പതിനെട്ടിന്റെ ചെറുപ്പമാണ് തെന്നിന്ത്യൻ സുന്ദരി തൃഷ കൃഷ്ണന്. എന്നാൽ 42 വയസിന്റെ തിരുമധുരത്തിൽ തൃഷ, തെന്നിന്ത്യയിലെ താരറാണിയായി തുടരുന്ന തിരയാത്ര കാൽനൂറ്റാണ്ട് കടന്നു. സിനിമയിൽ ഇത്രയും നാൾ നായികയായി തുടരുക എന്നത് അപൂർവ്വം പേർക്കു മാത്രം ലഭിക്കുന്ന ഭാഗ്യം.തിളങ്ങുന്ന കണ്ണുകളും ആകാരവും മയക്കുന്ന ചിരിയും പ്രേക്ഷകരുടെ ഉള്ളിൽനിന്ന് ഇറങ്ങി പോവാതെ നിൽക്കുന്നു. അഭിനയം കൊണ്ടും മനം കീഴടക്കി ഒട്ടുമിക്ക സൂപ്പർ താരങ്ങളുടെയും നായികയായി മാറിയ തൃഷ കരിയറിൽ ഏറ്റവും മികച്ച യാത്ര നടത്തുന്ന ആഹ്ളാദത്തിൽ. അജിത്ത് ചിത്രങ്ങളായ വിടാമുയർച്ചി, ഗുഡ് ബാഡ് അഗ്ളി, കമൽഹാസന്റെ തഗ് ലൈഫ്, ടൊവിനോ തോമസ് നായകനായി ഐഡന്റിറ്റി എന്നീ സിനിമകൾ ഈ വർഷം എത്തി. സൂര്യയുടെ കറുപ്പ് , ചിരഞ്ജീവിയുടെ വിശ്വഭംര എന്നീ സിനിമകൾ റിലീസ് കാത്തുനിൽപ്പുണ്ട്. വീണ്ടും കമൽഹാസന്റെ നായികയായി തൃഷ വരാൻ പോകുന്നതാണ് പുതിയ വിശേഷം. മൂന്നു നായികമാരുമായി എത്തുന്ന സിനിമയിൽ തൃഷ വാങ്ങുന്നത് മോഹിപ്പിക്കുന്ന പ്രതിഫലം.
ഇത്ര ദൂരം കരുതിയില്ല
പഠനത്തിന് ശേഷം മോഡലിംഗിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ സിനിമയിൽ ഒന്നു മുഖം കാണിക്കാനേ തൃഷ ആഗ്രഹിച്ചിള്ളൂ. പ്രിയദർശന്റെ ലെസ ലെസ എന്ന ആണ് ആദ്യ സിനിമ. പിന്നാലെ ‘ജോഡി’ . 2002 ൽ പുറത്തിറങ്ങിയ സൂര്യയുടെ ‘മൗനം പേസിയദേ’ നടി എന്ന വിലാസം ചാർത്തി കൊടുത്തു. അവിടെനിന്നാണ് റീൽ ലൈഫ് ശരിക്കും ആരംഭിക്കുന്നത്. വിക്രമിന്റെ ആക്ഷൻ ത്രില്ലർ ചിത്രം സാമി ആണ് കരിയർ ബ്രേക്ക്. ഇതിനു പിന്നാലെ വിജയ് യോടൊപ്പം അഭിനയിച്ച ഗില്ലി എക്കാലത്തെയും വലിയ ഹിറ്റായി മാറി. ഇതോടെ വിജയ്- തൃഷ ഭാഗ്യ ജോഡികൾ പിറന്നു. കരിയറിൽ ഉയർച്ച താഴ്ചകളിലൂടെയാണ് തൃഷ സഞ്ചരിച്ചത്. തൃഷ യുഗം അവസാനിച്ചുവെന്ന് കരുതിയവർ വരെയുണ്ട്. എന്നാൽ ഗംഭീരമായി തിരിച്ചുവരാൻ തൃഷയ്ക്ക് മാത്രമേ സാധിച്ചുള്ളൂ. ഗൗതം വാസുദേവ് മേനോന്റെ വിണെെത്താണ്ടി വരുവായ് സമ്മാനിച്ചത് മറ്റൊരു ജീവിതം ആണ്. ജെസി എന്നമലയാളി ക്രിസ്ത്യൻ പെൺകുട്ടിയോട് ആർക്കാണ് പ്രണയം തോന്നാത്തത്. വിണെെത്താണ്ടി വരുവായ് യുടെ മുൻപും പിൻപും ആയി മാറുന്നുണ്ട് തൃഷയുടെ കരിയർ. അധികം വൈകാതെ 96 സിനിമയിൽ വിജയ് സേതുപതിയുടെ മാത്രമല്ല പ്രേക്ഷകരുടെയും ജാനകിയായി വന്നിറങ്ങി. ജാനകി മടങ്ങിപോകുമ്പോൾ ഒപ്പം പോയവരുണ്ട്. മണിരത്നത്തിന്റെ പൊന്നിയിൻ സെൽവനിൽ ചോളകാലത്തുനിന്ന് ഇറങ്ങി വന്ന രാഞ്ജിയായി മാറുന്നത് കണ്ടു. സുന്ദരമായ ആ ക്യാമറ ഫ്രെയിമിൽ കാർത്തിയേയും തൃഷയേയും എത്ര കണ്ടാലും മതി വരില്ല.
വിവാഹം മറന്നതല്ല
ലുക്കിൽ എപ്പോഴും ഒരു തൃഷ സ്റ്റൈിലുണ്ട് . ദാവണിയായാലും സാരിയായിലും മോഡേൽ വേഷമായാലും തൃഷയുടെ ലുക്ക് ആരെയും മയക്കും. വിജയ് യോടൊപ്പം ‘ഗോട്ടി’ലെ ഡാൻസ് സീനിൽ ധരിച്ച മഞ്ഞ സാരിയും, തഗ് ലെെഫിലെ ഷുഗർബേബി പാട്ടിലെ വെള്ള സാരിയും ഏറെ ശ്രദ്ധ നേടി .
സാരി വേഷത്തിൽ തൃഷയ്ക്ക് അഴകു കൂടും എന്ന് വിശ്വസിക്കുന്നുവരാണ് തമിഴ് മക്കൾ. ആരോഗ്യത്തിലും ചർമ്മ സംരക്ഷണത്തിലും പാലിക്കുന്ന കൃത്യനിഷ്ഠയാണ് തൃഷയെ ഇത്രയധികം സുന്ദരിയാക്കുന്നത്. ഫാസ്റ്റ് ഫുഡുകൾ പരമാവധി ഒഴിവാക്കുകയും പോഷക സമൃദ്ധമായ ഭക്ഷണശെലി പിന്തുടരുകയും ചെയ്യുന്നു . ശരീരത്തിന് ആവശ്യമായ വെള്ളവും ഉറക്കവും നൽകുന്നതിൽ വിട്ടുവീഴ്ചയില്ല. ഒപ്പം വ്യായാമവും. മേക്കപ്പിൽ എപ്പോഴും മിതത്വം സൂക്ഷിക്കുന്നു .പെരുമാറ്റത്തിൽ പുലർത്തുന്ന എളിമ കൂടെ തന്നെയുണ്ട് . നാൻ ഒരു മലയാളി പൊണ്ണ് താൻ എന്ന് കേരളത്തിൽവരുമ്പോൾ തൃഷ പറയാറുണ്ട്. അമ്മ ഉമയുടെ നാട് മൂവാറ്റുപുഴയാണെന്ന് അഭിമാനത്തോടെ പറയുന്നു. പന്ത്രണ്ടു വർഷത്തോളം കൂടെഉണ്ടായിരുന്നു വളർത്തുനായ സോറോ നഷ്ടപ്പെട്ടപ്പോൾ കുറച്ചുകാലത്തേക്ക് സിനിമയിൽ നിന്ന് പോലും തൃഷ ഇടവേള എടുത്തു. നിലപാടിലും വർത്തമാനത്തിലും പെരുമാറ്റത്തിലും വ്യത്യസ്തയാണ് തൃഷ. സിനിമാതിരക്കുകൾക്കിടയിൽ വിവാഹം കഴിക്കാൻ മറന്നുപോയതാണോ എന്ന ആരാധകരുടെ ചോദ്യത്തിന് വ്യക്തമായ മറുപടി നൽകുന്നു പലപ്പോഴും തൃഷ. പേരിനുവേണ്ടി വിവാഹം കഴിക്കാൻ താത്പര്യമില്ല. അതിനുശഷം വിവാഹമോചനം നേടാനും ആഗ്രഹിക്കുന്നില്ലെന്നാണ് തൃഷയുടെ മറുടി .
ഒരിക്കൽ വിവാഹ നിശ്ചയം വരെ കഴിഞ്ഞതുമാണ്. ഇതിന്റെ കാരണം തൃഷ വെളിപ്പെടുത്തിയിട്ടില്ല. ചിലപ്പോൾ ജീവിതകാലം മുഴുവൻ അവിവാഹിതായി തുടർന്നേക്കും.വിജയ്, ചിമ്പു എന്നിവരുമായി ചേർത്ത് ഗോസിപ്പുകൾ ഉയർന്നിട്ടുണ്ട്. എന്നാൽ തന്നെ മനസിലാക്കുന്ന ഒരാൾക്കുവേണ്ടി കാത്തിരിക്കുകയാണ് തൃഷ. ഇങ്ങനെ പറഞ്ഞത് മാറ്റാരുമല്ല തൃഷ കൃഷ്ണൻ തന്നെ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |