ജനാധിപത്യത്തെ താങ്ങിനിറുത്തുന്നത് നാലു തട്ടുകളല്ല, ഒരേ ഉയരമുള്ള നാല് തൂണുകളാണ്. നിയമനിർമ്മാണ സഭയും, ഉദ്യോഗസ്ഥവൃന്ദവും, നീതിനിർവഹണ സംവിധാനവും, മാദ്ധ്യമങ്ങളും എന്ന ഈ നാലു തൂണുകളിൽ ഏതെങ്കിലുമൊന്നിന് ഉയരക്കുറവോ കൂടുതലോ സംഭവിച്ചാൽ ജനാധിപത്യം 'ചരിയു"മെന്നത് സ്വഭാവികം. ഇവയിൽ പ്രാധാന്യം സംബന്ധിച്ച മൂപ്പിളമത്തർക്കം ഏറ്റവും രൂക്ഷമായിരിക്കുന്നത് ലെജിസ്ളേച്ചറും ജുഡിഷ്യറിയും തമ്മിലാണ്. രാജ്യത്ത് നിയമങ്ങൾ നിർമ്മിക്കുന്നവർക്കാണോ, നീതിനിർവഹണം ഉറപ്പാക്കുന്ന കോടതികൾക്കാണോ കൂടുതൽ പ്രാമുഖ്യം? ആര് ആർക്കു മീതെയെന്ന ഈ തർക്കം ഇരുപക്ഷത്തു നിന്നും ഇടയ്ക്കിടെ ഉയർന്നുകേൾക്കാറുമുണ്ട്. ഇന്ത്യയിൽ ഭരണഘടനയാണ് പരമോന്നതമെന്ന് കഴിഞ്ഞ ദിവസം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് പറഞ്ഞത്, പാർലമെന്റാണ് രാജ്യത്ത് പരമോന്നതം എന്ന് നേരത്തേ ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകർ പറഞ്ഞതിന് മറുപടിയായാണ്.
പാർലമെന്റിന്റെ ഇരുസഭകളിലും ഭൂരിപക്ഷ പിന്തുണ ലഭിച്ചാൽ ഭരണഘടന പോലും ഭേദഗതി ചെയ്യുവാൻ പാർലമെന്റിന് അധികാരമുണ്ടെന്നതുകൊണ്ടാണ് ഉപരാഷ്ട്രപതി അതിനെ 'പരമോന്നത പദ"ത്തിൽ പ്രതിഷ്ഠിച്ച് പ്രസ്താവന നടത്തിയത്. സാങ്കേതികമായി ഒരു തെറ്റുമില്ല. പക്ഷേ, ഭരണഘടനയുടെ ആർട്ടിക്കിൾ 368 അനുസരിച്ച്, അതിൽ ഭേദഗതിക്ക് പാർലമെന്റിന് അധികാരമുണ്ടെങ്കിലും, അടിസ്ഥാനഘടനയിലോ അടിസ്ഥാന സ്വഭാവങ്ങളിലോ വ്യതിയാനം സംഭവിക്കാതെയുള്ള മാറ്റങ്ങൾക്കേ അനുമതിയുള്ളൂ എന്ന് അതേ വാക്യത്തിൽത്തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അപ്പോൾ പരമാധികാരം ആർക്ക്? ഇതൊരു തർക്കമാണ്. 1978-ലെ 'കേശവാനന്ദഭാരതി V/s സ്റ്റേറ്റ് ഒഫ് കേരള" എന്ന കേസിലാണ്, ഭരണഘടനയുടെ അടിസ്ഥാന സ്വഭാവത്തിന് ഭംഗംവരാതെയുള്ള മാറ്റങ്ങൾക്കേ പാർലമെന്റിന് അധികാരമുള്ളൂ എന്ന സുപ്രീം കോടതിയുടെ സുപ്രധാന വിധിയുണ്ടായത്. അന്നു മുതൽ, ഭരണഘടനാപരമായ കേസുകളിൽ മൂലക്കല്ലായി വർത്തിക്കുന്നത് ഈ ചരിത്രവിധിയാണ്.
ഭരണഘടനയുടെ അടിസ്ഥാനഘടകങ്ങളോ സ്വഭാവമോ ഏതെല്ലാമെന്ന് പ്രത്യേകം നിർവചിച്ചിട്ടില്ലെങ്കിലും, രാജ്യത്തിന്റെ പരമാധികാരം, അധികാര വികേന്ദ്രീകരണം, ജുഡിഷ്യൽ അവലോകനം, ഫെഡറലിസം, മതേതരത്വം, ജുഡിഷ്യറിയുടെ സ്വതന്ത്ര സ്വഭാവം, പാർലമെന്ററി ജനാധിപത്യം, പൗരസ്വാതന്ത്ര്യം തുടങ്ങിയവയൊക്കെയാണ് അത്. ഇവയിലൊന്നും ഭേദഗതിയിലൂടെ വെള്ളംചേർക്കാൻ പാർലമെന്റിന് അധികാരമില്ല. കേശവാനന്ദഭാരതി കേസിൽ, സാമൂഹ്യനീതി എന്ന ഭരണഘടനാ അവകാശം ഉയർത്തിപ്പിടിച്ചായിരുന്നു സംസ്ഥാന സർക്കാരിന്റെ വാദം. അതു ലംഘിക്കുന്ന ഭേദഗതികൾ വരുത്തിക്കൂടാ. ജനപ്രതിനിധി സഭകൾ പാസാക്കുന്ന നിയമങ്ങളും പുറപ്പെടുവിക്കുന്ന എക്സിക്യുട്ടീവ് ഉത്തരവുകളും എല്ലായ്പ്പോഴും ഭരണഘടനാപരമായ സാധുതകളും അവകാശങ്ങളും പാലിച്ചുകൊണ്ടായിരിക്കണമെന്നില്ല. അത്തരം ഘട്ടങ്ങളിൽ അവ പരിശോധിക്കാനുള്ള അധികാരം കോടതികൾക്കുണ്ട്.
രാജ്യത്തിന്റെ പരമാധികാരത്തിന്റെയും ഓരോ പൗരന്റെയും മൗലികാവകാശങ്ങളുടെയും ആധാരശിലയാണ് ഭരണഘടന. ആ അസ്തിവാരത്തിലാണ് ജനാധിപത്യത്തിന്റെ നാല് തൂണുകളും ഉറപ്പിച്ചിരിക്കുന്നത്. നിയമനിർമ്മാണസഭകൾ പാസാക്കുന്ന ഓരോ നിയമവും, ഭരണം നടപ്പാക്കുന്ന ഉദ്യോഗസ്ഥരുടെ ഓരോ നടപടിയും, കോടതികൾ വിധിക്കുന്ന ഓരോ തീർപ്പും, പൗരന്മാരുടെ ശബ്ദം പ്രതിഫലിപ്പിക്കുന്ന ഓരോ മാദ്ധ്യമ ഇടപെടലും രാജ്യത്തിന്റെ ഭരണഘടനയുടെ സത്തയും ലക്ഷ്യവും നിറവേറ്റുന്നുവെന്നും, അതിരുകൾ ലംഘിക്കുന്നില്ലെന്നും ഉറപ്പാക്കേണ്ടതുണ്ട്. പാർലമെന്റിന്റെ ഘടനയും പ്രവർത്തനവും പ്രതിജ്ഞയും ഭരണഘടനയിൽ അധിഷ്ഠിതമായിരിക്കെ പരമാധികാരം അതിനും മീതെ മറ്രൊന്നിനാകുന്നത് എങ്ങനെ? ഇതിനെല്ലാം അപ്പുറം, ജനങ്ങൾ എന്തു പറയുന്നു എന്നതുനോക്കിയല്ല ജഡ്ജിമാർ തീരുമാനമെടുക്കേണ്ടതെന്നും, അവർ സ്വതന്ത്രമായി ചിന്തിക്കണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞത് രാജ്യത്തെ മുഴുവൻ കോടതികളിലെയും ജഡ്ജിമാർ ആപ്തവാക്യമായി സ്വീകരിക്കേണ്ടതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |