കൊച്ചി: സ്കൂളുകളിൽ ഓരോ അദ്ധ്യയന വർഷവും സ്റ്റാഫ് സ്ട്രെങ്ത് അനുവദിക്കുന്നതിന് വിദ്യാർത്ഥികളുടെ ആധാർ വിവരങ്ങൾ നിർബന്ധമാക്കിയ സർക്കാർ നടപടി ശരിവച്ച് ഹൈക്കോടതി. കുട്ടികളുടെ എണ്ണം പെരുപ്പിച്ചു കാട്ടി തസ്തിക ചോദിക്കുന്നത് തടയാനും ഇരട്ടിപ്പ് ഒഴിവാക്കാനും ലക്ഷ്യമിട്ടാണ് സർക്കാർ ഇങ്ങനെ നിബന്ധന വച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി. തൃശൂർ മാളയിലെ എയ്ഡഡ് എൽ.പി. സ്കൂൾ മാനേജരുടെ ഹർജി തള്ളിയാണ് ജസ്റ്റിസ് ഡി.കെ. സിംഗിന്റെ ഉത്തരവ്.
ഹർജിക്കാരന്റെ സ്കൂളിൽ മൂന്ന് കുട്ടികൾക്ക് ആധാർ ഇല്ലെന്ന് പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. വിദ്യാർത്ഥികളുടെ ആധാർ വിവരങ്ങൾ നിർബന്ധമാണെന്ന് തസ്തികകൾ അനുവദിക്കുമ്പോൾ വ്യവസ്ഥ ചെയ്തിരുന്നില്ലെന്ന് ഹർജിക്കാരൻ വാദിച്ചു. എന്നാൽ കുട്ടികളുടെ എണ്ണം പെരുപ്പിച്ചുകാട്ടി കൂടുതൽ തസ്തിക ചോദിക്കുന്ന എയ്ഡഡ് മാനേജ്മെന്റുകളുടെ രീതി ഒരു രഹസ്യമല്ലെന്ന് കോടതി പറഞ്ഞു.
ദിയയുടെ കടയിലെ ക്രമക്കേട് :
ജീവനക്കാരുടെ ഹർജിയിൽ വിധി ഇന്ന്
തിരുവനന്തപുരം : നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയയുടെ ആഭരണക്കടയിലെ സാമ്പത്തിക ക്രമക്കേടിൽ പ്രതികളായ മൂന്ന് വനിത ജീവനക്കാരുടെ മുൻകൂർ ജാമ്യ ഹർജിയിൽ കോടതി ഇന്ന് വിധി പറയും. ജീവനക്കാരെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നാണ് ക്രൈം ബ്രാഞ്ചിന്റെ ആവശ്യം. ജീവനക്കാർ അന്വേഷണവുമായി ഒരു ഘട്ടത്തിലും സഹകരിക്കുന്നില്ലെന്ന് ജാമ്യ ഹർജിയെ എതിർത്ത് ക്രൈം ബ്രാഞ്ച് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു. ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്. ജീവനക്കാർ തട്ടിപ്പ് നടത്തിയതായി തെളിയിക്കുന്ന വ്യക്തമായ രേഖകൾ ഉളളതായി ക്രൈം ബ്രാഞ്ച് കോടതിയെ അറിയിച്ചു. ഭീഷണിപ്പെടുത്തി എട്ട് ലക്ഷം രൂപ വാങ്ങിയ ശേഷം തങ്ങളെ കൃഷ്ണകുമാറും മകൾ ദിയയും ചേർന്ന് തട്ടിക്കൊണ്ട് പോയതായി ജീവനക്കാരും വാദിച്ചു.
ഗുരുവായൂർ ദേവസ്വം:
നിയമനം അപ്പീലിലെ
തീർപ്പിന് വിധേയം
കൊച്ചി: ഗുരുവായൂർ ദേവസ്വത്തിന്റെ വിവിധ തസ്തികകളിലേക്ക് റിക്രൂട്ട്മെന്റ് ബോർഡ് നടത്താനിരിക്കുന്ന നിയമനങ്ങൾ ഇതു സംബന്ധിച്ച അപ്പീലിലെ തീർപ്പിന് വിധേയമായിരിക്കുമെന്ന് ഹൈക്കോടതി. തസ്തികകളിലേക്കുള്ള പരീക്ഷകൾ അടുത്തമാസമാണ് നിശ്ചയിച്ചിരിക്കുന്നത്.
മൂന്നാഴ്ചയ്ക്കകം എതിർ സത്യവാങ്മൂലം സമർപ്പിക്കാനും ജസ്റ്റിസ് എസ്.എ. ധർമ്മാധികാരി അദ്ധ്യക്ഷനായ ഡിവിഷൻബെഞ്ച് സർക്കാർ ഉൾപ്പെടെയുള്ള എതിർകക്ഷികളോട് നിർദ്ദേശിച്ചു.
നിയമനം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഗുരുവായൂർ എംപ്ലോയീസ് യൂണിയൻ കോൺഗ്രസ് അടക്കം നൽകിയ അപ്പീൽ ഫയലിൽ സ്വികരിച്ചാണ് നിർദ്ദേശം. താത്കാലിക ജീവനക്കാർക്ക് സർവീസിൽ തുടരാൻ അവസരമൊരുക്കണമെന്നാണ് ഹർജിക്കാരുടെ പ്രധാന ആവശ്യം. അപ്പീൽ ആഗസ്റ്റ് ഒന്നിന് വീണ്ടും പരിഗണിക്കും.
കൂടൽമാണിക്യം അഡ്മിനിസ്ട്രേറ്റർ നിയമനം
തിരുവനന്തപുരം : കൂടൽമാണിക്യം ദേവസ്വം അഡ്മിനിസ്ട്രേറ്റർ തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നു. ഡെപ്യൂട്ടി കളക്ടർ തസ്തികയിൽ കുറയാത്ത, ഹിന്ദുമതത്തിലുള്ളവരും ക്ഷേത്രാചാരങ്ങളിൽ വിശ്വസിക്കുന്നവരുമായ ഉദ്യോഗസ്ഥർ ജൂലായ് 15 നകം ബന്ധപ്പെട്ട ഭരണവകുപ്പ് മുഖേന സ്പെഷ്യൽ സെക്രട്ടറി, റവന്യൂ (ദേവസ്വംഎ വകുപ്പ്), Room No.391, First Floor-Main Building, Govt. Secretariat, Thiruvananthapuram. (email: secretariatdevaswom@gmail.com) എന്ന വിലാസത്തിൽ ആവശ്യമായ രേഖകൾ സഹിതം (വകുപ്പുതല എൻ.ഒ.സി, കെ.എസ്.ആർ ചട്ടം 144 പ്രകാരമുള്ള സ്റ്റേറ്റ്മെന്റ് ഉൾപ്പടെ) അപേക്ഷ സമർപ്പിക്കണം.
കൂടൽമാണിക്യം:
ഹർജി മാറ്റി
കൊച്ചി: ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം നിയമനവുമായി ബന്ധപ്പെട്ട ഹർജി ഹൈക്കോടതി ജൂലായ് ഒന്നിലേക്ക് മാറ്റി. മറുപടി സത്യവാങ്മൂലത്തിന് സർക്കാർ സമയം തേടിയതിനെ തുടർന്നാണിത്. റാങ്ക് ലിസ്റ്റിൽ നിന്നുള്ള നിയമനം സംബന്ധിച്ച് അതുവരെ തത്സ്ഥിതി തുടരും.
ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ അദ്ധ്യക്ഷനായ ദേവസ്വംബെഞ്ചാണ് വിഷയം പരിഗണിക്കുന്നത്. ഹർജിക്കാരനും പാരമ്പര്യ കഴകക്കാരനുമായ ടി.വി. ഹരികൃഷ്ണൻ ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ നേരിട്ടുള്ള നിയമനനടപടിയെ എതിർത്തിരുന്നു. ഇത് സംബന്ധിച്ചാണ് സർക്കാർ എതിർ സത്യവാങ്മൂലം സമർപ്പിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |