പാലക്കാട്: ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച് കഴിഞ്ഞ മാസം പുറത്തിറക്കിയ ഭാരത് ഫോർകാസ്റ്റിംഗ് സിസ്റ്റം (ബി.എഫ്.എസ്) 60 ശതമാനത്തിലേറെ കൃത്യതയോടെ കാലാവസ്ഥ പ്രവചിക്കുമ്പോൾ പാലക്കാട് സ്വദേശി എ.ജി.പ്രജീഷിനും അഭിമാനം. ഐ.ഐ.ടി.എമ്മിൽ ശാസ്ത്രജ്ഞനായിരിക്കെ ഇതിന്റെ നിർമ്മാണ, വിന്യാസഘട്ടങ്ങളിൽ പങ്കാളിയായിരുന്നു പ്രജീഷ്.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ട്രോപ്പിക്കൽ മെറ്റീരിയോളജിയാണ് ഇത് വികസിപ്പിച്ചത്.
2011ൽ പ്രത്യേക റിക്രൂട്ട്‌മെന്റിലൂടെയാണ് വാണിയംകുളം മനിശീരി വെള്ളിയാട് അത്തിപ്പൊറ്റവീട്ടിൽ പ്രജീഷ് (37) ഐ.ഐ.ടി.എമ്മിൽ ശാസ്ത്രജ്ഞനാകുന്നത്. പരിശീലനം കഴിഞ്ഞ് 2013ൽ ജോലിയിൽ പ്രവേശിച്ചു. 2019ലാണ് ബി.എഫ്.എസ്
നിർമ്മാണം ആരംഭിച്ചത്.പാർത്ഥസാരഥി മുഖോപാധ്യായയുടെ നേതൃത്വത്തിൽ 12 പേരടങ്ങിയ സംഘമാണ് നിർമ്മിച്ചത്. 2022വരെ പ്രജീഷ്ഐ.ഐ.ടി.എമ്മിലുണ്ടായിരുന്നു. ഇപ്പോൾ
സൗദി കിംഗ് അബ്ദുള്ള സയൻസ് ആൻഡ് ടെക്‌നോളജി സർവകലാശാലയിൽ റിസർച്ച് സ്‌പെഷ്യലിസ്റ്റാണ്.
ഒറ്റപ്പാലം എൻ.എസ്.എസ് കോളേജിൽ ബിരുദപഠനം പൂർത്തിയാക്കിയ പ്രജീഷ് കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയിൽ നിന്ന് സമുദ്രശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. പൂനെ സർവകലാശാലയിൽ നിന്ന് അറ്റ്‌മോസ്‌ഫിയറിക് സയൻസിൽ ഡോക്ടറേറ്റും. അത്തിപ്പൊറ്റ ഗോപിനാഥന്റെയും രജനിയുടെയും മകനാണ്. സഹോദരൻ: ദീപക്.
ചുഴലിക്കാറ്റടക്കം പ്രവചിക്കും
ലോകത്ത് തദ്ദേശീയമായി നിർമ്മിച്ച ആദ്യ അൾട്രാ ഹൈ റെസല്യൂഷൻ കാലാവസ്ഥാ മോഡലാണ് ബി.എഫ്.എസ്. ആർക സൂപ്പർ കമ്പ്യൂട്ടറും 40 ഡോപ്ളർ വെതർ റഡാറുകളിലെ ഡേറ്റയും ഉപയോഗിച്ചാണ് പ്രവർത്തനം. യു.എസ്, യു.കെ, യൂറോപ്യൻ യൂണിയൻ എന്നിവയുടെ കാലാവസ്ഥാ പ്രവചന സംവിധാനങ്ങളേക്കാൾ സൂക്ഷ്മത. ചെറിയ കാലാവസ്ഥാ വ്യതിയാനങ്ങൾ പോലും പ്രാദേശികതലത്തിൽ കാലാവസ്ഥാ പ്രവചനം കൃത്യതയോടെ നടത്താനാകും. വെള്ളപ്പൊക്കം, ചുഴലിക്കാറ്റ്, ഉഷ്ണതരംഗങ്ങൾ തുടങ്ങിയ തീവ്ര കാലാവസ്ഥാ സംഭവങ്ങളെ 30% കൃത്യതയോടെ തിരിച്ചറിയാനുമാകും.
''നിലവിൽ 40 ഡോപ്ലർ കാലാവസ്ഥാ റഡാറുകളുടെ ശൃംഖലയിൽനിന്നുള്ള വിവരങ്ങളാണ് ബി.എഫ്.എസിൽ ഉപയോഗിക്കുന്നത്. ഇത് നൂറായി വർദ്ധിപ്പിക്കാനാണ് പദ്ധതി. ഇതോടെ പ്രവചനശേഷി കൂടും
-എ.ജി.പ്രജീഷ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |