പനാജി: ബ്രിട്ടീഷ് ഇന്ത്യയിലെ പ്രവർത്തന രീതികളിൽ നിന്നുമാറി ഗവർണർമാരുടെ പുതിയൊരു പ്രവർത്തന രീതിക്ക് തുടക്കം കുറിച്ചത് ഗോവ ഗവർണർ ശ്രീധരൻ പിള്ളയാണെന്ന് കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. ഗോവ രാജ്ഭവനിൽ ഗവർണർ ശ്രീധരൻ പിള്ളയുടെ പുസ്തകങ്ങളുടെ റോയൽറ്റി തുക ഉപയോഗിച്ച് നടപ്പാക്കുന്ന അന്നദാന പദ്ധതിയുടെ ഉദ്ഘാടനം നടത്തുകയായിരുന്നു ആർലേക്കർ.
ഇന്ത്യയിലെ ഗവർണർമാരുടെ പ്രവർത്തന രീതിയിൽ വലിയ മാറ്റങ്ങളുണ്ടായിട്ടുണ്ട്. ഗവർണർമാർ എപ്പോഴും ജനസേവകരായിരിക്കണമെന്നാണ് നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിട്ടുള്ളത്. ഗവർണർമാർ രാജ്ഭവന്റേത് മാത്രമാകരുത്. അവർ ജനങ്ങൾക്കുവേണ്ടി എന്തുചെയ്തു എന്ന് വ്യക്തമാക്കപ്പെടണം. പ്രധാനമന്ത്രിയുടെ വാക്കുകൾ അക്ഷരംപ്രതി പിന്തുടരുകയാണ് ഗോവ ഗവർണർ. ആ മാതൃക പിന്തുടരുകയാണ് മറ്റു ഗവർണർമാർ. രാഷ്ട്രപതിഭവനിൽ ഗവർണർമാരുടെ അവലോകന യോഗങ്ങളിൽ ഗോവ ഗവർണരുടെ ജനകീയ പ്രവർത്തനങ്ങൾ ശ്ളാഘിക്കപ്പെടാറുണ്ട്. ഇതുമൂലം അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ പിന്തുടരാൻ മറ്റുള്ളവർ ശ്രമിക്കാറുമുണ്ട്.
ഒട്ടേറെ പ്രഗത്ഭ എഴുത്തുകാരും സാഹിത്യകാരന്മാരും നമുക്കുണ്ട്. അവർ നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുമുണ്ട്. എന്നാൽ അവരുടെ റോയൽറ്റി തുക എന്തു ചെയ്തു എന്ന് നാം അറിയാറില്ല. എന്നാൽ ഇവിടെ എഴുത്തുകാരൻ കൂടിയായ ഗവർണർ അദ്ദേഹത്തിന്റെ തുക മുഴുവൻ സാമൂഹ്യ പ്രവർത്തനത്തിന് മാറ്റിവച്ച് മാതൃകയായി. അദ്ദേഹത്തിന്റെ പല പുസ്തകങ്ങളും മാനുഷിക മൂല്യങ്ങൾ ഉൾകൊള്ളുന്നതാണെന്നും കേരള ഗവർണർ പറഞ്ഞു. ബീഹാറിലെ ചില യൂണിവേഴ്‌സിറ്റികൾ സന്ദർശിച്ചപ്പോൾ ഗവർണറുടെ വാമനവൃക്ഷകല ഉൾപ്പെടെയുള്ള ചില പുസ്തകങ്ങൾ അവിടെ ചർച്ച ചെയ്യപ്പെട്ടതായി അറിയാൻ കഴിഞ്ഞതായും അദ്ദേഹം വെളിപ്പെടുത്തി.
ഗോവയിലെ സന്നദ്ധസംഘടനയായ സ്ട്രീറ്റ് പ്രൊവിഡൻസ് വഴിയാണ് രാജ്ഭവൻ അന്നദാൻ പദ്ധതി നടപ്പാക്കുന്നത്. നൂറു പേർക്ക് എല്ലാ ദിവസവും രണ്ടുനേരം ഭക്ഷണം നൽകുന്ന ഈ പദ്ധതിക്ക് ആദ്യ ഗഡുവായി റോയൽറ്റി തുകയായ 1.30 ലക്ഷം രൂപയാണ് നൽകുന്നത്. ചടങ്ങിൽ ഗോവ ഗവർണർ ശ്രീധരൻപിള്ള അദ്ധ്യക്ഷം വഹിച്ചു. മഹത്തായ ഭാരതീയ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനുള്ള പരിശ്രമങ്ങളാണ് കേരളത്തിൽ ഗവർണർ നടത്തുന്നത് എന്ന് ശ്രീധരൻപിള്ള പറഞ്ഞു. ഇതിന് അദ്ദേഹം കടുത്ത എതിർപ്പുകൾ നേരിടേണ്ടി വരുന്നുണ്ടെന്നും ശ്രീധരൻപിള്ള പറഞ്ഞു.
ചടങ്ങിൽ കാൻസർ - കിഡ്നി രോഗികൾക്കുള്ള രാജ്ഭവന്റെ സാമ്പത്തിക സഹായം മുഖ്യമന്ത്രി പ്രമോദ് സാവന്ത് വിതരണം ചെയ്തു. ഗോവയ്ക്ക് ആദ്യമായിട്ടാണ് ഒരു ജനകീയ ഗവർണറെ കിട്ടുന്നതെന്നും അദ്ദേഹവുമായി ഏറ്റവുമടുത്ത ബന്ധം സൂക്ഷിക്കാനാവുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അദ്ദേഹത്തിന്റെ പല പുസ്തകങ്ങളും യൂണിവേഴ്സിറ്റികളിലും കോളേജുകളിലും റഫറൻസ് ഗ്രന്ഥമായി മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജഭവൻ 2162 രോഗികൾക്കായി ഇതുവരെ ഏഴുകോടി രൂപയാണ് ചികിത്സാ സഹായമായി നൽകിയത്. രാജ്ഭവൻ സെക്രട്ടറി സഞ്ചീവ് സി. ഗോൺസ് ദേശായി സ്വാഗതവും ബോസ്കോ ജോർജ് നന്ദിയും പറഞ്ഞു. സ്പെഷ്യൽ സെക്രട്ടറി മിഹിർ വർദ്ധൻ ഐപിഎസ് പദ്ധതി വിശദീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |