തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം കൂടി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തിൽ സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
സൗരാഷ്ട്ര കച്ചിനും അതിനോട് ചേർന്നുള്ള വടക്കു കിഴക്കൻ അറബിക്കടലിനും മുകളിലായി ന്യൂനമർദം രൂപപ്പെട്ടു. തെക്കു പടിഞ്ഞാറൻ ബംഗ്ലാദേശിനും ഗംഗാതട പശ്ചിമ ബംഗാളിനും മുകളിലായി ചക്രവാതച്ചുഴിയും രൂപപ്പെട്ടു. അടുത്ത 48 മണിക്കൂറിൽ വടക്കൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്നുള്ള തീരദേശ ബംഗ്ലാദേശിനും പശ്ചിമ ബംഗാളിനും മുകളിലായി ഇത് ന്യൂനമർദമായി ശക്തിപ്രാപിക്കാനും സാദ്ധ്യതയുണ്ടെന്നും മുന്നറിയിപ്പിലുണ്ട്.
24 മണിക്കൂറിൽ 64.5 മില്ലീമീറ്റർ മുതൽ 115.5 മില്ലീമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതുകൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇന്ന് ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, ഇന്ന് തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ) രാവിലെ എട്ടര വരെ 1.8 മുതൽ 2.0 മീറ്റർ വരെ കള്ളക്കടൽ പ്രതിഭാസത്തിന് സാദ്ധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. കന്യാകുമാരി തീരത്ത് (നീരോടി മുതൽ ആരോക്യപുരം വരെ) ഇന്ന് രാവിലെ എട്ടര വരെ 1.7 മുതൽ 2.0 മീറ്റർ വരെ കള്ളക്കടൽ പ്രതിഭാസത്തിന് സാദ്ധ്യതയുണ്ടെന്നും മുന്നറിയിപ്പിലുണ്ട്. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |