കൊല്ലം: രാജ്യത്തെവിടെ ആയാലും ഓണസദ്യ കെങ്കേമമാക്കാൻ അരലക്ഷം കിറ്റുകളുമായി കുടുംബശ്രീ. പാലട മിക്സ്, സേമിയ പായസം മിക്സ്, ഏത്തയ്ക്ക ചിപ്സ്, ശർക്കരവരട്ടി, മുളക് പൊടി, മല്ലിപ്പൊടി, മസാലപ്പൊടി എന്നിങ്ങനെ ആയിരം രൂപയുടെ ഉത്പന്നങ്ങളാകും കുടുംബശ്രീ സംരംഭകരുടെ കിറ്റിലുണ്ടാവുക.
കുടുംബശ്രീയുടെ ഓൺലൈൻ പ്ലാറ്റ്ഫോമായ പോക്കറ്റ്മാർട്ടിലൂടെയാകും വില്പന. ഓർഡറിനൊപ്പം നൽകുന്ന രാജ്യത്ത് എവിടെയുള്ള വിലാസത്തിലും ഓണക്കിറ്റെത്തിക്കും. ഓണക്കാല കുടുംബശ്രീ വിപണന മേളകളിലും കിറ്റ് ലഭിക്കും. കിറ്റിലെ ഉത്പന്നങ്ങളുടെ ഗുണനിലവാരം ഇടയ്‌ക്കിടെ പരിശോധിക്കും.
അതേസമയം പോക്കറ്റ്മാർട്ടിലൂടെ ആദ്യഘട്ടത്തിൽ 500 ഉത്പന്നങ്ങളാകും ലഭ്യമാക്കുക. വൈകാതെ ഇത് ആയിരമാകും. വിതരണത്തിന് പ്രമുഖ ലോജിസ്റ്റിക് കമ്പനിയുമായും ഓൺലൈൻ പണമിടപാടിന് ഫെഡറൽ ബാങ്കുമായും ധാരണാപത്രം ഒപ്പിട്ടു. സംരംഭകർക്ക് ഉത്പന്നങ്ങൾ ലഭ്യമാക്കാൻ എല്ലാ ജില്ലയിലും നിശ്ചിത കേന്ദ്രങ്ങളിൽ പിക്ക് അപ്പ് പോയിന്റ് സജ്ജമാക്കും. വിതരണ കമ്പനി അവിടെയെത്തി ഉത്പന്നം ശേഖരിച്ച് ഓർഡർ നൽകിയവർക്ക് കൈമാറും.
പോക്കറ്റ്മാർട്ട് ഓൺലൈനാകും
കുടുംബശ്രീ വ്യാപാര പോർട്ടലായ പോക്കറ്റ്മാർട്ട് ജൂലായ് അവസാനത്തോടെ പൂർണമായും ഓൺലൈനാകും
ഉത്പന്ന നിർമ്മാതാവിന്റെ ഫോൺ നമ്പരിൽ ബന്ധപ്പെട്ടാണ് ഓർഡർ നൽകുന്നത്
യാത്രാക്കൂലി മുതലാകാത്തതിനാൽ വലിയളവിലുള്ള ഓഡറേ സ്വീകരിക്കൂ
രാജ്യത്ത് എവിടെയും സാധനം വിതരണം ചെയ്യാവുന്ന തരത്തിൽ പോക്കറ്റ്മാർട്ട് മാറും
ഓണക്കിറ്റിലൂടെ പ്രതീക്ഷിക്കുന്ന വരുമാനം- അഞ്ച് കോടി
വിതരണ കൂലിയും ബാങ്ക് ഇടപാട് ചാർജും കഴിച്ചുള്ള തുക പൂർണമായും സംരംഭകർക്ക് നൽകും.
- കുടുംബശ്രീ അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |