തിരുവനന്തപുരം: പിണറായിസത്തിനെതിരെയും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെയും ഒരേ പോലെ പോർമുഖം തുറന്ന് നിലമ്പൂരിൽ 19,760 വോട്ടുകൾ സ്വന്തം പെട്ടിയിൽ വീഴ്ത്തിയെങ്കിലും, അൻവറിന് മുന്നിൽ യു.ഡി.എഫ് വാതിൽ ഉടൻ തുറക്കില്ല. സ്ഥാനാർത്ഥിത്വം ഇല്ലാതാക്കാൻ അൻവർ അങ്ങേയറ്റം പ്രയത്നിച്ച ആര്യാടൻ ഷൗക്കത്ത് ഭേദപ്പെട്ട ഭൂരിപക്ഷത്തിൽ വിജയിച്ചത് തന്നെ കാരണം.
മുസ്ലിംലീഗും കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തലയും അൻവർ ഒപ്പമുണ്ടായിരുന്നെങ്കിൽ ഭൂരിപക്ഷം കൂടിയേനേ എന്നൊക്കെ പഞ്ചാര വാക്ക് പറയുന്നുണ്ടെങ്കിലും തിരഞ്ഞെടുപ്പ് സമയത്ത് അൻവർ ഉണ്ടാക്കിയ മുറിപ്പാട് കോൺഗ്രസിലെ വി.ഡി.സതീശൻ ഉൾപ്പെടെയുള്ളവർ പെട്ടെന്ന് മറക്കില്ല. മുന്നണി ബന്ധം വിച്ഛേദിച്ചെങ്കിലും പ്രാദേശിക സി.പി.എം നേതാക്കളുമായി ഉണ്ടായിരുന്ന വ്യക്തി ബന്ധവും ഭരണവിരുദ്ധ വികാരവും രണ്ട് മുന്നണികളും കൈവിട്ടെന്ന സഹതാപവുമൊക്കെ ചേർന്നതാണ് അൻവറിന്റെ വോട്ട്.
ഒമ്പതു വർഷത്തോളം നിയമസഭയിൽ നിലമ്പൂരിനെ പ്രതിനിധാനം ചെയ്ത അൻവർ മൂക്ക് മുറിച്ച് ശകുനം മുടക്കാൻ നിന്നിട്ടും അധിക്ഷേപങ്ങൾ ഏറെ ചൊരിഞ്ഞിട്ടും ആര്യാടൻ ഷൗക്കത്ത് ജയിച്ചത് വല്ലാത്തൊരു ആത്മവിശ്വാസമാണ് യു.ഡി.എഫിന് നൽകിയിട്ടുള്ളത്. അനുനയിപ്പിക്കാൻ ഏറെ വിയർപ്പൊഴുക്കിയിട്ടും മെരുങ്ങാതെ നിന്ന് അങ്കലാപ്പുണ്ടാക്കിയ അൻവർ, യു.ഡി.എഫിന് മുന്നിൽ ഇപ്പോൾ ഒന്നുമല്ല. അൻവറിന്റെ യു.ഡി.എഫ് പ്രവേശനത്തിൽ മമതക്കുറവ് കാട്ടിയ ചില ഘടകകക്ഷികൾ ഇപ്പോൾ ആഹ്ളാദത്തിലുമാണ്.
തദ്ദേശ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കില്ല
തദ്ദേശ തിരഞ്ഞെടുപ്പിൽ വലിയ സ്വാധീനമൊന്നും ചെലുത്താൻ അൻവറിന്റെ ഒറ്റയാൾ പട്ടാളത്തിന് സാധിക്കില്ലെന്ന് യു.ഡി.എഫിനറിയാം. അടിയും കൊണ്ട് പുളിയും കുടിച്ച എൽ.ഡി.എഫ് അൻവർ പ്രണയത്തിലേക്ക് വീണ്ടും പോകില്ല. ഒരു വർഷത്തിനുള്ളിൽ നടക്കേണ്ട നിയമസഭാ തിരഞ്ഞെടുപ്പിൽ, ഇനി ആര്യാടൻ ഷൗക്കത്തിന് പകരം മറ്റൊരാളെ നിലമ്പൂരിൽ ചിന്തിക്കാൻ യു.ഡി.എഫിന് കഴിയില്ല. അൻവറിനെ കൂടി തോളിലെടുത്തു വച്ചാൽ അത് പിന്നെയും ബാദ്ധ്യതയാവും. അൻവറിന്റെ യു.ഡി.എഫ് പ്രവേശനത്തെക്കുറിച്ചുള്ള ചോദ്യത്തിന് 'നോ കമന്റ്സ്" എന്ന തന്ത്രപരമായ മറുപടി കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷ നേതാവുമെല്ലാം നൽകിയതും അതിനാലാണ്. യു.ഡി.എഫ് പ്രവേശനത്തിന് അൻവർ ഇനിയും ഏറെ മയപ്പെടേണ്ടിവരും.
അൻവറിനോട് നോ പറഞ്ഞത് ബോധപൂർവം: വി.ഡി. സതീശൻ
പി.വി.അൻവറിന് മുന്നിൽ യു.ഡി.എഫ് വാതിലടച്ചത് കൂട്ടായ തീരുമാനമാണെന്നും ആ വാതിൽ തുറക്കേണ്ടതായ സാഹചര്യം നിലവിലില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഇനി റിവ്യൂ കമ്മിറ്റിയാണ് തീരുമാനം എടുക്കേണ്ടത്. വിലപേശൽ രാഷ്ട്രീയത്തിന് വഴങ്ങില്ല. ആരുടെ മുന്നിലും കീഴടങ്ങാനും സാധിക്കില്ല. അൻവറിനോട് നോ പറഞ്ഞത് ബോധപൂർവം എടുത്ത തീരുമാനമാണെന്നും ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
യു.ഡി.എഫ് പഴയപോലെയല്ല. ഘടകകക്ഷികളുമായി ഹൃദയബന്ധമുണ്ട്. ഒരു തീരുമാനവും ഒറ്റയ്ക്ക് എടുക്കില്ല. നിലമ്പൂരിൽ ഇടതുപക്ഷത്തിന് വോട്ട് കുത്തനെ കുറഞ്ഞത് ഭരണ വിരുദ്ധ വികാരത്തിന്റെ വ്യക്തമായ തെളിവാണ്. ടീം യു.ഡി.എഫാണ് നിലമ്പൂർ വിജയത്തിന് പിന്നിൽ. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് യു.ഡി.എഫ് വിപുലീകരിക്കും. പി.വി. അൻവറിനെ മുന്നണിയിലെടുക്കേണ്ട സാഹചര്യം നിലവിലില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |