അന്താരാഷ്ട്ര തലത്തിൽ മികവാർന്ന കോമൺ വെൽത്ത് സ്‌കോളർഷിപ് പ്രോഗ്രാമിന് ഒക്ടോബർ 15 വരെ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. യു.കെ ഫോറിൻ കോമൺ വെൽത്ത് & ഡെവലപ്‌മെന്റ് സർവീസാണ് സ്‌കോളർഷിപ് അനുവദിക്കുന്നത്. ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങളിലുള്ളവർക്ക് മുൻഗണന ലഭിക്കും. ഗവേഷണ മേഖല വിലയിരുത്തി നാലു വർഷ ഓണേഴ്‌സ് ബിരുദ പ്രോഗ്രാം, ബിരുദാനന്തര പ്രോഗ്രാം എന്നിവ പൂർത്തിയാക്കുന്ന അവസാന വർഷ വിദ്യാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം.
എൻജിനിയറിംഗ്, ബയോടെക്‌നോളജി, ബയോകെമിക്കൽ എൻജിനിയറിംഗ്, റോബോട്ടിക്‌സ്, കമ്പ്യൂട്ടർ സയൻസ്, എയ്‌റോനോട്ടിക്കൽ/ എയ്‌റോസ്‌പേസ് എൻജിനിയറിംഗ്, ആർക്കിടെക്ച്ചർ, അഗ്രിക്കൾച്ചർ, വെറ്ററിനറി സയൻസ്, ഫോറസ്ട്രി, സയൻസ് വിഷയങ്ങളിൽ സ്‌കോളർഷിപ് പ്രോഗ്രാമിന് അപേക്ഷിക്കാം.
പ്രൊപ്പോസൽ തയ്യാറാക്കുമ്പോൾ
...........................................
2025/ 26 വർഷത്തേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അപേക്ഷകർ 2025 സെപ്റ്റംബറിന് മുമ്പ് ഡോക്ടറൽ ഗവേഷണത്തിന് രജിസ്റ്റർ ചെയ്തവരാകരുത്. യു.കെയിലെ മികച്ച സർവകലാശാലകളിൽ ഗവേഷണം നടത്താം.
ഗവേഷണ സ്ഥാപനങ്ങൾ, തിരഞ്ഞെടുത്ത സർവ്വകലാശാലകൾ, ചാരിറ്റബിൾ ട്രസ്റ്റുകൾ എന്നിവയ്ക്കും വിദ്യാർത്ഥികളെ നോമിനേറ്റ് ചെയ്യാം. പഠനച്ചെലവ്, ട്യൂഷൻ ഫീസ്, കുടുംബ ചെലവുകൾ, ഫീൽഡ് ട്രയൽ ചെലവുകൾ തുടങ്ങി എല്ലാം അടങ്ങുന്നതാണ് സ്‌കോളർഷിപ്. പ്രതിമാസം 1378 മുതൽ 1690 പൗണ്ട് വരെ സ്റ്റൈപൻഡ് ലഭിക്കും. അക്കാഡമിക് മികവ്, ഗവേഷണ പ്രൊപ്പോസലിന്റെ മേന്മ, മാതൃ രാജ്യത്തിനു ലഭിക്കുന്ന നേട്ടം എന്നിവ വിലയിരുത്തിയാണ് സ്‌കോളർഷിപ് അനുവദിക്കുന്നത്. അപേക്ഷിക്കുന്ന ഗവേഷകർ യു.കെയിലെ മികച്ച സർവ്വകലാശാലകളിൽ അഡ്മിഷൻ ഉറപ്പുവരുത്തണം.
ഗവേഷണ പ്രൊപ്പോസൽ തയ്യാറാക്കുമ്പോൾ വ്യക്തമായ ധാരണ വേണം. പ്രായോഗികതയ്ക്കു മുൻതൂക്കം നൽകണം. പ്രസ്തുത മേഖലയിലെ ഗവേഷണ വിടവ് വിലയിരുത്തി പ്രൊപ്പോസൽ തയ്യാറാക്കണം. സ്ഥാപനത്തിന്റെ മികവ്, പ്രവർത്തന മികവ്, സമയക്രമം എന്നിവ വ്യക്തമാക്കിയിരിക്കണം. തലക്കെട്ട്, ആശയം, നടത്തിപ്പ്, മോണിറ്ററിംഗ് & വിശകലനം, ബഡ്ജറ്റ് എന്നിവയിൽ വ്യക്തത വേണം. 400 വാക്കിൽ കുറയാത്ത അബ്‌സ്ട്രാക്റ്റ് (സംഗ്രഹം) വേണം. പ്രൊപ്പോസലിന്റെ പ്രസക്തി, സാദ്ധ്യതകൾ, ഇതിലൂടെ കൈവരിക്കാവുന്ന മാറ്റങ്ങൾ, മനുഷ്യ വിഭവശേഷി, ചെലവ് എന്നിവ വ്യക്തമാക്കണം. www.cscuk.fcdo.gov.uk
ഓർമിക്കാൻ...
1. ഐസർ കൗൺസലിംഗ് രജിസ്ട്രേഷൻ: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് എഡ്യുക്കേഷൻ & റിസർച്ച് (IISER) പ്രവേശനത്തിനുള്ള കൗൺസിലിംഗിന് ജൂലായ് മൂന്നുവരെ രജിസ്റ്റർ ചെയ്യാം. കൗൺസലിംഗ് പൂർണമായി ഓൺലൈനിലാണ്. ഇന്റഗ്രേറ്റഡ് 5 വർഷ ബി.എസ്-എം.എസ് (ഡ്യൂവൽ ഡിഗ്രി), 4 വർഷ ബി.എസ്, 4 വർഷ ബി.ടെക് പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം. ബെർഹാംപുർ, തിരുവനന്തപുരം, ഭോപ്പാൽ, കൊൽക്കത്ത, മൊഹാലി, പുനെ, തിരുപ്പതി കാമ്പസുകളിലാണ് പ്രവേശനം. വെബ്സൈറ്റ്:iiseradmission.in.
2. ജിപാറ്റ് ഫലം: NBEMS നടത്തിയ ഗ്രാജ്വേറ്റ് ഫാർമസി ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഫലം പ്രസിദ്ധീകരിച്ചു. വെബ്സൈറ്റ്: natboard.edu.in.
3. ഐ.എൻ.ഐ സെറ്റ് സീറ്റ് അലോട്ട്മെന്റ് ലിസ്റ്റ്: MD, MS, Mch, DM, MDS കോഴ്സ് പ്രവേനത്തിനുള്ള INI CET 2025 കൗൺസിലിംഗ് ആദ്യ റൗണ്ട് ഫലം ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസ് (എയിംസ്) പ്രസിദ്ധീകരിച്ചു. വെബ്സൈറ്റ്: aiimsexams.ac.in.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |