വർഷങ്ങളായി മലയാള സിനിമയിലെ നിറസാന്നിദ്ധ്യമാണ് നന്ദലാൽ കൃഷ്ണമൂർത്തി എന്ന നന്ദു. ഏത് വേഷം ലഭിച്ചാലും അത് തന്മയത്വത്തോടെ അഭിനയിക്കുന്ന നന്ദു എന്ന നടന്റെ പ്രത്യേകതയാണ്. പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിലും രണ്ടാം ഭാഗം എമ്പുരാനിലും നന്ദു ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിരുന്നു. ഇപ്പോഴിതാ നന്ദു പഴയകാല സിനിമ ജീവിതങ്ങൾ വെളിപ്പെടുത്തുന്ന ഒരു പരിപാടി സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. അതിൽ ഒരു സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് പോകുമ്പോഴുണ്ടായ പേടിപ്പെടുത്തുന്ന അനുഭവം എല്ലാവരെയും ഞെട്ടിക്കും. ബംഗളൂരുവിലെ ലൊക്കേഷനിലേക്ക് പോകുന്നതിടെ വഴിതെറ്റി കാട്ടുകൊള്ളക്കാരൻ വീരപ്പന്റെ ഗ്രാമത്തിൽ എത്തിയതും അവിടെ നിന്ന് രക്ഷപ്പെട്ട സംഭവത്തെക്കുറിച്ചുമാണ് നന്ദു തുറന്നുപറയുന്നത്.
നന്ദുവിന്റെ വാക്കുകളിലേക്ക്...
'അഹം എന്ന ചിത്രത്തിന്റെ ബാഗ്ലൂർ ഷെഡ്യൂളിലേക്ക് തിരുവനന്തപുരത്ത് നിന്ന് പോകുകയായിരുന്നു. അസിസ്റ്റന്റ് ഡയറക്ടറായിട്ട് ഞാനുണ്ട്. കോന്നിയൂർ ദാസേട്ടനുണ്ട്. നടൻ രാജീവ് രംഗനും ആ ചിത്രത്തിൽ അസിസ്റ്റന്റ് ഡയറക്ടറായി വർക്ക് ചെയ്യുകയാണ്. അങ്ങനെ ഞങ്ങൾ ഒരു നാലഞ്ച് പേർ ഇവിടെ നിന്ന് കാറിൽ യാത്ര തിരിച്ചു. ബാഗ്ലൂർ എത്തുന്നതിന് മുമ്പ് ഒരു സ്ഥലത്ത് പൊലീസ് നിൽക്കുന്നു. അവിടെ ഡീവിയേഷൻ ബോർഡും വച്ചിട്ടുണ്ട്. ചോദിച്ചപ്പോൾ മരം മുറിഞ്ഞുവീണിട്ടുണ്ടെന്ന് വഴിമാറി പോകണമെന്നും പറഞ്ഞു.
വേറൊരു റോഡിൽ കയറി തിരിഞ്ഞുപോയാൽ ഈ ഹൈവേയിലേക്ക് കയറാമെന്ന് പൊലീസുകാരൻ പറഞ്ഞു. ഒരു ലോറി ഞങ്ങളുടെ മുന്നിലൂടെ പോകുന്നുണ്ട്. ആ ലോറിയുടെ പിറകിലൂടെ ഞങ്ങൾ യാത്ര തിരിച്ചു. ഈ ലോറി എവിടയോ നിർത്തിയത് ഞങ്ങൾ സംസാരത്തിനിടെ കണ്ടില്ല. ഞങ്ങൾ ആ ലോറിയെ പാസ് ചെയ്തു പോയി. രാത്രി പതിനൊന്നര മണി എന്തോ ആയിരുന്നു അപ്പോൾ. കുറേ ദൂരം കാട്ടിലേക്ക് പോയിട്ടും തിരിയാനുള്ള വഴിയൊന്നും ഞങ്ങൾ കാണുന്നില്ല. അപ്പോൾ മനസിലായി സംഗതി കൈവിട്ടുപോയെന്ന്.
എതിരെ വരുന്ന ഒരു ലോറിയെ കൈ കാണിച്ച് നിർത്തി വഴിതെറ്റിയെന്ന കാര്യം പറഞ്ഞു. നിങ്ങൾ ഒരുപാട് ദൂരം വന്നെന്നും തിരിച്ചുപോകണമെന്നും ആ ലോറിക്കാരൻ തമിഴിൽ പറഞ്ഞു. ഞങ്ങൾ വളച്ച് ആ ലോറിക്ക് പിറകെ പോയി. അങ്ങനെ ഞങ്ങൾ ശരിയായ വഴിക്ക് പോയി. ഒരു മൂന്ന് മണിയാകുമ്പോഴേക്കും ഞങ്ങൾ ചായ കുടിക്കാൻ ഒരു കടയിൽ കയറി. അതൊരു മലയാളിയുടെ കടയായിരുന്നു. വഴി തെറ്റി കാട്ടിലേക്ക് എത്തിയ കാര്യം അവിടെ പറഞ്ഞപ്പോൾ, നിങ്ങളുടെ സമയം കൊള്ളാം എന്നാണ് അയാൾ ഞങ്ങളോട് പറഞ്ഞത്.
ഞങ്ങൾ ചെന്നുകയറിയത് വീരപ്പന്റെ സ്ഥലത്തേക്കായിരുന്നു. കേരള രജിസ്‌ട്രേഷൻ വണ്ടിയായത് കൊണ്ട് മാത്രം ഞങ്ങൾ രക്ഷപ്പെട്ടു. തമിഴ്നാട്, കർണാടക രജിസ്‌ട്രേഷൻ വണ്ടിയാണെങ്കിൽ നിങ്ങൾക്ക് ഇടിയും തന്ന്, ചിലപ്പോൾ വെടിവച്ച് കൊന്നേനെ എന്നും അയാൾ ഞങ്ങളോട് പറഞ്ഞു. ആ സമയത്ത് കാറിനകത്ത് പൊലീസ് റെയ്‌ഡൊക്കെ നടത്താറുണ്ടായിരുന്നു. കേരളത്തിലെ ആൾക്കാർ ആരും അങ്ങോട്ടൊന്നും പോയിട്ടില്ല. ഞങ്ങൾ വഴിതെറ്റിപ്പോയത് വീരപ്പന്റെ സ്ഥലത്തേക്കാണ്. അത് കേട്ടപ്പോൾ ശരിക്കും പേടിച്ചുപോയി. വീരപ്പന്റെ ഗ്രാമത്തിലേക്കുള്ള വഴിയിലാണ് ഞങ്ങൾ ചെന്നുകേറിക്കൊടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |