കാസർകോട്: പൊലീസ് നടത്തുന്ന രഹസ്യ നീക്കങ്ങൾ വാട്‌സാപ്പ് ഗ്രൂപ്പുകൾ വഴി ലഹരി മാഫിയകൾക്ക് ചോർത്തി നൽകിയ സംഭവത്തിൽ ഏഴ് പേർ അറസ്റ്റിലായി. മൂന്ന് ഗ്രൂപ്പ് അഡ്മിൻമാരടക്കമുളളവരാണ് ഇന്നലെ രാജപുരം പൊലീസിന്റെ പിടിയിലായത്. ഓട്ടോറിക്ഷാ ഡ്രൈവർമാരായ പാണത്തൂർ മയിലാട്ടിയിലെ കെ മനു (29), പെരുതടി സ്വദേശി എസ് ബി രഞ്ജിത്ത് (25), ചെറുപനത്തടി സ്വദേശി കെ എം യാക്കൂബ് (38), പുലിക്കടവ് സ്വദേശി പി ആർ സജു (46), ഗ്രൂപ്പ് അഡ്മിൻമാരായ ബസ് ഡ്രൈവർ പനത്തടിയിലെ വൈശാഖ് (26), ചെറുപനത്തടിയിലെ കെ.ഋഷികേശ് (31), ഓട്ടോറിക്ഷാ ഡ്രൈവർ മാച്ചിപ്പള്ളിയിലെ സുജിത് കുമാർ (26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഇവരുടെ ഫോണുകൾ കൂടുതൽ പരിശോധനയ്ക്കായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നാല് അഡ്മിൻമാർക്കും ഗ്രൂപ്പിൽ ശബ്ദസന്ദേശങ്ങൾ പങ്കുവച്ച 16 പേർക്കും എതിരെയാണ് കേസെടുത്തത്. പൊലീസ് വാഹനങ്ങൾക്ക് പ്രത്യേക കോഡ് നൽകി നീക്കങ്ങൾ ലഹരി, ഓൺലൈൻ ലോട്ടറി മാഫിയയ്ക്കു ചോർത്തി നൽകുകയാണ് ഫാമിലി എന്ന പേരുള്ള വാട്സാപ്പ് ഗ്രൂപ്പിലൂടെ ചെയ്യുന്നത്. ഇന്നലെ അളവിൽ കൂടുതൽ മദ്യം കൈവശം വച്ചയാളെ കോളിച്ചാലിൽ പ്രിൻസിപ്പൽ എസ്ഐ സി.പ്രദീപ് കുമാർ അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ ഫോൺ പരിശോധിച്ചപ്പോഴാണ് ഫാമിലി എന്ന പേരുള്ള വാട്‌സാപ്പ് ഗ്രൂപ്പ് കണ്ടെത്തിയത്.
അതേസമയം, ഇന്നലെ കോട്ടയത്ത് 213 ഗ്രാം മയക്കുമരുന്ന് (നൈട്രോസെപ്പാം) ഗുളികകളുമായി ഫാർമസിസ്റ്റിനെ അറസ്റ്റ് ചെയ്തു. നട്ടാശ്ശേരി മിനു മാത്യുവാണ് പിടിയിലായത്. ഏറ്റുമാനൂരും കോട്ടയത്തും ഫാർമസിസ്റ്റായി ജോലി നോക്കിയിരുന്ന പ്രതി ജോലി ഉപേക്ഷിച്ച് വിദ്യാർത്ഥികൾക്കും യുവാക്കൾക്കും മയക്കുമരുന്ന് വിൽപ്പന നടത്തിവരികയായിരുന്നു. കോട്ടയം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടോണി ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |