക്കും നന്ദി രേഖപ്പെടുത്തുകയാണ്'- ആര്യാടൻ ഷൗക്കത്ത് വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |