കൊച്ചി: ആരോഗ്യമേഖലയെ സർക്കാർ പൂർണമായും തകർത്തതിന്റെ തെളിവാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് പുറത്തുവന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പി.ആർ ഏജൻസികളെ വച്ച് നടത്തുന്ന വിവരണവും പ്രചാരണവുമല്ല യഥാർത്ഥ ആരോഗ്യകേരളം. വെന്റിലേറ്ററിലായ ആരോഗ്യസംവിധാനത്തെ രക്ഷിക്കണമെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പ്രതിപക്ഷം പറഞ്ഞതെല്ലാം ശരിയാണെന്ന് തെളിയിക്കുന്നതാണ് ഡോക്ടറുടെ വെളിപ്പെടുത്തൽ.
ശസ്ത്രക്രിയ നടത്തിയാൽ തുന്നിക്കൂട്ടാൻ നൂലുപോലുമില്ലാത്ത മെഡിക്കൽ കോളേജുകളുണ്ട്. സർക്കാർ ആശുപത്രികളിൽ മരുന്നും ശസ്ത്രക്രിയാ ഉപകരണങ്ങളുമില്ല. കാരുണ്യയും ആരോഗ്യ കിരണവും ഹൃദ്യവും ജെ.എസ്.എസ്.കെയും നിലച്ചു. മെഡിക്കൽ സർവീസസ് കോർപ്പറേഷൻ കോടികൾ കുടിശിക വരുത്തിയതിനെ തുടർന്നാണ് മരുന്നുകൾ കിട്ടാതായത്.
ആരോഗ്യരംഗം മെച്ചപ്പെടുത്താൻ ഒരുശ്രമവും സർക്കാരിനില്ല. വർഷങ്ങൾ കൊണ്ട് ആർജ്ജിച്ച ആരോഗ്യ രംഗത്തെ നേട്ടങ്ങളാണ് ഇല്ലാതാക്കുന്നത്. മരുന്ന് ഇല്ലാത്തത് അറിഞ്ഞില്ലെന്നാണ് മന്ത്രി പറയുന്നത്. ആരോപണം ഉന്നയിച്ച ഡോക്ടറും മെഡിക്കൽ കോളജ് പ്രിൻസിപ്പലും മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ അറിയിച്ചിട്ടുണ്ട്. എന്നിട്ടും മന്ത്രി അറിഞ്ഞില്ല. എൽ.ഡി.എഫ് സഹയാത്രികനാണ് ഡോക്ടർ. പോസ്റ്റ് രാഷ്ട്രീയപ്രേരിതമല്ല. ഒളിച്ചോടാനാണ് മന്ത്രി ശ്രമിക്കുന്നത്.
ആരോഗ്യരംഗത്തെക്കുറിച്ച് പഠിക്കാൻ യു.ഡി.എഫ് നിയോഗിക്കുന്ന കമ്മിഷൻ ഇന്നു നിലവിൽവരും. ജൂലായിൽ ആരോഗ്യ ഉച്ചകോടിയും സംഘടിപ്പിക്കും. തുടർന്ന് സർക്കാരിന് റിപ്പോർട്ട് നൽകും.
മരുന്നിന്റെയും സർജിക്കൽ ഉപകരണങ്ങളുടെയും ക്ഷാമം കഴിഞ്ഞ മാർച്ചിൽ നിയമസഭയിൽ പ്രതിപക്ഷം അവതരിപ്പിച്ചിട്ടും നിരുത്തരവാദപരമായ മറുപടിയാണ് മന്ത്രി നൽകിയത്. ആരോഗ്യ വകുപ്പിനാണ് ചികിത്സ വേണ്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |