തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ എസ്.എഫ്.ഐ പ്രവർത്തകർ മർദ്ദിച്ചെന്ന് പൊലീസിൽ പരാതി നൽകിയ വിദ്യാർത്ഥിക്കെതിരേ കേസ്. മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിയും കാരയ്ക്കാമണ്ഡപം സ്വദേശിയുമായ അഫ്സലിനെതിരേയാണ് കന്റോൺമെന്റ് പൊലീസ് കേസെടുത്തത്. കോട്ടയം സ്വദേശിയും ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയുമായ അഭിമന്യുവിന്റെ പരാതിയിലാണ് നടപടി.
കോളേജിനുള്ളിൽ അമിത വേഗതയിൽ ബൈക്ക് ഓടിച്ചത് ചോദ്യം ചെയ്തതിന്റെ പേരിൽ അഫ്സൽ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് അഭിമന്യുവിന്റെ പരാതി. എന്നാൽ, എസ്.എഫ്.ഐ പ്രവർത്തകർ തന്നെ മർദ്ദിച്ചെന്നു കാണിച്ച് അഫ്സൽ പരാതി നൽകുകയും മൂന്ന് നേതാക്കൾക്കും കണ്ടാലറിയാവുന്ന മൂന്നുപേർക്കുമെതിരെ കേസുമെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് അഭിമന്യുവിന്റെ പരാതി. മാസങ്ങൾക്ക് മുമ്പ് ഭിന്നശേഷിക്കാരനായ മുഹമ്മദ് അനസിനെ യൂണിയൻ ഓഫീസിൽ ബന്ദിയാക്കി എസ്.എഫ്.ഐക്കാർ ക്രൂരമായി മർദ്ദിച്ച കേസിലെ സാക്ഷിയാണ് അഫ്സൽ. സാക്ഷി പറഞ്ഞതിന്റെ പേരിലാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നോടെ തന്നെ കോളേജിൽവച്ച് മർദ്ദിച്ചതെന്ന് അഫ്സൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |