തൃശൂർ: പതിറ്റാണ്ടുകൾക്ക് മുൻപുളള സ്വപ്ന പദ്ധതിയായ പടിഞ്ഞാറേകോട്ട ജംഗ്ഷൻ വികസനം ഇപ്പോഴും വട്ടം കറങ്ങുന്നു. റോഡുകൾ തകർന്ന നിലയിലാണ്. പൂങ്കുന്നം മുതൽ പുഴയ്ക്കൽ വരെ റോഡ് പണി നടക്കുന്നതിനാൽ വടക്കൻ ജില്ലകളിലേക്കുള്ള എല്ലാ വാഹനങ്ങളും പടിഞ്ഞാറേകോട്ടയിൽ നിന്ന് അയ്യന്തോൾ വഴിയാണ് പോകുന്നത്. ഇതോടെ പടിഞ്ഞാറേകോട്ട ജംഗ്ഷൻ കൂടുതൽ തകർന്നു. കാൽവരി റോഡിന്റെ വലതുഭാഗത്ത് 200 മീറ്ററോളം ദൂരത്തിൽ കാന പോലുമില്ല. മഴയിൽ ഈ റോഡിലൂടെ വെള്ളം നിറഞ്ഞൊഴുകിയെത്തുന്നത് കാൽവരി റോഡിലെ താഴ്ന്ന പ്രദേശങ്ങളിലുള്ള വീടുകളിലേക്കാണ്. ചെറിയ വഴികളെല്ലാം വെള്ളത്തിൽ മുങ്ങും.
അപകടങ്ങളും തുടർക്കഥ
കാൽവരി റോഡിൽ ക്രിസ്ത്യൻപള്ളിയും ഓഡിറ്റോറിയവും അടക്കമുണ്ട്. കാനയില്ലാത്തതിനാൽ ഇവിടെ വെളളം കെട്ടിനിൽക്കും. ബൈക്കുകൾ ഇവിടെ തെന്നിവീഴുന്നതും മറ്റു വാഹനങ്ങളിൽ ഇടിക്കുന്നതും പതിവാണ്. ഒരു വശത്ത് കാന പണിതിട്ടുണ്ടെങ്കിലും ഇതും അപൂർണമാണ്. കാനനിർമ്മാണം പൂർത്തിയാക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് ജനപ്രതിനിധികൾക്കും മറുപടിയില്ല.
മുൻപ് ഗതാഗത പരിഷ്‌കാരത്തെ തുടർന്ന് പൂത്തോൾ ഭാഗത്ത് നിന്ന് വരുന്ന ബസ് അടക്കമുള്ള വാഹനങ്ങൾ കാൽവരി റോഡ് വഴി അയ്യന്തോളിലേക്ക് കടക്കുകയായിരുന്നു. മുൻപ് കാൽവരി റോഡിലെ വൺവേ പരിഷ്‌കാരം ഗതാഗതക്കുരുക്കിന് കാരണമാക്കിയിരുന്നു. രാവിലെയും വൈകിട്ടും ശങ്കരയ്യ റോഡിലും പടിഞ്ഞാറേകോട്ടയിലും ഗതാഗതക്കുരുക്ക് കൂടുകയാണ്.
കുരുക്കൊഴിയാത്ത ജംഗ്ഷൻ
2016ൽ പടിഞ്ഞാറേകോട്ട മേല്പാലത്തിന് മന്ത്രിസഭാ യാേഗം അനുമതി നൽകിയതാണ്. നഗരത്തിന്റെ സ്വപ്നപദ്ധതിയായ പടിഞ്ഞാറേകോട്ട ജംഗ്ഷൻ മേൽപ്പാലത്തിന് രൂപരേഖയായിരുന്നു. എല്ലാ മഴക്കാലത്തും റോഡ് തകർന്ന നിലയിലാകും. അയ്യന്തോളിലേക്കുള്ള മോഡൽ റോഡിൽ പൈപ്പ് പൊട്ടി വലിയ കുഴി കഴിഞ്ഞ ദിവസം രൂപപ്പെട്ടിരുന്നു. തകർന്ന ഭാഗത്ത് മണ്ണിട്ടെങ്കിലും പൊട്ടിയ പൈപ്പിൽനിന്ന് വെള്ളം റോഡിൽ ഒഴുകുകയായിരുന്നു. പ്ലാസ്റ്റിക് ബാരിക്കേഡ്, റിബൺ എന്നിവ സ്ഥാപിച്ച് അടച്ചുകെട്ടിയതിനാൽ വാഹനത്തിരക്കേറിയ സമയങ്ങളിൽ ഇവിടെ ഗതാഗതക്കുരുക്കുമുണ്ടാകാറുണ്ട്.
കാൽവരി റോഡിലെ കാന നിർമ്മാണം ഈ വർഷത്തെ പദ്ധതിയിലുണ്ട്. ഉടൻ കാന നിർമ്മാണം തുടങ്ങാൻ കഴിയുമെന്നാണ് പ്രതീക്ഷ.
-അനൂപ് ഡേവിസ് കാട,
കൗൺസിലർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |