SignIn
Kerala Kaumudi Online
Thursday, 10 July 2025 10.08 PM IST

ഇന്ത്യയുടെ 11 വർഷത്തെ കാലാവസ്ഥാ പ്രയാണം

Increase Font Size Decrease Font Size Print Page
climate-changes

മനുഷ്യനിർമ്മിത കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ ലോകമെമ്പാടും അനുഭവപ്പെടുകയാണ്. ഇന്റർ-ഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ചിന്റെ (IPCC) ആറാമത്തെ വിലയിരുത്തൽ റിപ്പോർട്ട്, വ്യാവസായിക വിപ്ലവത്തിന് മുമ്പുള്ള (1850-1900) നിലവാരവുമായി താരതമ്യപ്പെടുത്തുമ്പോൾ 2011-20 ദശകത്തിൽ ഭൂമിയുടെ താപനില 1.1 ഡിഗ്രി സെൽഷ്യസ് വർദ്ധിച്ചതായി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, വികസിത രാജ്യങ്ങൾ ആഗോള കാർബൺ ബജറ്റിന്റെ ആനുപാതികമല്ലാത്ത പങ്ക് കൈവശപ്പെടുത്തുന്നത് തുടരുകയും കാലാവസ്ഥാ നടപടികളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നിർവ്വഹണ ചെലവുകൾ വഹിക്കാൻ വിസമ്മതിക്കുകയും ചെയ്യുകയാണ്.

ഈ ആശങ്കകളെ അതിജീവിച്ച്, "സർവേ ഭവന്തു സുഖിനഃ" - എല്ലാ ജീവജാലങ്ങളും സന്തുഷ്ടരായിരിക്കട്ടെ - എന്ന പൗരാണിക വേദതത്വം സഹസ്രാബ്ദങ്ങളായി മാനവ സംസ്‌കാരത്തെ മുന്നോട്ട് നയിക്കുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെ അസ്തിത്വപരമായ വെല്ലുവിളിയുമായി ലോകം മല്ലിടുമ്പോൾ, കാലാവസ്ഥാ കാര്യനിർവ്വഹണത്തോടുള്ള ഇന്ത്യയുടെ സമീപനങ്ങൾ കാലാതീതമായ വേദജ്ഞാനത്തിലാണ് അനുരണനം കണ്ടെത്തുന്നത്.

ഒരു വശത്ത്, ആഗോള സമൂഹം പലപ്പോഴും കാലാവസ്ഥാ വ്യതിയാനത്തിന്റെ "അപ്രിയ സത്യങ്ങളിൽ"- അതായത് വർദ്ധിച്ചുവരുന്ന താപനില, ക്രമരഹിതമായ കാലാവസ്ഥാ രീതികൾ, വർദ്ധിച്ചുവരുന്ന ദുരന്തങ്ങൾ എന്നിവയിൽ- ശ്രദ്ധ കേന്ദ്രീകരിക്കുന്നു. മറുവശത്ത്, ഇന്ത്യയാകട്ടെ "ഹിതകരമായ പ്രവർത്തനം" എന്ന ദർശനത്തെ പിന്തുണയ്ക്കുന്നു. സാംസ്‌കാരിക ധാർമ്മികതയിൽ വേരൂന്നിയ നമ്മുടെ ഈ സമീപനം, കഴിഞ്ഞ പതിനൊന്ന് വർഷമായി ഇന്ത്യയെ അവബോധമുള്ള ആഗോള കാലാവസ്ഥാ പൗരനെന്ന നിലയിലേക്ക് ഉയർത്തിയിരിക്കുന്നു.

"നമ്മൾ എന്ത് ഭൂമിയിൽ നിന്ന് കുഴിച്ചെടുക്കുന്നുവോ, അത് വേഗത്തിൽ വളരട്ടെ, ഭൂമിയുടെ ജീവശക്തിയെ ഹനിക്കുകയോ ഹൃദയത്തെ മുറിപ്പെടുത്തുകയോ ചെയ്യരുത്" എന്ന അഥർവ്വവേദത്തിലെ ഒരു വാക്യം, ആധുനിക കാലാവസ്ഥാ ശാസ്ത്രം ഉരുത്തിരിയുന്നതിനും ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പുള്ള പുനരുത്പാദന, പ്രകൃതിവിഭവ പരിപാലന തത്വങ്ങളെ ഉദ്‌ഘോഷിക്കുന്നു. കാലാവസ്ഥാ പ്രവർത്തനത്തോടുള്ള നമ്മുടെ സമീപനം ഈ പൗരാണിക ധാരണയെ സമകാലിക നയ ചട്ടക്കൂടുകളിലേക്ക് ഇഴചേർത്തു. പരമ്പരാഗത ജ്ഞാനത്തിന്റെയും ആധുനിക കർമ്മശേഷിയുടെയും സവിശേഷമായ സമന്വയം സൃഷ്ടിച്ചു.

ഈ സമീപനത്തിൽ നിന്ന് പ്രേരണ ഉൾക്കൊണ്ട്, 2014ൽ അധികാരമേറ്റ് ആഴ്ചകൾക്കുള്ളിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി ലളിതവും എന്നാൽ ഗഹനവുമായ ഭരണപരമായ തീരുമാനത്തിലൂടെ തന്റെ കാലാവസ്ഥാ പ്രതിബദ്ധതയും ദീർഘവീക്ഷണവും പ്രകടമാക്കി. വനം, പരിസ്ഥിതി മന്ത്രാലയത്തിനൊപ്പം "കാലാവസ്ഥാ വ്യതിയാനം" കൂട്ടിച്ചേർത്തുകൊണ്ട്, കാലാവസ്ഥാ പ്രവർത്തനത്തെ കേവലം ബാഹ്യ ആശങ്ക എന്നതിൽ നിന്ന് ഭരണപരമായ മുൻഗണന എന്ന നിലയിലേക്ക് അദ്ദേഹം ഉയർത്തി. 2015ൽ കാലാവസ്ഥാ വ്യതിയാനത്തിനായുള്ള നാഷണൽ അഡാപ്റ്റേഷൻ ഫണ്ടിന്റെ സൃഷ്ടി ഈ പ്രതിബദ്ധതയ്ക്ക് ഉദാഹരണമാണ്. ഇതിലൂടെ കാലാവസ്ഥാ പ്രതിരോധത്തിനായി സംസ്ഥാനങ്ങൾക്ക് സമർപ്പിത വിഭവങ്ങൾ ലഭ്യമാക്കി. വിവിധ സംസ്ഥാന സർക്കാരുകൾ സ്വന്തം കാലാവസ്ഥാ വ്യതിയാന വകുപ്പുകൾ സ്ഥാപിച്ചുകൊണ്ട് ഭാവാത്മകമായി പ്രതികരിച്ചു. കാലാവസ്ഥാ പ്രവർത്തനങ്ങളുടെ ഒരു ഫെഡറൽ ചട്ടക്കൂട് സൃഷ്ടിക്കപ്പെട്ടു.

2015ൽ, പ്രധാനമന്ത്രി മോദി നേതൃത്വം നൽകുന്ന ഇന്ത്യ, ആഗോള കാലാവസ്ഥാ ചർച്ചകളിൽ സുപ്രധാന പങ്ക് വഹിച്ചു. പ്രധാനമന്ത്രി തന്നെ പാരീസിൽ സന്നിഹിതനാവുകയും പാരീസ് കരാർ രൂപപ്പെടുത്തുന്നതിൽ നിർണ്ണായക പങ്ക് വഹിക്കുകയും ചെയ്തു. ഭൂമിയെ പരിപാലിക്കുന്നതിലും സംരക്ഷിക്കുന്നതിലും ഇന്ത്യയുടെ ശക്തമായ പ്രതിബദ്ധത പ്രധാനമന്ത്രി പ്രഖ്യാപിച്ചു. കാലാവസ്ഥാ പ്രതിബദ്ധതകളെ ഭാരമായി കാണുന്ന രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി, നമ്മുടെ ആഭ്യന്തര അനിവാര്യതകളാലും ദേശീയ സാഹചര്യങ്ങളാലും നയിക്കപ്പെടുന്നതും, ആഗോള സമൂഹത്തോടുള്ള നമ്മുടെ ഉത്തരവാദിത്തം നിറവേറ്റുന്നതിന്റെ പ്രതിഫലനവുമെന്ന നിലയിൽ, അതേ വർഷം പാരീസിൽ നടന്ന COP21-ൽ ഇദംപ്രഥമമായി നാഷണൽ ഡിറ്റർമൈൻഡ് കോൺട്രിബ്യൂഷൻസ് (NDC) രൂപപ്പെടുത്തിക്കൊണ്ട് മൂർത്തമായ നടപടകളിലേക്ക് ഇന്ത്യ കടന്നു.

പാരീസ് കരാർ ഒപ്പിട്ട 2015ൽ ആരംഭിച്ച ഒരു സുപ്രധാന സംരംഭമായിരുന്നു അന്താരാഷ്ട്ര സൗരോർജ്ജ സഖ്യത്തിന്റെ (ISA) രൂപീകരണം. സഖ്യം ഉത്തരോത്തരം വളർച്ച പ്രാപിച്ചു. ഇപ്പോൾ 120ലധികം രാജ്യങ്ങൾ അതിൽ അംഗത്വമെടുത്തിട്ടുണ്ട്. സൗരോർജ്ജ സമ്പന്നമായ രാജ്യങ്ങൾക്ക് ശുദ്ധമായ ഊർജ്ജ പരിഹാരങ്ങൾക്ക് വേണ്ടി സഹകരിച്ചു മുന്നേറാനുള്ള ഒരു വേദി എന്ന നിലയിലാണ് ഈ സഖ്യം സ്ഥാപിക്കപ്പെട്ടത്. പുനരുപയോഗ ഊർജ്ജത്തിന് (RE) നൽകിയ പ്രചോദനത്തിന്റെ ഫലമായി, 2014ൽ വെറും 76GW ആയിരുന്ന പുനരുപയോഗ ഊർജ്ജ സ്ഥാപിത ശേഷി 2025 മാർച്ചിൽ 220 GW ആയി വർദ്ധിച്ചു. 2030 ആകുമ്പോഴേക്കും ഇത് 500 GW-ൽ എത്താൻ സാദ്ധ്യതയുണ്ട്. സ്ഥാപിത ശേഷിയുടെ കാര്യത്തിൽ, ഇന്ത്യ പുനരുപയോഗ ഊർജ്ജത്തിലും, കാറ്റിൽ നിന്നുള്ള ഊർജ്ജത്തിലും 4-ാം സ്ഥാനത്തും, സൗരോർജ്ജത്തിൽ 3-ാം സ്ഥാനത്തുമാണ് - ഒരു ദശാബ്ദത്തിനിടെ കൈവരിച്ച ശ്രദ്ധേയമായ നേട്ടം.

മുൻനിര പദ്ധതികൾക്ക് തുടക്കം കുറിച്ചതിനൊപ്പം കാലാവസ്ഥാ പരിവർത്തന പ്രവർത്തനങ്ങളോടുള്ള ഇന്ത്യയുടെ പ്രതിബദ്ധതയും ശക്തി പ്രാപിച്ചു. പ്രധാനമന്ത്രി ഉജ്ജ്വല യോജന (2016) കോടിക്കണക്കിന് വനിതകൾക്ക് ശുദ്ധമായ പാചക ഇന്ധനം ലഭ്യമാക്കി. കാലാവസ്ഥാ പ്രവർത്തനങ്ങൾ സാമൂഹിക നീതിയെ എപ്രകാരം സേവിക്കുമെന്ന് ഇതിലൂടെ തെളിയിക്കപ്പെട്ടു. പിഎം-കുസും പദ്ധതി (2019) കർഷകരെ സൗരോർജ്ജ പരിഹാരങ്ങളിലേക്കാനയിക്കുകയും ശാക്തീകരിക്കുകയും ചെയ്തു. ഒപ്പം, പുരപ്പുറ സൗരോർജ്ജ പദ്ധതി രാജ്യത്തുടനീളം പുനരുപയോഗ ഊർജ്ജ സ്വീകാര്യത ത്വരിതപ്പെടുത്തി.

2019 സെപ്റ്റംബർ 23ന് ന്യൂയോർക്ക് നഗരത്തിൽ നടന്ന ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ പ്രവർത്തന ഉച്ചകോടിയിൽ, ആദരണീയ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ദുരന്ത പ്രതിരോധ അടിസ്ഥാന സൗകര്യങ്ങൾക്കായുള്ള സഖ്യം (CDRI) പ്രഖ്യാപിച്ചു. 2019 ഓഗസ്റ്റ് 28ന് ഇതിന് ഔപചാരികമായി തുടക്കം കുറിച്ചു. ദുരന്ത പ്രതിരോധ അടിസ്ഥാന സൗകര്യ വികസനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ആഗോള പങ്കാളിത്തമാണ് ഇതിലൂടെ സൃഷ്ടിക്കപ്പെടുന്നത്. കാലാവസ്ഥാ ലക്ഷ്യങ്ങൾ നേടിയെടുക്കാനുതകുന്ന വ്യാവസായിക പരിവർത്തനത്തോടുള്ള ഇന്ത്യയുടെ പ്രതിബദ്ധത പ്രകടമാക്കിക്കൊണ്ട് സ്വീഡനുമായുള്ള പങ്കാളിത്തത്തിലാണ് LeadIT (ലീഡർഷിപ്പ് ഗ്രൂപ്പ് ഫോർ ഇൻഡസ്ട്രി ട്രാൻസിഷൻ) സൃഷ്ടിക്കപ്പെട്ടത്. സൗരോർജ്ജ ഉത്പാദനത്തിനായുള്ള ഉത്‌പാദന ബന്ധിത പ്രോത്സാഹന (PLI)പദ്ധതി (2020) ആഭ്യന്തര സൗരോർജ്ജ ശേഷി പതിന്മടങ്ങ് മെച്ചപ്പെടുത്തി. ഊർജ്ജമേഖലയിലെ ഇറക്കുമതി ആശ്രിതത്വം കുറയ്ക്കുകയും ശക്തമായ തദ്ദേശീയ സൗരോർജ്ജ ആവാസവ്യവസ്ഥ സൃഷ്ടിക്കുകയും ചെയ്തു.

ഗ്ലാസ്‌ഗോയിൽ (2021) നടന്ന COP26ൽ, കാലാവസ്ഥാ പ്രയാണത്തെ കൂടുതൽ ശക്തിപ്പെടുത്തുന്ന ചരിത്രപരമായ പ്രഖ്യാപനങ്ങൾ ഇന്ത്യ നടത്തി. പ്രധാനമന്ത്രി നടത്തിയ ദേശീയ പ്രസ്താവനയിൽ, ഇന്ത്യയുടെ അഭിലാഷ പദ്ധതിയായ പഞ്ചാമൃത് പ്രഖ്യാപിച്ചു- 2070 ഓടെ മെച്ചപ്പെട്ട കാലാവസ്ഥാ പ്രതിബദ്ധതയും പൂജ്യം കാർബൺ ബഹിർഗമനം എന്ന ലക്‌ഷ്യം കൈവരിക്കുന്നതും ഉൾപ്പെടുന്ന അഞ്ച് അമൃത ഘടകങ്ങൾ - അദ്ദേഹം പ്രഖ്യാപിച്ചു. അതേ പ്രസംഗത്തിൽ, പ്രധാനമന്ത്രി മിഷൻ LiFE - ലൈഫ്‌സ്റ്റൈൽ ഫോർ എൻവയോൺമെന്റ് (കാലാവസ്ഥാ സൗഹൃദ ജീവിത ശൈലി) അവതരിപ്പിച്ചു. അതുവഴി കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പോരാട്ടത്തിൽ പൗരന്മാരെയും അണിചേർത്തു. ഈ ചരിത്രപരമായ പ്രതിബദ്ധത ഇന്ത്യയെ വികസ്വര രാജ്യങ്ങളുടെ കാലാവസ്ഥാ നേതൃത്വത്തിലേക്ക് ഉയർത്തി.

2021 നവംബർ രണ്ടിന് ഗ്ലാസ്‌ഗോയിലെ COP26 വേളയിൽ, പ്രധാനമന്ത്രി മോദി IRISന് (ഇൻഫ്രാസ്ട്രക്ചർ ഫോർ റെസിലന്റ് ഐലൻഡ് സ്റ്റേറ്റ്സ്) തുടക്കം കുറിച്ചു . ഓസ്‌ട്രേലിയ, ഫിജി, ജമൈക്ക, മൗറീഷ്യസ്, യുകെ എന്നീ രാജ്യങ്ങളുടെ പ്രധാനമന്ത്രിമാരും ഇതിൽ പങ്കുചേർന്നു. കാലാവസ്ഥാ ദുർബല രാഷ്ട്രങ്ങളോടുള്ള ആഗോള ഐക്യദാർഢ്യം പ്രകടമാക്കിക്കൊണ്ട് അദ്ദേഹം ഈ പരിപാടിയിൽ പങ്കെടുത്തു.

2022-ൽ ഇന്ത്യ അതിന്റെ NDC പുതുക്കി നിശ്ചയിച്ചു. പാരമ്പര്യങ്ങളും സംരക്ഷണ മൂല്യങ്ങളും മിതത്വവും അടിസ്ഥാനമാക്കിയുള്ള, ആരോഗ്യപൂർണ്ണവും സുസ്ഥിരവുമായ ജീവിതശൈലി പ്രചരിപ്പിക്കുന്നതിനുള്ള പരിമാണരഹിത ലക്ഷ്യമായി മിഷൻ LiFE സ്വീകരിക്കപ്പെട്ടു. ഈ പ്രതിബദ്ധതകളെ അടിസ്ഥാനമാക്കി, 2070-ഓടെ പൂജ്യം കാർബൺ ബഹിർഗമനം എന്ന ലക്‌ഷ്യം കൈവരിക്കുന്നതിനൊപ്പം സുസ്ഥിര വികസനത്തിനുള്ള ഒരു രൂപരേഖയും മുന്നോട്ടു വച്ച ഇന്ത്യ, 2022 നവംബറിൽ ദീർഘകാല ലോ എമിഷൻ ഡെവലപ്മെന്റ് സ്ട്രാറ്റജി (LT-LEDS) സമർപ്പിച്ചു. അതേ വർഷം തന്നെ ദേശീയ ഹരിത ഹൈഡ്രജൻ ദൗത്യം ആരംഭിച്ചു. ഊർജ്ജ സ്വാതന്ത്ര്യത്തെയും ശുദ്ധമായ ഊർജ്ജ പരിവർത്തനത്തെയും കുറിച്ചുള്ള നമ്മുടെ ദർശനങ്ങളുമായി പൊരുത്തപ്പെടുന്ന, ഹരിത ഹൈഡ്രജന്റെ ഉത്പാദനത്തിനും കയറ്റുമതിക്കുമുള്ള ആഗോള കേന്ദ്രമായി ഇന്ത്യയെ മാറ്റാൻ ഇത് ലക്ഷ്യമിടുന്നു.

"പരിസ്ഥിതിയും സമ്പദ്‌വ്യവസ്ഥയും", "പ്രകൃതിയും പ്രഗതിയും" തമ്മിലുള്ള സൂക്ഷ്മമായ സന്തുലിതാവസ്ഥ നിലനിർത്തിക്കൊണ്ട് 2047 ഓടെ വികസിത രാഷ്ട്രമായി മാറുക എന്ന ഇന്ത്യയുടെ ലക്ഷ്യമായ വികസിത ഭാരതം 2047 പ്രഖ്യാപനം 2023 ലെ ഒരു സുപ്രധാന നാഴികക്കല്ലായി മാറി. ഇന്ത്യയുടെ കാലാവസ്ഥാ പ്രവർത്തനം വിക്‌സിത് ഭാരത്@2047 എന്ന ദർശനങ്ങൾക്ക് അനുപൂരകമാണ്. കാലാവസ്ഥാ വ്യതിയാനം ലഘൂകരിക്കുന്നതിനുള്ള നടപടികൾക്ക് പുറമേ, സമഗ്രമായ കാലാവസ്ഥാ റിപ്പോർട്ടിംഗ് പ്രദർശിപ്പിച്ചുകൊണ്ട് ഇന്ത്യ അഡാപ്റ്റേഷൻ കമ്മ്യൂണിക്കേഷൻ വിത്ത് ദി ബൈണിയൽ അപ്‌ഡേറ്റ് റിപ്പോർട്ടും സമർപ്പിച്ചിട്ടുണ്ട്.

2024ൽ പൗര കേന്ദ്രീകൃതമായ രണ്ട് പരിവർത്തന സംരംഭങ്ങൾക്ക് ഇന്ത്യ തുടക്കം കുറിച്ചു. പ്രധാനമന്ത്രി സൂര്യ ഘർ മുഫ്ത് ബിജ്‌ലി യോജന സൗരോർജ്ജ ലഭ്യതയെ ജനാധിപത്യവത്ക്കരിച്ചു. ഒപ്പം "ഏക് പേഡ് മാ കേ നാം" (അമ്മയുടെ പേരിൽ ഒരു മരം) എന്ന പദ്ധതിയുടെ ഉദ്ഘാടനം വനവത്ക്കരണത്തിനായുള്ള ബഹുജന പ്രസ്ഥാനം ആരംഭിച്ചു. ഇവയിലൂടെ കാലാവസ്ഥാ പ്രവർത്തനത്തിന് സംഭാവന നൽകാൻ ഓരോ പൗരനെയും പ്രാപ്തമാക്കി.

ഊർജ്ജ സുരക്ഷയും സുസ്ഥിരതയും കൈവരിക്കുന്നതിന് ആണവോർജ്ജത്തെ ഒരു നിർണ്ണായക ഘടകമായി അംഗീകരിച്ചുകൊണ്ട്, 2025ൽ വികസിത ഭാരതത്തിനായുള്ള ദേശീയ ഊർജ്ജ ദൗത്യവും ദേശീയ ഉത്പാദന ദൗത്യവും ആരംഭിച്ചു. 2025-26 ലെ കേന്ദ്ര ബജറ്റിൽ ₹20,000 കോടി വകയിരുത്തിയ ആണവോർജ്ജ ദൗത്യം, ചെറുകിട മോഡുലാർ റിയാക്ടറുകളുടെ (SMR) ഗവേഷണത്തിലും വികസനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. 2033 ഓടെ തദ്ദേശീയമായി രൂപകൽപ്പന ചെയ്തതും പ്രവർത്തനക്ഷമവുമായ അഞ്ച് SMR കളെങ്കിലും വികസിപ്പിക്കുക, ഇന്ത്യയെ പുതു തലമുറ ആണവ സാങ്കേതികവിദ്യയിൽ നേതൃസ്ഥാനത്തേക്കുയർത്തുക എന്നിവയാണ് ലക്ഷ്യങ്ങൾ.

2030 ആകുമ്പോഴേക്കും മെച്ചപ്പെടുത്തിയ NDC കൈവരിക്കുന്നതിനുള്ള മുന്നേറ്റത്തിലാണ് ഇന്ത്യ. 2030-35 കാലയളവിലേക്കുള്ള NDC പരിഷ്ക്കരണത്തിനും രാജ്യം തയ്യാറെടുക്കുകയാണ്. കാലാവസ്ഥാ പ്രവർത്തനങ്ങളിൽ നിരന്തര പുരോഗതി പ്രകടമാക്കുന്ന ആദ്യ ദേശീയ അഡാപ്റ്റേഷൻ പ്ലാൻ ഇന്ത്യ മുന്നോട്ടു വയ്ക്കാനും സാദ്ധ്യതയുണ്ട്.

ലഘൂകരണ നടപടികളിലൂടെ വിതരണ മേഖലയിലും, പരിസ്ഥിതി സൗഹൃദ ജീവിതശൈലികൾ പ്രോത്സാഹിപ്പിക്കുന്നതിലൂടെ വ്യക്തിഗത ആവശ്യകതകളുമായി ബന്ധപ്പെട്ടും ഇന്ത്യ കാലാവസ്ഥാ നടപടികൾ സ്വീകരിച്ചു വരികയാണ്. 'ജൻ ഭാഗിദാരി' എന്ന ആഹ്വാനത്തോടെ കാലാവസ്ഥാ നടപടികളെ ഒരു സർക്കാർ ഉത്തരവാദിത്തത്തിൽ നിന്ന് ഒരു ബഹുജന പ്രസ്ഥാനമാക്കി ഇന്ത്യ മാറ്റി എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.

ഇന്ത്യയുടെ അന്താരാഷ്ട്ര കാലാവസ്ഥാ സംരംഭങ്ങൾ "വസുധൈവ കുടുംബകം" - ലോകം ഒരു കുടുംബമാണ് എന്ന പൗരാണിക ഇന്ത്യൻ ദർശനത്തെ ഉൾക്കൊള്ളുന്നു. അന്താരാഷ്ട്ര സൗരോർജ്ജ സഖ്യം(ISA), ദുരന്ത പ്രതിരോധ അടിസ്ഥാന സൗകര്യ വികസന സഖ്യം (CDRI), ആഗോള ജൈവ ഇന്ധന സഖ്യം (LeadIT) ഇന്റർനാഷണൽ ബിഗ് ക്യാറ്റ് അലയൻസ് (IBCA) എന്നിവ വെല്ലുവിളികൾ ഉയർത്തിക്കാട്ടുന്നതിനുപകരം, ചർച്ചകളിലൂടെ മുന്നേറാനും പരിഹാരങ്ങൾ പങ്കിടാനുമുള്ള ഇന്ത്യയുടെ പ്രതിബദ്ധതയെ പ്രതിനിധീകരിക്കുന്നു.

ഇന്ത്യയുടെ ജി20 അദ്ധ്യക്ഷ കാലയളവിൽ, പരിസ്ഥിതി, കാലാവസ്ഥാ കർമ്മ സമിതിയ്ക്ക് പുറമെ ഒട്ടേറെ കർമ്മ സമിതികളിൽ കാലാവസ്ഥാ പരിഗണനകൾ മുഖ്യധാരാ വിഷയമായിരുന്നു. വികസന കർമ്മ സമിതി സുസ്ഥിര വികസനത്തിനായുള്ള ജീവിതശൈലികളിൽ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ ഊർജ്ജ കർമ്മ സമിതി നീതിയുക്തവും സർവത്രികവുമായ ഊർജ്ജ പരിവർത്തനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു, കാലാവസ്ഥാ ആശങ്കകൾ മേഖലാ അതിർവരമ്പുകളെ എങ്ങനെ ഭേദിക്കുന്നുവെന്ന് ഇത് തെളിയിച്ചു. സുസ്ഥിര ജൈവ ഇന്ധനങ്ങളിൽ അന്താരാഷ്ട്ര സഹകരണത്തിനുള്ള വേദി സൃഷ്ടിച്ചുകൊണ്ട് ഇന്ത്യ ആഗോള ജൈവ ഇന്ധന സഖ്യവും ആരംഭിച്ചു.

"അപ്രിയ സത്യങ്ങളെ" "ഹിതകരമായ പ്രവർത്തനങ്ങളാക്കി" മാറ്റുന്നതിൽ, കാലാവസ്ഥാ നേതൃത്വത്തിനുള്ള ശാസ്ത്രീയ ധാരണയുടെ പ്രസക്തി അംഗീകരിക്കുമ്പോഴും, മാനുഷിക പ്രവർത്തനങ്ങളെ പ്രകൃതി സൗഹൃദമാക്കിത്തീർക്കാനുള്ള ജ്ഞാനം അതിലേറെ അനിവാര്യമാണെന്ന് പ്രധാനമന്ത്രി തെളിയിച്ചിട്ടുണ്ട്

(കേന്ദ്ര വനം, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന വകുപ്പ് മന്ത്രിയാണ് ഭൂപേന്ദർ യാദവ്)

TAGS: CLIMATE, INDIAN CLIMATE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.