തന്റെ പേരിൽ അപമാനംവരെ നേരിട്ട ഫാൻസ് അസോസിയേഷൻ പ്രവർത്തകരെ ഒരിക്കലും മറക്കില്ലെന്ന് നടൻ ദിലീപ്. 150-ാം സിനിമവരെ എത്തിച്ചത് ആരാധകരാണെന്നും നടൻ പറഞ്ഞു. അടുത്തിടെ പുറത്തിറങ്ങിയ ഏറ്റവും പുതിയ സിനിമയായ പ്രിൻസ് ആന്റ് ഫാമിലിയുടെ 50ാം ദിനാഘോഷച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു ദിലീപ്.
'കുറച്ച് ആളുകൾ ദിലീപ് എന്ന കലാകാരൻ അല്ലെങ്കിൽ നടൻ ഇവിടെ വേണ്ട എന്ന് തീരുമാനിക്കുമ്പോൾ ഞാൻ ഒറ്റയ്ക്കല്ല, എന്നോടൊപ്പം നിങ്ങളുണ്ട് എന്ന് കാണുന്നത് വലിയ സന്തോഷമാണ്. 33 വർഷമായി സിനിമയിൽ എന്നെ നിലനിർത്തുന്ന, എന്നെ ഒരുപാട് സ്‌നേഹിക്കുകയും കയ്യടിക്കുകയും ചെയ്യുന്ന എന്റെ പ്രിയപ്പെട്ട ആളുകൾ, അവർ ഫാൻസ് മാത്രമല്ല. ദിലീപ് ഫാൻസ് സഹോദരങ്ങളെക്കുറിച്ച് പറയാൻ എനിക്ക് വാക്കുകളില്ല. എനിക്കൊരു പ്രശ്നമുണ്ടായ സമയത്ത്, എല്ലാവരും വിട്ടുപോയ സമയത്ത് കൂടുതൽ അടുത്തുനിന്ന ആൾക്കാരാണ്. അത്രയേറെ അപമാനിക്കപ്പെടുകയും ഒറ്റപ്പെടുകയും ചെയ്ത എന്റെ സഹോദരങ്ങളാണ്. എന്നിട്ടും ഒരാൾ പോലും കുറയാതെ കൂടുകയാണുണ്ടായത്.
ഫാൻസ് അസോസിയേഷനിൽ കൂലിപ്പണി ചെയ്യുന്ന ആളുകൾ മുതൽ നല്ല ശമ്പളം വാങ്ങുന്നവരുമുണ്ട്. അവർ അധ്വാനിക്കുന്നതിൽ നിന്ന് ഒരു വിഹിതം എടുത്താണ് ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്നത്. നേരത്തെ എന്റെ അച്ഛന്റെ പേരിലുള്ള ട്രസ്റ്റ് സപ്പോർട്ട് ചെയ്യുമായിരുന്നു. എന്നാലിപ്പോൾ അഞ്ചെട്ട് വർഷമായി ട്രസ്റ്റ് ഫ്രീസ് ചെയ്തുവച്ചിരിക്കുന്നതിനാൽ അങ്ങനെയുള്ള സഹകരണങ്ങളില്ല. ഞാൻ വ്യക്തിപരമായി ചെയ്യുക എന്നല്ലാതെ ഈ പറയുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്നത് എന്റെ പ്രിയപ്പെട്ട സഹോദരങ്ങളാണ്'- ദിലീപ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |