സംസ്ഥാനത്ത് വന്യജീവി ആക്രമണമുണ്ടായാലും പ്രശ്നക്കാരായ കാട്ടാന, കടുവ, പുലി എന്നിവയെ പിടികൂടാനാണെങ്കിലും ഒരേയൊരു പേര് ഉയരും: ഡോ.അരുൺ സഖറിയ! വന്യജീവി സംഘർഷം രൂക്ഷമായതോടെ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്കുള്ള ഓട്ടത്തിലാണ് ഡോക്ടർ. ദൗത്യങ്ങളെക്കുറിച്ച് ഫോറസ്റ്റ് ചീഫ് വൈൽഡ് െെലഫ് വെറ്ററിനറി ഓഫീസർ ഡോ. അരുൺ സഖറിയ സംസാരിക്കുന്നു.
?ഒന്നിനു പിറകെ ഒഴിയാതെ നീളുന്ന ദൗത്യങ്ങൾ... എങ്ങനെ തോന്നുന്നു.
നിലമ്പൂർ കാളികാവ് ഭാഗത്ത് ഒരു ടാപ്പിംഗ് തൊഴിലാളിയെ കടുവ ആക്രമിച്ച് കൊലപ്പെടുത്തുകയും ഭക്ഷിക്കുകയും ചെയ്തിരുന്നു. അതിനെ പിടികൂടാൻ ശ്രമകരമായ ദൗത്യമാണ് അവസാനമായി പൂർത്തിയാക്കിയത്. റബ്ബർ എസ്റ്റേറ്രാണ്, ലയങ്ങളുണ്ട്, പുലർച്ചെ നാലിന് തൊഴിലാളികൾ ജോലിക്കിറങ്ങും. അവിടെയാണ് കടുവ ഇറങ്ങിയത്. ക്യാമറ ട്രാപ്പിൽ പരിശോധിച്ചപ്പോൾ സൈലന്റ് വാലിയിലുള്ള പ്രായമുള്ള കടുവയാണെന്ന് കണ്ടെത്തി. പിന്നീട് കൂട് സ്ഥാപിച്ചു.
കടുവയെ പിടികൂടുന്നത് മൂന്ന് രീതിയിലാണ്. ഓപ്പൺ ഡാട്ടിംഗ് രീതിയാണ് ഒന്ന്. കണ്ടെത്തുന്ന കടുവയെ പിന്തുടർന്നുപോയി മയക്കുവെടിവയ്ക്കും. കൂടുവച്ച് പിടിക്കുന്നതാണ് രണ്ടാമത്തെ രീതി. തുടർച്ചയായ നിരീക്ഷണത്തിലൂടെ കണ്ടെത്തുന്ന കടുവയെ മരത്തിനു മുകളിൽ പതിയിരുന്ന് പിടികൂടുന്നത് മറ്റൊരു രീതി. ചെങ്കുത്തായ മലമ്പ്രദേശവും സ്ലോട്ടർ പ്രായത്തിലെത്തിയ റബർ മരങ്ങളുമാണ് അവിടെയുണ്ടായിരുന്നത്. മൂന്ന് രീതികളും പരീക്ഷിച്ചു. നാല് കൂടുകൾ സ്ഥാപിച്ചു. 55-ഓളം ക്യാമറാ ട്രാപ്പുകൾ സജ്ജമാക്കി. നാലുതവണ കടുവയെ കണ്ടെത്തുകയും വെടിവയ്ക്കാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ പലപ്പോഴും തിരിച്ചാക്രമിച്ച് കടുവ രക്ഷപ്പെടുകയായിരുന്നു. ഒടുവിൽ 56-ാം ദിവസം ഒരു പാറമടയിൽ സ്ഥാപിച്ച കൂട്ടിലാണ് കടുവയെ പിടികൂടിയത്. 13 വയസുള്ള പെൺകടുവയായിരുന്നു.
? ചെയ്തത് ഓരോന്നും അപകട സാദ്ധ്യത കൂടിയതായിരുന്നു, എങ്ങനെയാണ് ഇവയെ നേരിടുന്നത്.
സർവീസിൽ പ്രവേശിച്ചതിനു ശേഷം പിടികൂടുന്ന 37-ാമത്തെ കടുവയായിരുന്നു കാളികാവിലേത്. അറുപതോളം കാട്ടാനകളെയും നൂറോളം പുലികളെയും പിടികൂടിയിട്ടുണ്ട്. ഇതിനിടയിൽ മരണത്തെ മുന്നിൽക്കണ്ട പല സന്ദർഭങ്ങളെയും അതിജീവിച്ചിട്ടുണ്ട്. കാട്ടാനയ്ക്കാണെങ്കിൽ രണ്ട് ഓട്ടത്തിനുള്ളിൽ നമ്മളെ പിടിക്കാൻ പറ്റും. കടുവയ്ക്ക് 20 മീറ്ററിനിടയിലാണെങ്കിലും പിടിക്കാൻ പറ്റും. പിന്തുടർന്ന് പിടികൂടുന്ന രീതിയാണ് കടുവയ്ക്കുള്ളത്.
വയനാട്ടിൽ രാധ എന്ന സ്ത്രീയെ കൊലപ്പെടുത്തിയ കടുവ ഞങ്ങളെ ആക്രമിച്ചത് പിന്തുടർന്നെത്തിയാണ്. തിരിഞ്ഞോടിയാൽ മരണം ഉറപ്പാണ്. അതുകൊണ്ടുതന്നെ ടീമായി നിന്നുകൊണ്ടുള്ള പ്രത്യാക്രമണമേ കടുവയുടെ കാര്യത്തിൽ സാദ്ധ്യമാകൂ. വന്യമൃഗങ്ങൾ എങ്ങനെ പെരുമാറും എന്നത് അറിഞ്ഞിരിക്കുകയാണ് ഓപ്പറേഷനുകളിൽ പ്രധാനമായിട്ടുള്ളത്. മയക്കുവെടി വയ്ക്കുക എന്നതു മാത്രമല്ല. സ്വഭാവമറിഞ്ഞ് പ്രവർത്തിച്ചില്ലെങ്കിൽ ഏതു രീതിയിലും മൃഗം തിരിച്ചാക്രമിക്കുകയും മരണം സംഭവിക്കുകയും ചെയ്യും.
? ഏറ്റവും ഭീതിയുണ്ടാക്കിയ സംഭവം.
തൃശൂർ പാലപ്പള്ളിയിൽ കാട്ടാന ചവിട്ടിക്കൊന്ന ഹുസൈന്റെ മരണമാണ് ഇത്തരത്തിലുണ്ടായ ആകസ്മിക സംഭവങ്ങളിൽ ഏറെ വേദനിപ്പിച്ചിട്ടുള്ളത്. വന്യമൃഗങ്ങളെ കാട്ടിലേക്ക് തിരിച്ചുകയറ്റുന്നതിൽ പ്രത്യേക പരിശീലനം നേടിയ സ്തുത്യർഹ സേവകനായിരുന്നു അദ്ദേഹം. പാലപ്പള്ളിയിൽ കാട്ടാനയുടെ സാന്നിദ്ധ്യമുണ്ടായിരുന്ന സ്ഥലത്ത് കുങ്കിയാനകളെ എത്തിച്ചതിനു ശേഷം പരിശോധന നടത്തുന്നതിനിടെ തൊട്ടടുത്ത തോട്ടത്തിൽ നിന്ന് പാഞ്ഞടുത്ത കാട്ടാന ആക്രമിക്കുകയായിരുന്നു.
? മരണം മുന്നിൽക്കണ്ട അവസരങ്ങൾ...
2014-ൽ വയനാട്ടിലെ വാകേരി മേഖലയിൽ നടന്ന സംഭവമാണ്. ജനവാസ മേഖലയിലിറങ്ങിയ കടുവ തിരികെ കാടുകയറിയില്ല. പിടിക്കാനായി തീരുമാനിച്ചു. പെട്ടെന്നാണ് കടുവയുടെ ആക്രമണമുണ്ടായത്.
ടീമംഗങ്ങളെല്ലാം ചിതറിപ്പോയി. ഞാനും കടുവയും നേർക്കുനേരെയായി. മയക്കുവെടി വയ്ക്കാനുള്ള തോക്ക് മാത്രമാണുണ്ടായിരുന്നത്. കടുവ നേരെ മുന്നിലെത്തിയതോടെ തോക്ക് അതിന്റെ വായിലേക്ക് കുത്തിക്കയറ്റി. രണ്ടുമൂന്ന് മിനിറ്റോളം ഫൈറ്റ് ചെയ്തു. ഇതോടെ ചിതറിയോടിയവർ തിരികെയെത്തി അതിനെ വെടിവച്ചു കൊല്ലുകയായിരുന്നു. അതുപോലെ ഒരു പുലി ആക്രമിച്ചതിന്റെ പാട് മുതുകത്തുണ്ട്. ആന പലതവണ ആക്രമിച്ചിട്ടുണ്ട്. പി.എം-2 എന്ന ആന, മയക്കുവെടിവച്ചതിനു പിന്നാലെ കാലിൽ പിടിച്ച് പൊക്കി. കൂടെയുണ്ടായിരുന്നവർ പിടിച്ചതുകൊണ്ട് രക്ഷപ്പെട്ടു.
? എങ്ങനെയാണ് പ്രവർത്തനരീതികൾ.
മയക്കുവെടി വയ്ക്കുന്നത് രണ്ടു രീതിയിലാണ്. എല്ലാ ടീമംഗങ്ങളും ചേർന്നിറങ്ങി മൃഗത്തെ കണ്ടെത്തിയതിനു ശേഷം മയക്കുവെടിവയ്ക്കുന്നതാണ് ആദ്യത്തെ രീതി. മൃഗത്തെ ലൊക്കേറ്റ് ചെയ്ത ശേഷം എക്സ്പേർട്ട് ട്രാക്കേഴ്സിന്റെ സഹായത്തോടെ, കാറ്റിന്റെ ഗതി നോക്കി മെല്ലെ നീങ്ങി മയക്കുവെടിവയ്ക്കുന്നത് രണ്ടാമത്തെ രീതി. രണ്ടാമത്തേത് വളരെ ഫലപ്രദമാണെങ്കിലും എപ്പോഴും നടക്കണമെന്നില്ല. കാരണം, മനുഷ്യ സാമീപ്യം മനസിലാക്കുന്ന മൃഗം തിരിച്ച് ആക്രമിക്കാൻ ശ്രമിക്കും. ആണാനകളാണ് കൂടുതലും കുഴപ്പങ്ങളുണ്ടാക്കുന്നത്. പ്രായപൂർത്തിയായിക്കഴിഞ്ഞാൽ ആണാനകൾ മിക്കവയും ഒറ്റതിരിഞ്ഞേ നടക്കൂ എന്നതുകൊണ്ടാണ് ഒറ്റയാൻ എന്നു വിളിക്കുന്നത്. കൂട്ടത്തിന്റെ ആക്രമണം കുറവായിരിക്കും. ആനക്കൂട്ടം കുഴപ്പങ്ങളുണ്ടാക്കുന്നത് കാട് മുറിഞ്ഞുപോയ സ്ഥലങ്ങളിലോ, പണ്ട് ആനത്താര ഉണ്ടായിരുന്ന സ്ഥലങ്ങളിലോ ആയിരിക്കും. മോഴകളും ചിലപ്പോൾ കുഴപ്പക്കാരാകാറുണ്ട്.
ഇവയെ കാട്ടിലേക്ക് തുരത്തുന്നതു തന്നെ ദീർഘസമയത്തെ പ്രയത്നംകൊണ്ടേ സാദ്ധ്യമാകൂ. അതല്ലെങ്കിൽ പ്രത്യാക്രമണം നേരിടേണ്ടിവരും. അരിക്കൊമ്പനെ പോലെ പ്രശ്നക്കാരെന്ന് കണ്ടെത്തുന്നവയെ മയക്കുവെടിവച്ച് പിടികൂടി മറ്റൊരു സ്ഥലത്തേക്ക് മാറ്റും. ഒരു നിവൃത്തിയുമില്ലെങ്കിലേ പിടികൂടി കൂടുകളിലാക്കി മെരുക്കുകയുള്ളൂ.
? ഈ വഴിയിലേക്കുള്ള പ്രചോദനം.
കോഴിക്കോടിനടുത്ത് മണാശേരിയാണ് സ്വദേശം. അമ്മ ബയോളജി ടീച്ചറായിരുന്നു. ജ്യേഷ്ഠൻ അനിൽ സഖറിയ ആംഫിബിയസ് വെറ്ററിയൻ ആണ്. തവളകളിലെ നിരവധി സ്പീഷീസുകളെ കുറിച്ചൊക്കെ ഗവേഷണം ചെയ്തിട്ടുണ്ട്. ചെറുപ്പം മുതൽ ധാരാളം വായിക്കുമായിരുന്നു. കാടിനെക്കുറിച്ചായിരുന്നു താത്പര്യം. അങ്ങനെ വൈൽഡ് ലൈഫ് വെറ്ററിനറിയിലേക്ക് എത്തി. 2007-ൽ ലണ്ടനിൽ ഡിസീസ് ഇക്കോളജിയിൽ റിസർച്ച് പൂർത്തിയാക്കി. ഈ രംഗത്തുള്ള നിരവധി ആളുകളുമായി ചേർന്ന് പ്രവർത്തിക്കാനും അവസരം ലഭിച്ചിട്ടുണ്ട്.
1998-ലാണ് വനംവകുപ്പിൽ ജോയിൻ ചെയ്യുന്നത്- അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്ററിനറി ഓഫീസറായി. ലണ്ടനിൽ നിന്ന് വന്നതിനു ശേഷം രണ്ടുവർഷത്തോളം വെറ്ററിനറി യൂണിവേഴ്സിറ്റിയിൽ അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്തിട്ടുണ്ട്. പക്ഷേ, കാടില്ലാതെ പറ്റില്ലെന്നു വന്നതോടെ തിരികെ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിലേക്ക് തിരിച്ചുവന്നു. വന്യജീവി സംഘർഷം രൂക്ഷമായതോടെ ചുമതലകൾ കൂടി. സംഘത്തിലും ഫ്രീ റേഞ്ചിംഗ് കൺസർവേറ്റിംഗ് മെഡിസിനിലുമായി 17 പോസ്റ്റുകളായി. 14 ഹോസ്പിറ്റലുകളായി.
? കുടുംബത്തിനൊപ്പം ചെലവഴിക്കാനും വിശ്രമത്തിനും സമയം...
ഏതു നിമിഷവും വിളിവരും; പോകേണ്ടിവരും. വെക്കേഷൻ ഇല്ല, ഹോളിഡേ ഇല്ല, ഞാൻ കുടുംബത്തിനൊപ്പമുള്ള സമയം കുറവ്. എങ്കിലും എന്റെ പ്രൊഫഷൻ ഇതാണെന്നറിഞ്ഞ് ഭാര്യയും കുട്ടികളും വലിയ പിന്തുണയാണ് നൽകുന്നത്. എന്നെ വല്ലാതെ മിസ് ചെയ്താലും അവർ അഡ്ജസ്റ്റ് ചെയ്യുന്നു. ഭാര്യ ഡോ. സിന്ധു തിരുവനന്തപുരം ആനിമൽ ഹസ്ബന്ററിയിൽ ഡെപ്യൂട്ടി ഡയറക്ടറാണ്. മൂത്ത മകൾ ഡോ. അഞ്ജലി ബംഗളൂരു നിംഹാൻസിൽ ജോലി ചെയ്യുന്നു. ഇളയ മകൾ അപർണ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഫൈനൽ ഇയർ മെഡിസിൻ വിദ്യാർത്ഥിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |