അകാലനര മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന നിരവധി പേരുണ്ട്. കൂടുതൽ പേരും മാർക്കറ്റിൽ കിട്ടുന്ന ഹെയർ ഡൈയെയാണ് ആശ്രയിക്കുന്നത്. എന്നാൽ കുറച്ചൊന്ന് മെനക്കെടാൻ തയ്യാറാണെങ്കിൽ കെമിക്കലുകളൊന്നും ചേർക്കാത്ത കിടിലൻ ഹെയർ ഡൈ വീട്ടിൽത്തന്നെ തയ്യാറാക്കാം.
ആവശ്യമായ സാധനങ്ങൾ
കടുക്
കറിവേപ്പില
വെളിച്ചെണ്ണ
തയ്യാറാക്കുന്ന വിധം
ഇരുമ്പിന്റെ ചീനച്ചട്ടിയിൽ ആറ് ടീസ്പൂൺ കടുക് ഇട്ടുകൊടുക്കുക (മുടിയുടെ നീളവും നരയുടെ വ്യാപ്തിയുമൊക്കെ അനുസരിച്ച് അളവിൽ ഏറ്റക്കുറച്ചിലുകൾ ആകാം). ചെറുതീയിൽ നന്നായി വറുത്തെടുക്കുക. ഈ സമയത്ത് ഇളക്കിക്കൊടുക്കാൻ മറക്കരുത്. കറുപ്പ് നിറമായതിന് ശേഷം അടുപ്പിൽ നിന്ന് മാറ്റാം.
ശേഷം കറിവേപ്പില ചീനച്ചട്ടിയിൽ ഇട്ട് ചെറുതീയിൽ വറുത്തെടുക്കുക. കൈയിൽ പിടിക്കുന്ന സമയത്ത് പൊടിഞ്ഞുവരുന്ന സ്ഥിതിയിലാകുന്നതുവരെ ഇങ്ങനെ ചെയ്യണം. ശേഷം അടുപ്പിൽ നിന്ന് മാറ്റാം.
ചൂടാറിയ ശേഷം വറുത്തുവച്ചിരിക്കുന്ന കടുകും കറിവേപ്പിലയും നന്നായി പൊടിച്ചെടുക്കുക. നല്ലപോലെ അരിച്ചെടുക്കുക. രണ്ടോ മൂന്നോ സ്പൂണെടുത്ത് ഒരു പാത്രത്തിലിടുക (ബാക്കി വായു ഒട്ടും കടക്കാത്ത കുപ്പിയിൽ ഇട്ട് അടച്ച് സൂക്ഷിക്കാം. ആവശ്യത്തിന് ഉപയോഗിക്കുക).
ഇനി പൊടിയിലേക്ക് അൽപം വെളിച്ചെണ്ണ ചേർത്ത് പേസ്റ്റ് രൂപത്തിലാക്കുക (വെളിച്ചെണ്ണയ്ക്ക് പകരം തേയില വെള്ളവും ഉപയോഗിക്കാം). എണ്ണമയം ഒട്ടുമില്ലാത്ത മുടിയിലേക്ക് തേച്ചുകൊടുക്കുക. രണ്ട് മണിക്കൂറിന് ശേഷം കഴുകിക്കളയാം.
തുടക്കത്തിൽ ഒന്നിടവിട്ട ദിവസങ്ങളിൽ ഹെയർ ഡൈ ചെയ്യാം. പിന്നീട് ആഴ്ചയിൽ അല്ലെങ്കിൽ മാസത്തിൽ ഒരു തവണ ഉപയോഗിച്ചാൽ മതിയാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |