തിരുവനന്തപുരം: ഡിജിറ്റൽ സർവെയുടെ ഭാഗമായി സംസ്ഥാനത്ത് 312 വില്ലേജുകളിലെ 7.43 ലക്ഷം ഹെക്ടർ ഭൂമി അളന്ന് തിട്ടപ്പെടുത്തിയെന്ന് മന്ത്രി കെ.രാജൻ. ഓണത്തിനകം 60 ശതമാനം പൂർത്തിയാകും. അവശേഷിക്കുന്ന വില്ലേജുകളിലെ നാലാം ഘട്ട സർവെ ആഗസ്റ്റ്, സെപ്റ്റംബർ മാസത്തിൽ തുടങ്ങുമെന്നും ഇന്നലെ സമാപിച്ച ദ്വിദിന ഭൂമി കോൺക്ലേവുമായി ബന്ധപ്പെട്ട വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
ഡിജിറ്റൽ സർവെ പൂർത്തിയാകുമ്പോൾ പലരുടേയും കൈവശമിരിക്കുന്ന ഭൂമിയുടെ അളവിൽ വ്യത്യാസമുണ്ടാകും. കൃത്യതയോടെ മെഷീനുകൾ ഉപയോഗിച്ച് സർവെ നടത്തുന്നതിനാലാണിത്. ഇത്തരത്തിലുള്ള ഭൂമി ക്രമപ്പെടുത്തുന്നതിനായി പുതിയ
സെറ്റിൽമെന്റ് നിയമം കൊണ്ടുവരും. കാസർകോട് ജില്ലയിലെ ഉജ്വാർ ഉൾവാർ വില്ലേജിന് പിന്നാലെ കൊല്ലത്തെ മങ്ങാട് വില്ലേജിലും ഡിജിറ്റൽ സർവെ പൂർത്തിയാക്കി രേഖകൾ പ്രസിദ്ധീകരിച്ചു. ഭൂപരിഷ്‌കരണം പോലെ രാജ്യത്തെ മികച്ച മാതൃകയായി ഡിജിറ്റൽ സർവെ മാറും.
സർവേ പൂർത്തിയാക്കിയ വില്ലേജുകളിൽ അളവുമായി ബന്ധപ്പെട്ട പരാതികൾ കുറവാണ്. ഡിജിറ്റൽ സർവേയിൽ ഭൂമി കുറഞ്ഞെന്ന പരാതിയുള്ളവർക്ക് 'എന്റെ ഭൂമി 'പോർട്ടൽ വഴി പരാതി നൽകാൻ നാല് അവസരങ്ങൾ ലഭിക്കും. അതിലും പരിഹരിക്കപ്പെടാത്ത പരാതികൾ ജില്ലാ കളക്ടർമാർക്ക് നൽകാം. അട്ടപ്പാടിയിൽ അനധികൃത ഭൂമി കൈയേറ്റമുണ്ടെന്ന പരാതികൾ പരിശോധിച്ച് കർശന നടപടി സ്വീകരിക്കും. ഓരോ വില്ലേജിലും സർക്കാർ ഭൂമി അളന്നു തിട്ടപ്പെടുത്തിയ ശേഷമാണ് സ്വകാര്യ ഭൂമിയുടെ അളവു തുടങ്ങുന്നത്. എവിടെയും സർക്കാർ ഭൂമി നഷ്ടപ്പെട്ടിട്ടില്ല. പൂർണമായും ഡിജിറ്റലായ സർവെ നടപടി ഇന്ത്യയിൽ ഇതാദ്യമാണ്. ഹിമാചൽ പ്രദേശ് കേരളത്തിന്റെ മാതൃക പിന്തുടരുമെന്ന് അവിടെ നിന്നെത്തിയ റവന്യു മന്ത്രി അറിയിച്ചിട്ടുണ്ട്. 22 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും അടക്കം 123 പ്രതിനിധികൾ ഭൂമി കോൺക്ലേവിൽ പങ്കെടുത്തെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |