പനാജി: ബ്രിട്ടീഷുകാരുടെ കാലത്തെ ഗവർണർമാരല്ല ഇന്ത്യയിൽ ഇപ്പോഴുള്ളതെന്നും ഗവർണർമാരുടെ പ്രവർത്തനരീതികളിൽ വലിയ മാറ്റങ്ങളുണ്ടായിട്ടുണ്ടെന്നും കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ളയെഴുതിയ പുസ്തകങ്ങളുടെ റോയൽറ്റി തുക ഉപയോഗിച്ച് ഗോവയിൽ നടപ്പാക്കുന്ന അന്നദാന പദ്ധതി ഗോവ രാജ്ഭവനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗവർണർമാർ എപ്പോഴും ജനസേവകൻമാരായിരിക്കണം എന്നതാണ് പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടെന്ന് രാജേന്ദ്ര ആർലേക്കർ പറഞ്ഞു. ഗവർണർമാർ രാജ്ഭവന്റേതു മാത്രമാകരുത്. അവർ ജനങ്ങൾക്കായി എന്തു ചെയ്തെന്ന് വ്യക്തമാക്കണം. പ്രധാനമന്ത്രിയുടെ വാക്കുകൾ അക്ഷരം പ്രതി നടപ്പാക്കുന്ന ഗോവ ഗവർണറുടെ മാതൃകയാണ് മറ്റു ഗവർണർമാർ പിന്തുടരുന്നത്. ബ്രിട്ടീഷുകാരുടെ കാലത്തുണ്ടായിരുന്നതിൽ നിന്ന് വ്യത്യസ്കമായി പുതിയൊരു പ്രവർത്തനരീതിക്ക് തുടക്കം കുറിച്ചത് ഗോവ ഗവർണറാണെന്നും ആർലേക്കർ പറഞ്ഞു.
പി.എസ്. ശ്രീധരൻപിള്ള അദ്ധ്യക്ഷത വഹിച്ചു. കാൻസർ-വൃക്ക രോഗികൾക്കുള്ള രാജ്ഭവന്റെ സാമ്പത്തിക സഹായം മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്ത് വിതരണം ചെയ്തു. 2,162 രോഗികൾക്ക് ഇതുവരെ ഏഴു കോടി രൂപയാണ് രാജ്ഭവൻ നൽകിയത്. സ്‌പെഷ്യൽ സെക്രട്ടറി മിഹിർ വർദ്ധൻ പദ്ധതി വിശദീകരിച്ചു.
ഗോവയിലെ സന്നദ്ധ സംഘടനയായ സ്ട്രീറ്റ് പ്രൊവിഡൻസ് വഴിയാണ് അന്നദാന പദ്ധതി നടപ്പാക്കുന്നത്. 100 പേർക്ക് എല്ലാ ദിവസവും രണ്ടു നേരം ഭക്ഷണം നൽകുന്ന പദ്ധതിയുടെ ആദ്യ ഗഡുവായി റോയൽറ്റി തുകയായ 1.30 ലക്ഷം രൂപ നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |