തിരുവനന്തപുരം: ബി.ജെ.പിയും കോൺഗ്രസും ഒരേ സാമ്പത്തിക നയം പിന്തുടരുമ്പോൾ കേരളം നടപ്പിലാക്കുന്നത് പൊതുമേഖലയ്ക്ക് പ്രാധാന്യം നൽകുന്ന ബദൽ നയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രം തുടരുന്നത് തൊഴിലാളി വിരുദ്ധ നടപടികളാണ്. കേരളം രാജ്യത്തിന്റെ അതേ നയമല്ല നടപ്പിലാക്കികൊണ്ടിരിക്കുന്നത്. ഏതെങ്കിലും തരത്തിൽ തൊഴിൽ നഷ്ടമാകുമെന്ന ആശങ്ക ആർക്കും വേണ്ട. കേരള സ്റ്റേറ്റ് ഹെഡ്‌ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
രാജ്യം ആഗോളവത്കരണത്തിന്റെ തിരിച്ചടികൾ നേരിടുകയാണ്. ദരിദ്രർ കൂടുതൽ ദരിദ്രരായി മാറുമ്പോൾ ഒരു ചെറിയ വിഭാഗം തടിച്ചു കൊഴുക്കുന്നു. ഇത് തുടങ്ങിവച്ചത് ബി.ജെ.പിയോ മോദിയോ അല്ല. കോൺഗ്രസാണ്. ബി.ജെ.പി അന്നേ അനുകൂലമായിരുന്നു. അധികാരത്തിലെത്തിയപ്പോൾ കോൺഗ്രസ് നടപ്പിലാക്കിയതിനേക്കാൾ വീറോടെ ബി.ജെ.പി ആഗോളവത്കരണ നയങ്ങൾ നടപ്പാക്കുന്നു.
പുത്തരിക്കണ്ടം മൈതാനിയിൽ നടന്ന സമ്മേളനത്തിൽ എൽ.ഡി.എഫ് കൺവീനർ ടി.പി.രാമകൃഷ്ണൻ അദ്ധ്യക്ഷനായി. മന്ത്രി വി.ശിവൻകുട്ടി, സി.പി.എം ജില്ലാ സെക്രട്ടറി വി.ജോയി, വി.കെ.പ്രശാന്ത് എം.എൽ.എ, സി.ജയൻബാബു, പി.കെ.ശശി, കെ.എസ്.സുനിൽകുമാർ, സി.കെ.ഹരികൃഷ്ണൻ, എസ്. പുഷ്പലത, ആർ.രാമു തുടങ്ങിയവർ സംസാരിച്ചു.
'രാജ്യം അപമാനിക്കപ്പെടുന്നു'
അമേരിക്കൻ സാമ്രാജ്യത്വത്തിന് നേരും നെറിയുമില്ലെന്ന് മുഖ്യമന്ത്രി. ഇസ്രയേലും യു.എസും ചേർന്ന് ഇറാനെതിരെ നടത്തിയത് ഏകപക്ഷീയമായ ആക്രമണമാണ്. അമേരിക്കയുടെ പിന്തുണയുള്ളതുകൊണ്ട് ന്യായം നോക്കേണ്ടതില്ലെന്നാണ് ഇസ്രയേലിന്റെ നിലപാട്.
ആർ.എസ്.എസും സയോണിസ്റ്റുകളും ഇരട്ടസഹോദരങ്ങളാണ്. ലോകരാഷ്ട്രങ്ങൾക്കൊപ്പം ഇസ്രയേൽ ആക്രമണത്തെ അപലപിക്കാൻ രാജ്യത്തിന് കഴിഞ്ഞില്ല. ഇത് രാജ്യം അപമാനിക്കപ്പെടാൻ ഇടയാക്കുന്നു. പഴയ അംഗീകാരം ഇന്ന് ലോകരാഷ്ട്രങ്ങൾക്കിടയിൽ ഇന്ത്യക്കില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |