വാഷിംഗ്ടൺ: പാകിസ്ഥാൻ സൈന്യത്തെ തകർത്തെറിഞ്ഞ ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക്ക് മിസൈൽ നിർമ്മിക്കാനുള്ള പദ്ധതിയുമായി പാകിസ്ഥാൻ. ചൈനയുടെ സഹായത്തോടെ അമേരിക്ക വരെ എത്താൻ കഴിയുന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക്ക് മിസൈൽ പാകിസ്ഥാൻ രഹസ്യമായി നിർമ്മിക്കുന്നുവെന്ന യു.എസ് രഹസ്യാന്വേഷണ റിപ്പോർട്ട് പുറത്തുവന്നു. അമേരിക്കയും ഇന്ത്യയുമായും സംഘർഷ സാദ്ധ്യത മുന്നിൽക്കണ്ടാണ് പാകിസ്ഥാന്റെ നീക്കം. ചൈനയുടെ സഹായത്തോടെ ആയുധങ്ങൾ അതീവ രഹസ്യമായി നിർമ്മിക്കുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഇന്ത്യയെയാണ് ലക്ഷ്യം വയ്ക്കുന്നതെങ്കിലും പാകിസ്ഥാന്റെ നീക്കം തങ്ങൾക്കും വെല്ലുവിളിയാണെന്നാണ് അമേരിക്കയുടെ വിലയിരുത്തൽ. അമേരിക്കയുടെ ആക്രമണം ഉണ്ടായാൽ പ്രതിരോധം തീർക്കാനും ബാലിസ്റ്റിക്ക് മിസൈൽ നിർമ്മാണത്തിലൂടെ പാകിസ്ഥാൻ ലക്ഷ്യമിടുന്നു. ഈ മിസൈലിന്റെ പരീക്ഷണം വിജയിച്ചാൽ പാകിസ്ഥാനെ ആണവായുധ ശേഷിയുള്ള എതിരാളിയായി കണക്കാക്കേണ്ടി വരുമെന്ന് യു,എസ് രഹസ്യാന്വേഷണ റിപ്പോർട്ടിൽ പറയുന്നു. അമേരിക്കയിലേക്കോ അമേരിക്കൻ ഭരണത്തിൻ കീഴിലുള്ള മറ്റ് ഭൂപ്രദേശങ്ങളിലേക്കോ ആണവാക്രമണം നടത്താൻ ശേഷി ആർജിക്കുന്ന രാജ്യങ്ങളെയാണ് ആണവ എതിരാളികളായി യു. എസ് കണക്കാക്കുന്നത്.
പാകിസ്ഥാൻ ദീർഘദൂര ബാലിസ്റ്റിക്ക് മിസൈൽ പദ്ധതിയുമായി മുന്നോട്ടു പോകുന്നതിന് എതിരെ കഴിഞ്ഞ വർഷം യു.എസ് ഉപരോധം ഏർപ്പെടുത്തിയിരുന്നു. എന്നിട്ടും പാകിസ്ഥാൻ പദ്ധതി ഉപേക്ഷിച്ചിട്ടില്ല എന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |