കൊൽക്കത്ത : പത്മശ്രീ ജേതാവായ സന്യാസിക്കെതിരെ 12 വർഷങ്ങൾക്കു ശേഷം പീഡന പരാതിയുമായി യുവതി. കാർത്തിക് മഹാരാജ് എന്നറിയപ്പെടുന്ന സ്വാമി പ്രദീപ്താനന്ദ, 2013ൽ സ്കൂളിൽ ജോലി വാഗ്ദാനംചെയ്ത് തരാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തി പലതവണ പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ ആരോപണം. കൊൽക്കത്തയിലെ മുർഷിദാബാദ് ജില്ലയിൽ 12 വർഷങ്ങൾക്ക് മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇത്രയും കാലം നിശബ്ദതപാലിച്ചത് ഭയവും അപമാനവും കൊണ്ടാണെന്ന് പരാതിക്കാരി പറഞ്ഞു. പൊലീസിൽ പരാതിപ്പെട്ടാൽ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ് മഹാരാജ് തന്നെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും യുവതി പറഞ്ഞു.
അദ്ധ്യാപികയുടെ ജോലി നൽകാമെന്ന് വാഗ്ദാനം നൽകി ഇയാൾ യുവതിയെ വിളിച്ചുവരുത്തി അഞ്ച് ദിവസം തന്റെ ആശ്രമത്തിൽ താമസിക്കാൻ ആവശ്യപ്പെട്ടിരുന്നു. അവിടെ വച്ച് പലതവണ പീഡിപ്പിച്ച ശേഷം യുവതിയോട് വീട്ടിലേക്ക് മടങ്ങാൻ ആവശ്യപ്പെടുകയായിരുന്നു, എല്ലാ മാസവും പണം അയയ്ക്കാമെന്ന് വാഗ്ദാനം ചെയ്താണ് പറഞ്ഞയച്ചതെന്ന് പരാതിക്കാരി പറഞ്ഞു.
പിന്നീട് 2013ൽ ഗർഭിണിയായ ശേഷം, മഹാരാജും ചില സ്കൂൾ ജീവനക്കാരും ചേർന്ന് ഗർഭം അലസിപ്പിക്കാൻ സ്വകാര്യ നഴ്സിംഗ് സ്ഥാപനത്തിലേക്ക് കൊണ്ടുപോയി. എതിർത്തപ്പോൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. രണ്ട് സ്കൂൾ ജീവനക്കാരുടെ സാന്നിധ്യത്തിൽ, ഇയാൾ നഴ്സിംഗ് ഹോമിലെ ഒരു ഡോക്ടറുമായി സംസാരിക്കുകയും ഗർഭഛിദ്രത്തിന് വിധേയയാക്കാൻ നിർബന്ധിക്കുകയും ചെയ്തതെന്നാണ് യുവതിയുടെ ആരോപണം.
താൻ ജോലി ലഭിക്കുമെന്ന് പ്രതീക്ഷിച്ച് കാത്തിരുന്നെങ്കിലും പ്രതി ലൈംഗികമായി പീഡിപ്പിക്കുന്നത് തുടരുകയായിരുന്നുവെന്ന് പരാതിക്കാരി പറഞ്ഞു. മുർഷിദാബാദിലുള്ള ആശ്രമത്തിന്റെ പല ശാഖകളിലും കൊണ്ടു പോയി ഇയാൾ തന്നെ പീഡിപ്പിച്ചിരുന്നതായി യുവതി പറഞ്ഞു. ഒടുവിൽ താൻ മാനസികമായി തകർന്നുവെന്നും യുവതിയുടെ പരാതിയിലുണ്ട്. 2013 ജനുവരി മുതൽ ജൂൺ വരെയുള്ള ആറ് മാസത്തിനിടെ കുറഞ്ഞത് 12 തവണയെങ്കിലും ഇയാൾ തന്നെ പീഡിപ്പിച്ചുവെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. അതേസമയം തനിക്കെതിരായ ആരോപണങ്ങൾ മഹാരാജ് തള്ളിക്കളഞ്ഞു. തന്റെ പേരും പ്രശസ്തിയും അപകീർത്തിപ്പെടുത്താനുള്ള ഗൂഢാലോചനയാണിതെന്നും ഇയാൾ പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |