ജന്മിത്വം അവസാനിപ്പിച്ച രാഷ്ട്രീയ കേരളത്തിന്റെ ഉജ്ജ്വല അദ്ധ്യായമാണ് ഭൂപരിഷ്കരണ നിയമം.
കേരളത്തിലെ രണ്ടാം ഭൂപരിഷ്കരണമാണ് ഡിജിറ്റൽ റീ സർവേ. 1966ലാണ് കേരളത്തിൽ റീസർവേ നടപടികൾ ആരംഭിച്ചത്. പല സംസ്ഥാനങ്ങളിലും സർവേപോലും ആരംഭിക്കാതിരുന്നപ്പോഴാണ് 66ൽ കേരളം റീസർവേ നടപടികൾക്ക് തുടക്കമിട്ടത്. ഈ സർക്കാർ അധികാരത്തിൽ വരുമ്പോൾ റീസർവേ നടപടികൾ എത്തി നിന്നിരുന്നത് 921 വില്ലേജുകളിലായിരുന്നു.
2021ൽ ഇന്നു കാണുന്ന ഡിജിറ്റൽ റീ സർവേയെക്കുറിച്ച് ആലോചിക്കുമ്പോൾ, അതുവരെയുള്ള 16 വർഷം കൊണ്ട് ഇ.ടി.എസ് സഹായത്തോടെ അളന്നത് കേവലം 92,000 ഹെക്ടർ ഭൂമി മാത്രമായിരുന്നു. ഈ ഘട്ടത്തിലാണ് ഏറ്റവും സുതാര്യമായ ഡിജിറ്റൽ റീസർവേ സംവിധാനത്തെക്കുറിച്ച് ആലോചിച്ചത്.
2022 നവംബർ ഒന്നിനാണ് ഡിജിറ്റൽ റീസർവേ നടപടികൾ മുഖ്യമന്തി ഉദ്ഘാടനം ചെയ്തത്. സാങ്കേതിക ഉപകരണങ്ങൾ ഉൾപ്പെടെ പൂർണമായി എത്താൻ 2023 ഓഗസ്റ്റ് വരെ ചെറിയ പ്രതിസന്ധികൾ നേരിടേണ്ടി വന്നു. ഓഗസ്റ്റിൽ സർവ സജ്ജീകരണങ്ങളോടെ ആരംഭിച്ച റീസർവേ, കേവലം ഒന്നര വർഷക്കാലം പിന്നിടുമ്പോൾ, 51.43 ലക്ഷം ലാൻഡ് പാഴ്സലുകളും 7.34 ലക്ഷം ഹെക്ടർ ഭൂമിയും അളന്ന് തിട്ടപ്പെടുത്താനായി. ഡിജിറ്റൽ റീസർവേയുടെ മൂന്നാം ഘട്ടമാണ് ഇപ്പോൾ പുരോഗമിക്കുന്നത്. 639 വില്ലേജുകളിൽ ആരംഭിച്ച നടപടികൾ 312 വില്ലേജുകളിൽ പൂർത്തീകരിച്ചു. മറ്റിടങ്ങളിൽ പുരോഗമിക്കുകയാണ്.
ലോക രാജ്യങ്ങളോടൊപ്പം നടക്കാവുന്ന നിലയിലേക്ക് കേരളത്തിന്റെ ഭൂമി പരിപാലനവുമായി ബന്ധപ്പെട്ട കാര്യങ്ങളിലെ വലിയ മാറ്റം വരുത്തലാണിത്. ഇക്കാര്യങ്ങളിൽ കേരളത്തെ പഠിക്കാൻ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള സർവേ ഉദ്യോഗസ്ഥരുടെ സംഘങ്ങൾ എത്തിചേർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ലോകത്തെ മുഴുവൻ ഈ നേട്ടങ്ങളെ പരിചയപ്പെടുത്താൻ 'സ്മാർട്ട് ലാൻഡ് ഗവേണൻസ്' ആധാരമാക്കി റവന്യു, സർവേ, ഭൂരേഖാ വകുപ്പുകളുടെ നേതൃത്വത്തിൽ 'ഭൂമി'- ദേശീയ കോൺക്ലേവ് സംഘടിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്.
23 സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഇതിനകം രജിസ്ട്രേഷൻ ഉറപ്പിച്ചു. ഇന്ന് വൈകിട്ട് നാലിന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ കോൺക്ലേവ് ഉദ്ഘാടനം ചെയ്യും.
സെറ്റിൽമെന്റ് ആക്ട്
കൊണ്ടുവരും
റീസർവേയുടെ ഭാഗമായി വരുന്ന അധിക ഭൂമിയുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കാനും സർക്കാർ ശ്രമിക്കുകയാണ്. 1932ൽ തിരു-കൊച്ചിയിലാണ് അവസാനത്തെ സെറ്റിൽമെന്റ് ഉണ്ടായത്. ഐക്യകേരളം രൂപീകരിക്കപ്പെട്ടതിനുശേഷം ഇതുവരെ ഒരു സെറ്റിൽമെന്റ് ആക്ട് കേരളത്തിൽ രൂപീകരിച്ചിട്ടില്ല. ഈ സർക്കാരിന്റെ കാലത്തുതന്നെ അധികഭൂമി ക്രമീകരിക്കൽ ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ സെറ്റിൽമെന്റ് ആക്ട് കൊണ്ടുവരും.
ഡിജിറ്റൽ റീസർവെ ദേശീയ കോൺക്ളേവ് ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: റവന്യൂവകുപ്പും സർവെ ഭൂരേഖ വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന ഡിജിറ്റൽ സർവെ ദേശീയ കോൺക്ളേവ് ഇന്ന് വൈകിട്ട് 4ന് നിശാഗന്ധി ആഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായിവിജയൻ ഉദ്ഘാടനം ചെയ്യും.
26നും 27നും കോവളം ഉദയ് സമുദ്ര ഹോട്ടലിൽ കോൺക്ലേവും 28ന് ഡിജിറ്റൽ സർവെ ഫീൽഡ് സന്ദർശനവും നടത്തും. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള റവന്യൂ വകുപ്പ് മന്ത്രിമാരും റവന്യൂ സെറ്റിൽമെന്റ് കമ്മിഷണർമാരും സർവെ ഡയറക്ടർമാരും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുക്കും.
കോൺക്ലേവിൽ രണ്ടു ദിവസങ്ങളിലായി ലാൻഡ് ഗവേണൻസിലെ ഏറ്റവും പുതിയ സാങ്കേതികവിദ്യകളും അനുഭവങ്ങളും കേരളത്തിന്റെ നേട്ടങ്ങളുടെ വെളിച്ചത്തിൽ പങ്കുവയ്ക്കും. അന്തർദ്ദേശീയ, ദേശീയ തലത്തിലെ വിദഗ്ദ്ധർ വിവിധസെഷനുകളിൽ പങ്കെടുക്കും. കേരളത്തിന്റെ എന്റെ ഭൂമി പോർട്ടൽ അടക്കമുള്ള നേട്ടങ്ങളെ ലോകത്തിനു മുൻപിൽ ഉയർത്തിക്കാട്ടുന്നതോടൊപ്പം രണ്ടാം ഭൂപരിഷ്കരണ മുന്നേറ്റത്തിലേക്ക് സംസ്ഥാനത്തെ നയിക്കുന്ന സാങ്കേതിക, ഭരണനേട്ടങ്ങളും ചർച്ച ചെയ്യപ്പെടും. ഉദയ് സമുദ്രയിൽ നടക്കുന്ന ഡിജിറ്റൽ സർവെ എക്സ്പോ ഭൂഭരണ രംഗത്തെ ഏറ്റവും മികച്ച സംവിധാനങ്ങളും സാങ്കേതിക മുന്നേറ്റങ്ങളും പ്രദർശിപ്പിക്കും.
ഡിജിറ്റൽ സർവെ ആരംഭിച്ച 488 വില്ലേജുകളിൽ 7.28 ലക്ഷം ഹെക്ടർ വിസ്തീർണ്ണം ഉൾപ്പടെ 311 വില്ലേജുകളുടെ സർവെ പൂർത്തീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |