ന്യൂഡൽഹി: പൗരാവകാശങ്ങൾക്ക് വിലങ്ങിട്ട് ജനാധിപത്യത്തിന്റെ കറുത്ത ഏടായി മാറിയ അടിയന്തരാവസ്ഥയ്‌ക്ക് ഇന്ന് 50 വയസ്. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കെ പ്രഖ്യാപിച്ച അടിയന്തരാവസ്ഥ ജനാധിപത്യ ധ്വംസനമെന്ന് ചൂണ്ടിക്കാട്ടി ഒരുവർഷം നീളുന്ന പ്രചാരണ പരിപാടികൾക്ക് കേന്ദ്രസർക്കാർ ഇന്ന് തുടക്കമിടും. സാംസ്‌കാരിക മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് പരിപാടികൾ.
1975 ജൂൺ 25നാണ് ചില രാഷ്‌ട്രീയ ലക്ഷ്യങ്ങൾക്കായി ഭരണഘടനയുടെ 352-ാം വകുപ്പ് ദുരുപയോഗപ്പെടുത്തി ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. മാദ്ധ്യമങ്ങൾക്ക് കർശന സെൻസർഷിപ്പ് ഏർപ്പെടുത്തിയും പ്രതിപക്ഷ നേതാക്കളെ കൂട്ടത്തോടെ ജയിലിലടച്ചുമുള്ള ജനാധിപത്യ ധ്വംസനം 21 മാസം നീണ്ടു.
ഇന്ന് ഡൽഹിയിൽ 'ജനാധിപത്യത്തിന്റെ ആത്മാവിനെ' പ്രതിനിധീകരിക്കുന്ന ദീപശിഖായാത്ര ഫ്ളാഗ് ഒഫ് ചെയ്യും. ഒരുവർഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പര്യടനം നടത്തി 2026 മാർച്ച് 21ന് ഡൽഹിയിൽ സമാപിക്കും. പ്രചാരണ പരിപാടികളിൽ ഷോർട്ട് ഫിലിം പ്രദർശനം, ബഹുജന സമ്പർക്കം, ദേശസ്നേഹ ഗാനങ്ങൾ, തെരുവു നാടകങ്ങൾ എന്നിവയുണ്ടാകും. അടിയന്തരാവസ്ഥ നേരിട്ട് ബാധിച്ച വ്യക്തികളെ ആദരിക്കും. എല്ലാവർഷവും ജൂൺ 25 ഭരണഘടനാഹത്യാ ദിനമായി ആചരിക്കാൻ കഴിഞ്ഞവർഷം കേന്ദ്രം തീരുമാനിച്ചിരുന്നു.
ബി.ജെ.പി, സി.പി.എം പരിപാടികൾ
ബി.ജെ.പിയുടെ നേതൃത്വത്തിൽ ജില്ല, ബൂത്ത് തലങ്ങളിൽ ഇന്ന് 'സംവിധാൻ ഹത്യ' ദിനമായി ആചരിക്കും. ബി.ജെ.പി ആസ്ഥാനത്ത് അദ്ധ്യക്ഷൻ ജെ.പി.നദ്ദ പ്രവർത്തകരെ അഭിസംബോധന ചെയ്യും.
സി.പി.എം ഇന്ന് അടിയന്തരാവസ്ഥാ വിരുദ്ധദിനമായി ആചരിക്കും. ജില്ലാടിസ്ഥാനത്തിൽ പരിപാടികൾ നടത്തും. എ.കെ.ജി പഠനഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ സെമിനാറും അടിയന്തരാവസ്ഥയുടെ അനുഭവങ്ങളിലൂടെ കടന്നുപോയവരുടെ ഒത്തുചേരലും സംഘടിപ്പിക്കും. ജനറൽ സെക്രട്ടറി എം.എ.ബേബി ഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |