ഗുരുദേവൻ സംസ്ഥാപനം ചെയ്ത ശ്രീനാരായണ ധർമ്മസംഘത്തെ ഒരു ദശാബ്ദ കാലത്തോളം ശീഘ്രകർത്തവ്യകൃത്തായും ത്യാഗോജ്ജ്വലനായും സമദൃഷ്ടനായും ശാന്തഗംഭീരാശയനായും വിജിതേന്ദ്രിയനായും നയിച്ച ബ്രഹ്മശ്രീ ശാശ്വതികാനന്ദ സ്വാമിജിയുടെ ഭൗതിക സാന്നിദ്ധ്യം മറഞ്ഞിട്ട് ഇന്നേയ്ക്ക് 23 വർഷം പൂർത്തിയാവുകയാണ്. 2002 ജൂലൈ ഒന്നിനു രാവിലെ ആലുവ അദ്വൈതാശ്രമത്തോട് ചേർന്നൊഴുകുന്ന പെരിയാറിന്റെ ഹൃദയത്തോടു ചേർന്ന് ബ്രഹ്മലീനനായിത്തീർന്ന സ്വാമിജി ഗുരുദേവൻ വിഭാവനം ചെയ്ത സ്വതന്ത്ര ആത്മീയതയുടെ ഏറ്റവും ശക്തനായ വക്താവായിരുന്നു.
സമാധി പ്രാപിക്കുന്നതിന്റെ തലേദിവസം സ്വാമിജി ഇപ്രകാരം കുറിച്ചുവച്ചത് ഏതുകാലത്തും നമ്മുടെ ചിന്തയെ പ്രചോദിപ്പിക്കുന്നതാണ്- 'ഭൗതികവാദങ്ങളിലൂടെയും മതവാദങ്ങളിലൂടെയും ജാതിവ്യവസ്ഥയെ നേരിടാനാവുകയില്ലെന്ന യാഥാർത്ഥ്യബോധത്തിൽ നിന്നാണ് ഗുരുദേവൻ മതാതീത ആത്മീയദർശനത്തിന് രൂപം നൽകിയത്. സോളമൻ കഥയിലെ വ്യാജമാതാവിനെപ്പോലെയാണ് ഗുരുദേവന്റെ മാനവികാധിഷ്ഠിതമായ മതാതീത ആത്മീയതയെ ഭൗതികവാദികളും മതവാദികളും സമീപിക്കുന്നത്. ഗുരുദേവ ദർശനം വിഭാവനം ചെയ്യുന്നത് സർവതന്ത്രസ്വതന്ത്രനായ സമഗ്ര മനുഷ്യനെയാണ്. പരസ്പരപൂരകമായ ഭൗതികസ്വാതന്ത്ര്യവും ആത്മീയസ്വാതന്ത്ര്യവും സാക്ഷാത്കരിക്കുന്നവനാണ് സമഗ്ര മനുഷ്യൻ."
ആത്മീയതയുടെ
സമസ്യകൾ
ശ്രീനാരായണ ഗുരുദേവന്റെ സർവസമന്വയ ദർശനം സമൂഹമനസിൽ ശക്തമായും ശാസ്ത്രീയമായും പതിപ്പിക്കുവാൻ സ്വാമിജിക്ക് അനായാസം കഴിഞ്ഞു. അരനൂറ്റാണ്ടോളം കാലം മാത്രം നീണ്ടുനിന്ന ആ മഹത്ജീവിതം മുഴുവനും ആത്മീയതയുടെ പുതിയ സമസ്യകൾ തേടിയുള്ള സത്യാന്വേഷണംകൊണ്ട് ദീപ്തമായിരുന്നു. ഭാരതീയ സംസ്‌കാരത്തിന്റെയും ആത്മീയപ്രബുദ്ധതയുടെയും കാതൽസ്ഥാനത്ത് ഗുരുദേവ ദർശനത്തെ പ്രതിഷ്ഠിച്ചുകൊണ്ടാണ് ആധുനിക മന:ശാസ്ത്രത്തിന്റെയും ആധുനിക നവോത്ഥാന മുന്നേറ്റത്തിന്റെയും ഉൾവെളിച്ചത്തിൽ സ്വാമിജി ഗുരുചിന്തയെ വ്യാഖ്യാനിച്ചിരുന്നത്.
ഗുരുവാണികളെ ശാസ്ത്രപരിചയംകൊണ്ടോ ഭാഷാസ്വാധീനംകൊണ്ടോ ദാർശനികാവബോധം കൊണ്ടോ മാത്രം വ്യാഖ്യാനിക്കുവാൻ സാധിക്കുകയില്ല. അതിന് ഗുരുവിന്റെ ചിന്തയിലും വാക്കിലും ദർശനത്തിലും ഹൃദയത്തെ പൂർണമായും സമർപ്പണം ചെയ്യുകകൂടി വേണം. ആ ആത്മസമർപ്പണത്തിന്റെ വെളിവിൽ നിന്നുകൊണ്ടാണ് സ്വാമിജി ഗുരുധർമ്മത്തിന്റെ വഴികൾ നമുക്കായി തെളിച്ചു തന്നിട്ടുള്ളത്. ഗുരുദേവ ദർശനം വിഭാവനം ചെയ്യുന്ന വിശ്വമാനവികതയുടെയും ദൈവികതയുടെയും ധാർമ്മികതയുടെയും നൈതികതയുടെയും അപൂർവതലങ്ങളെ സമ്യക്കായി കൂട്ടിയിണക്കിക്കൊണ്ടാണ് സ്വാമിജി ആത്മീയതയുടെ പുതിയ സമസ്യകളെ നിർവചിച്ചതും സാക്ഷാത്കരിച്ചതും. ആ വിചാരധാരയിൽ നിന്നുമാണ് മതാതീത ആത്മീയതയെന്ന നവാദ്വൈതദർശനം പുനരാവിഷ്‌കരിക്കപ്പെട്ടത്.
ആത്മാവിന്റെ
ആകെപ്പൊരുൾ
ആത്മീയതയെന്നത് ആത്മാവിന്റെ ആകെ പൊരുളാണ്. ആത്മീയതയ്ക്ക് ആദ്യമോ അന്തമോ രൂപമോ പരിണാമമോ ഉപാധിസംബന്ധമോ ഇല്ല. മനുഷ്യൻ ജാതിയെയും മതത്തേയും പോലെ ആത്മീയതയേയും അധീനമാക്കാൻ തുനിഞ്ഞതു മുതലാണ് മനുഷ്യസമൂഹം പാർശ്വവൽക്കരിക്കപ്പെട്ടത്. ഈ അശാസ്ത്രീയതകളെ തുറന്നുകാട്ടുന്ന നവാദ്വൈത തത്ത്വശാസ്ത്രമായാണ് ഗുരുദേവന്റെ ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന മഹദ്സന്ദേശത്തെ സ്വാമിജി പുനരാഖ്യാനം ചെയ്തത്. ഉപനിഷത്ത് വെളിവാക്കുന്ന മഹാവാക്യങ്ങൾക്ക് സമാനമായതാണ് ഗുരു വെളിവാക്കിയ ഈ ആധുനിക കാലത്തിന്റെ മഹാവാക്യവും. മതാതീത ആത്മീയതയെന്ന് സ്വാമിജി പറഞ്ഞതും വിശേഷിപ്പിച്ചതും ഇതിന്റെ ആകെ പൊരുളിനെയാണ്. അതിന്റെ സ്വതന്ത്രതലം ഗ്രഹിക്കാനുള്ള ബുദ്ധിയും ചിന്തയും ധ്യാനവും മനപ്പാകതയും കൈവന്നിട്ടില്ലാത്തവർക്ക് സ്വാമിജി ഉയർത്തിപ്പിടിച്ച മതാതീത ആത്മീയതയുടെ പൊരുളിലേക്ക് കടന്നു ചെല്ലാനാവുകയില്ല.
മതാതീത ആത്മീയതയിൽ മാനവികതയെ ദുർബലമാക്കുന്നതോ ഭിന്നിപ്പിക്കുന്നതോ ആയ യാതൊന്നിനും സ്ഥാനമില്ല. ജീവിതകാലത്ത് ഗുരുദേവൻ ഏറ്റവും കൂടുതൽ സംഭാഷണം ചെയ്തിരുന്നത് ജാതിഭേദവും മതദ്വേഷവും നിമിത്തം സമൂഹമനസിനെ ദുഷിപ്പിക്കുന്നതിനെയെല്ലാം തുടച്ചുനീക്കാനായിരുന്നു. സമഭക്തിയോടും സമബുദ്ധിയോടുംകൂടി സർവരും സോദരത്വേന വാഴുന്ന ഒരു മാതൃകാസ്ഥാനമായി ഈ ലോകത്തെ പരിലസിപ്പിക്കാനായിരുന്നു ഗുരുദേവന്റെ പരിശ്രമങ്ങളെല്ലാം. സർവതന്ത്ര സ്വതന്ത്രനായി മനുഷ്യനെ നന്നാക്കുക- അതായിരുന്നു ഗുരുദേവന്റെ പ്രധാന ദൗത്യം. ശാശ്വതികാനന്ദ സ്വാമികളും ജീവിതത്തിൽ ഏറ്റവും കൂടുതൽ ചിന്തിച്ചതും പറഞ്ഞതും എഴുതിയതും പ്രസംഗിച്ചതുമെല്ലാം ഈ പൊരുളിനെ പ്രകാശിപ്പിക്കുവാനായിരുന്നു.
ആഴങ്ങളിലേക്ക്
ധ്യാനസഞ്ചാരം
ആരുടെയും മതവിശ്വാസത്തെ ഹനിക്കാതെയും വിശ്വാസ സ്വാതന്ത്ര്യത്തെ തടുക്കാതെയും ഗുരുദേവൻ പ്രസരിപ്പിച്ച വിശ്വമാനവികതയെ അതേവിധം വഹിക്കുവാനും നിർവചിക്കുവാനും പ്രചരിപ്പിക്കുവാനും കഴിഞ്ഞു എന്നതാണ് സ്വാമിജിയുടെ അപൂർവത. അതാണ് അന്നും ഇന്നും സ്വാമിജിയെ നമുക്കൊപ്പം നിർത്തുന്നത്. ജീവിതഗന്ധികളല്ലാത്ത ചിന്തകളുടെ ഉയരങ്ങളിലേക്കു കയറാതെ ജീവഗന്ധിയായ ആത്മീയതയുടെ ആഴങ്ങളിലേക്കായിരുന്നു സ്വാമിജിയുടെ ധ്യാനസഞ്ചാരം. സമൂഹത്തെ തിരുത്തുന്നതിലും നയിക്കുന്നതിലും ഗുരുദേവൻ പുലർത്തിയ സമദർശനത്തിന്റെ പുതുദീപങ്ങൾ പ്രകാശിപ്പിച്ചുകൊണ്ട് കടന്നുപോയ സ്വാമിജിയുടെ അസാന്നിദ്ധ്യം ഇന്ന് പലപ്പോഴും നമ്മുടെ സമൂഹത്തിന്റെ കെട്ടുറപ്പിനെ സാരമായി ബാധിക്കുന്നുണ്ട്.
ഗുരുദേവദർശനത്തിന്റെ വെളിച്ചത്തിലും ബലത്തിലും സമൂഹത്തെ ഒന്നാക്കുന്നതിലും നന്നാക്കുന്നതിലും അസാമാന്യമായ ആത്മീയനൈപുണ്യം സ്വാമിജിക്കുണ്ടായിരുന്നു. അത് സ്ഫുടമായ വാക്കിലും സൂക്ഷ്മമായ നോക്കിലും സൗമ്യമായ പുഞ്ചിരിയിലും വരെ പ്രകടവുമായിരുന്നു എന്നാണ് എന്റെ അനുഭവം. മതാതീതമായ ആത്മീയതയുടെ കാന്തിയിലേക്കും കരുതലിലേക്കും വഴിതെളിച്ച സ്വാമിജിയുടെ ശാശ്വതവും പരിപാവനവും ദീപ്തവുമായ സ്മരണ മനുഷ്യത്വത്തിന്റെ പൂർണതയിലേക്ക് നമ്മെ നയിക്കുവാൻ പ്രേരകമാകട്ടെയെന്ന് പ്രാർത്ഥിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |