തിരുവനന്തപുരം: കേരള സർവകലാശാല സെനറ്റ് ഹാളിൽ ഗവർണർ പങ്കെടുത്ത സ്വകാര്യ പരിപാടിയിൽ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വച്ചതിനെച്ചൊല്ലി വൻസംഘർഷം. പ്രതിഷേധം വകവയ്ക്കാതെ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ പരിപാടിയിൽ പങ്കെടുത്തു. എസ്.എഫ്.ഐ- ഡി.വൈ.എഫ്.ഐ പ്രവർത്തകരും കെ.എസ്.യു പ്രവർത്തകരുമാണ് പ്രതിഷേധിച്ചത്. ഇതിനെ തടയാൻ യുവമോർച്ച- ബി.ജെ.പി പ്രവർത്തകർ രംഗത്തെത്തിയാണ് സംഘർഷത്തിന് ഇടയാക്കിയത്. പൊലീസുമായും ഏറ്റുമുട്ടലുണ്ടായി.
അടിയന്തരാവസ്ഥയുടെ അമ്പതാം വാർഷികാചരണവുമായി ബന്ധപ്പെട്ട് ശ്രീപദ്മനാഭ സേവാസമിതിയാണ് പരിപാടി സംഘടിപ്പിച്ചത്. ഗവർണറായിരുന്നു ഉദ്ഘാടകൻ. ഗവർണറെ തടയുമെന്നും ആക്രമണത്തിനിടയുണ്ടെന്നും പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടും ഗവർണർ വകവച്ചില്ല. പരിപാടി നടത്താനാവില്ലെന്ന് യൂണിവേഴ്സിറ്റി രജിസ്ട്രാർ കെ.എസ്.അനിൽകുമാർ അറിയിച്ചിട്ടും പിന്മാറിയില്ല. ഭാരതാംബ ചിത്രത്തിൽ വിളക്കു തെളിച്ച് ഉദ്ഘാടനം നിർവഹിച്ചു.
ഇന്നലെ വൈകിട്ട് 4.30ന് തുടങ്ങിയ സംഘർഷം മൂന്നുമണിക്കൂറിലേറെ നീണ്ടു. ഗവർണർ മടങ്ങിയപ്പോഴും സംഘർഷമുണ്ടായി. തുടർന്ന് സർവകലാശാലയുടെ രണ്ടാംവാതിലിലൂടെയാണ് പൊലീസ് ഗവർണറെ സുരക്ഷിതമായി പുറത്തെത്തിച്ചത്. ഗവർണർ വേദിയിലെത്തുന്നതിന് തൊട്ടുമുമ്പ് അഞ്ച് കെ.എസ്.യു പ്രവർത്തകർ പൊലീസിന്റെ കണ്ണുവെട്ടിച്ച് ഹാളിനുള്ളിൽ കയറി. യുവമോർച്ചക്കാർ തടയാൻ ശ്രമിച്ചതോടെ കൂട്ടത്തല്ലായി. സെനറ്റ് ഹാളിൽ പരിപാടി നടക്കുമ്പോഴും പുറത്ത് സംഘർഷം തുടർന്നു.
രജിസ്ട്രാറുടെ ആവശ്യം ഗവർണർ തള്ളി
ഭാരതാംബയുടെ ചിത്രം നീക്കണമെന്ന് രജിസ്ട്രാർ സംഘാടകരോട് ആവശ്യപ്പെട്ടെങ്കിലും നിരസിച്ചു. തുടർന്ന് പരിപാടി റദ്ദാക്കിയതായി രജിസ്ട്രാർ സംഘാടകർക്ക് കത്ത് നൽകി. രാജ്ഭവനെയും ഇക്കാര്യമറിയിച്ചു. പിന്നാലെ രജിസ്ട്രാറെ ഗവർണർ ഫോണിൽവിളിച്ചു. ഏത് മതപരമായ ചിഹ്നമാണ് ഭാരതാംബയെന്നും അതിൽ നിയമവിരുദ്ധമായ എന്താണുള്ളതെന്നും ഗവർണർ ചോദിച്ചു. ഇനി പരിപാടി റദ്ദാക്കിയിട്ട് കാര്യമില്ലെന്നും താൻ രാജ്ഭവനിൽ നിന്ന് പുറപ്പെട്ടു കഴിഞ്ഞെന്നും ഗവർണർ അറിയിച്ചു.
''ആരോടും ഏറ്റുമുട്ടലിനില്ലെന്ന് താൻ നേരത്തേ പറഞ്ഞിട്ടുള്ളതാണ്. അതിനർത്ഥം വഴങ്ങും എന്നല്ല
ഗവർണർ ആർലേക്കർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |