ബംഗളൂരു: ബംഗളൂരുവിൽ മാലിന്യ ട്രക്കിനുള്ളിൽ യുവതിയുടെ അഴുകിയ മൃതദേഹം. മാലിന്യം നിറച്ച ചാക്കിനുള്ളിൽ കാലുകൾ കഴുത്തിൽ കെട്ടിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. 25-30 വയസ് തോന്നിക്കുന്ന സ്ത്രീയുടേതാണ് മൃതദേഹമെന്ന് കരുതപ്പെടുന്നു. ആളെ തിരിച്ചറിഞ്ഞിട്ടില്ല.
ചന്നമ്മനകെരെ സ്കേറ്റിംഗ് ഗ്രൗണ്ടിന് സമീപം ബ്രുഹത് ബംഗളൂരു മഹാനഗര പാലികക്കടുത്ത് നിർത്തിയിട്ട മാലിന്യ ട്രക്കിന്റെ പിൻഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്. മാലിന്യം നിക്ഷേപിക്കാനെത്തിയ ബംഗളൂരു സിവിക് ജീവനക്കാരനാണ് മൃതശരീരം ആദ്യം കണ്ടത്. ഇതിനെ തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
മൃതദേഹം ഉപേക്ഷിക്കാൻ പുലർച്ചെ 12:30 നും 12:40 നും ഇടയിലാണ് പ്രതികൾ ട്രക്കിനടുത്ത് എത്തിയതെന്ന് പൊലീസ് സംശയിക്കുന്നു. കൊലപാതകത്തിന് മുമ്പ് സ്ത്രീ ലൈംഗിക പീഡനത്തിന് ഇരയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഒരു സ്വകാര്യ കമ്പനിയുടെ ടീ-ഷർട്ടും പാന്റുമാണ് സ്ത്രീ ധരിച്ചിരുന്നത്. അടിവസ്ത്രങ്ങളും ഉണ്ടായിരുന്നില്ല.
മൂക്കിൽ നിന്നും വായിൽ നിന്നും രക്തം വന്നിരുന്നു. നിരവധി മുറിവുകളും മൃതദേഹത്തിൽ നിന്നും കണ്ടെത്തി.മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രയിലേക്ക് മാറ്റി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |