ന്യൂഡൽഹി: അമേഠിയിൽ കോൺഗ്രസ് സ്ഥാനാർത്ഥി കിഷോരി ലാൽ ശർമ്മയോട് 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതോടെ രാഷ്‌ട്രീയത്തിന് താത്‌കാലിക വിരാമമിട്ട് പഴയ സീരിയൽ അഭിനേതാവായി തിരിച്ചെത്തി ബി.ജെ.പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സ്‌മൃതി ഇറാനി. സ്‌മൃതിയെ പ്രശസ്‌തയാക്കിയ 2000കളിലെ ഹിറ്റ് 'ക്‌യോം കീ സാസ് ഭീ കഭി ബഹൂ ഥീ'(എന്തുകൊണ്ടെന്നാൽ അമ്മായി അമ്മയും ഒരിക്കൽ വധു ആയിരുന്നു) സീരിയലിലെ 'തുളസി വിരാനി' എന്ന കഥാപാത്രമായാണ് തിരിച്ചെത്തുന്നത്. നിർമ്മാതാവ് ഏകതാ കപൂറിന്റെ സീരിയൽ 28 മുതൽ രാത്രി 10.30ന് സ്റ്റാർ പ്ളസ് ടിവിയിൽ പുനഃരാരംഭിക്കും.
സീരിയലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തിറങ്ങി. 2000-2008 കാലത്ത് പ്രക്ഷേപണം ചെയ്‌ത ടിവി സീരിയൽ പ്രേക്ഷക പ്രീതിയിൽ തുടർച്ചയായി ഏഴ് വർഷം ഒന്നാമതായിരുന്നു. 2025 ജൂലായ് മൂന്നിന് സീരിയൽ തുടങ്ങിയതിന്റെ 25 വാർഷികമായിരുന്നു. സ്‌മൃതിക്ക് ഒരു എപ്പിസോഡിന് 14 ലക്ഷം വീതം പ്രതിഫലമുണ്ടെന്നാണ് വിവരം. ആദ്യകാലത്ത് എപ്പിസോഡിന് 1,800 രൂപയായിരുന്നു പ്രതിഫലം.
പഞ്ചാബി-ബംഗാളി വേരുകളുള്ള സ്‌മൃതി മോഡലായാണ് കരിയർ തുടങ്ങിയത്. കുടുംബ സദസുകളെ സ്വാധീനിച്ച 'ക്‌യോം കീ സാസ് ബി കഭി ബഹു ഥീ' എന്ന സീരിയിലെ തുളസി എന്ന നായിക കഥാപാത്രം അവരുടെ കരിയർ മാറ്റി മറിച്ചു. ഏകതാ കപൂറുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് 2007ൽ സ‌്‌മൃതി പിൻമാറിയപ്പോൾ ആ റോളിൽ ഗൗതമി കപൂർ വന്നിരുന്നു. പ്രശ്‌നങ്ങൾ പരിഹരിച്ച് തിരിച്ചെത്തിയ സ്‌മൃതി 2008 നവംബറിൽ സീരിയൽ അവസാനിക്കുന്നതു വരെ തുടർന്നു. 2001ൽ വ്യവസായി സുബിൻ ഇറാനിയെ വിവാഹം കഴിച്ചു.
ആർ.എസ്.എസ് കുടുംബ പാരമ്പര്യമുള്ള സ്‌മൃതി 2003മുതൽ ബി.ജെ.പിയിലും സജീവമായിരുന്നു. ബി.ജെ.പി മഹാരാഷ്ട്ര യുവജന വിഭാഗം വൈസ് പ്രസിഡന്റ്, ബി.ജെ.പി കേന്ദ്ര എക്സിക്യൂട്ടീവ് അംഗം, ദേശീയ സെക്രട്ടറി, മഹിളാ മോർച്ച അഖിലേന്ത്യാ പ്രസിഡന്റ് എന്നീ പദവികളും വഹിച്ചു. 2011ൽ ഗുജറാത്തിൽ നിന്ന് രാജ്യസഭയിലെത്തി. 2014 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഡൽഹിയിൽ നിന്ന് പരാജയപ്പെട്ടെങ്കിലും രാജ്യസഭാ എംപിയെന്ന നിലയിൽ ആദ്യ മോദി സർക്കാരിൽ മന്ത്രിയായി. 2019 ൽ രാഹുൽ ഗാന്ധിയെ അമേഠിയിൽ തോൽപ്പിച്ച് പാർട്ടിയിൽ സ്വാധീനമുള്ള നേതാവായി മാറിയെങ്കിലും 2024ലെ തോൽവി തിരിച്ചടിയായി. അഭിനയം 2029 തിരഞ്ഞെടുപ്പിൽ ശക്തമായി തിരിച്ചുവരുന്നതിന്റെ മുന്നോടിയായുള്ള ഇടവേള മാത്രമാണെന്നാണ് സ്‌മൃതിയുമായി അടുപ്പമുള്ളവർ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |