SignIn
Kerala Kaumudi Online
Sunday, 21 September 2025 5.49 AM IST

സ്‌മൃതിപേടകം

Increase Font Size Decrease Font Size Print Page
as

ഘനനി‌ദ്ര‌യുടെ വനമദ്ധ്യത്തിലെവിടെയോ ഓർമ്മയുടെ കാറ്റുലഞ്ഞു. വെളിച്ചത്തിലേക്കുള്ള വാതിലുകളട‌ഞ്ഞുപോയ ഉറക്കത്തിന്റെ ഖനികളിലൊന്നിൽ നിന്ന് പ്രാണശ്വാസം തിരഞ്ഞ് ഒരു മിന്നാമിനുങ്ങ്, അതിന്റെ പച്ചവെളിച്ചം നീർത്തി മുകളിലേക്ക് പറന്നുതുടങ്ങി! എത്ര വർഷമായിട്ടുണ്ടാകും,​ ജീവകോശങ്ങളിൽ ഓരോന്നിനെയും നിമിഷാർദ്ധംകൊണ്ട് തരളിതമാക്കുന്ന ആ ഓർമ്മയ്ക്ക്?

ഓർമ്മ!

മസ്തിഷ്കത്തിന്റെ നിഗൂ‍‍ഢമായ ആഴങ്ങളിൽ അത് എങ്ങനെ സൂക്ഷിക്കപ്പെട്ടിരിക്കുന്നു?​ സംഭവങ്ങൾ മാത്രമല്ല,​ അതുമായി ബന്ധപ്പെട്ട ഗന്ധങ്ങൾ,​ ശബ്ദങ്ങൾ,​ ചലനങ്ങൾ... വെറുമൊരു സ്‌പർശത്തിന്റെ ഊഷ്മാവു പോലും...! ഇവയെല്ലാം ചേർന്ന് ആ അനുഭവ പരിസരമാകെ പുനർനിർമ്മിക്കപ്പെട്ട്,​ നിദ്ര‌യുടെ ലോഹപ്പുതപ്പു ഭേദിച്ച് സ്വപ്നശലഭങ്ങളായി ഓർമ്മകൾ ഉയിർകൊള്ളുന്ന സ്‌മ‌ൃതിപേടകം എവിടെയാണ്?​

​ആ ഓർമ്മയ്ക്ക് പ്രായം നാല്പതു കടന്നിരിക്കുന്നു! പിന്നിയിട്ട ഈറൻ മുടിത്തുമ്പിലെ റോസാപ്പൂവിന്റെ മണം പോലും അതുപോലെ ഉണരുന്നു. ആ ഗന്ധത്തിൽ പൊതിഞ്ഞു നില്ക്കാൻ മാത്രമായി ബസിൽ,​ തൊട്ടുപിന്നിൽ ആടിയുലഞ്ഞു നിന്ന പ്രണയസഞ്ചാരങ്ങൾ. കാലൊന്നു നീട്ടിയാൽ തൊടാവുന്നത്ര അകലത്ത്,​ മുൻബെഞ്ചിനു താഴെ ആ വെള്ളിപ്പാദസരത്തിന്റെ കിലുക്കം എന്നുമുണ്ടായിരുന്നിട്ടും പരിഭ്രമിച്ചു വിയർത്ത പകലുകൾ... എത്ര രാത്രിസ്വപ്നങ്ങളിൽ ആ കിലുക്കംകേട്ട് ഉടലും ഉറക്കവും ഉണർന്നുപോയിരിക്കുന്നു!

നിദ്ര‌യുടെ

ഖനിപുഷ്പം

നിദ്ര‌യും സ്വപ്നവും!

ശരീരത്തിന്റെ ഏറ്റവും നിഗൂഢമായ രണ്ട് ഖനിരഹസ്യങ്ങൾ. വെറുമൊരു ഉറക്കത്തിന്റെ ഇരുൾവഴികൾ പോലും ആധുനിക ശാസ്ത്രം തിരഞ്ഞുതീർന്നിട്ടില്ല. ആ വഴികളിലെങ്ങോ പിറക്കുന്ന സ്വപ്നത്തിന്റെ രാസവേഗങ്ങളാകട്ടെ,​ ഒരു സൂത്രവാക്യത്തിനും പിടിതരുന്നുമില്ല. കിടന്നാലുടൻ ഉറക്കത്തിന്റെ ആലിംഗനത്തിലാഴുന്നവർ,​ കാത്തുകാത്ത്, കണ്ണടച്ച് നിദ്ര‌യുടെ നേർത്ത ചിറകൊച്ചകൾക്ക് കാതോർക്കുന്നവർ,​ എത്ര ശ്രമിച്ചാലും ഒന്നു കൺപോളചിമ്മാൻ കഴിയാത്തവർ... രാത്രിയുടെ ഉൾക്കടലിൽ,​ ആഴത്തിലേക്കു ചെല്ലുന്തോറും ജലദളങ്ങളുടെ ഊഷ്മാവ് നേർത്തു വരുംപോലെ, നിദ്ര‌യുടെ എത്ര അടരുകൾ!

കണ്ണുകൾ മയങ്ങിയടഞ്ഞ്,​ ബോധത്തിന്റെ തെളിഞ്ഞ പരപ്പിൽ നിന്ന് ശരീരം ഉറക്കത്തിലേക്ക് മുങ്ങാംകുഴിയിട്ടു തുടങ്ങുകയാണ്. ഹൃദയമിടിപ്പിന് വേഗം കുറഞ്ഞ്,​ പേശികൾ അയഞ്ഞ്,​ ആരുമൊന്നു വിളിച്ചില്ലെങ്കിൽ നിദ്ര‌യുടെ ആഴങ്ങളിലേക്ക് നീന്തിയിറങ്ങുന്ന സുന്ദരമായ അനുഭവം.

ആരും വിളിച്ചില്ല. അരികിലുണ്ടാട്ടും മൊബൈലും ചുണ്ടനക്കിയില്ല. ഉറക്കത്തിന്റെ രണ്ടാം അടരിലേക്ക് ഊളിയിടുമ്പോൾ ശരീരോഷ്‌മാവ് താഴും,​ ശ്വാസഗതി പതുക്കെയാകും,​ ഹൃദയസ്‌പന്ദന നിരക്ക് വീണ്ടും കുറഞ്ഞ് നിശബ്ദവും നിരാമയവുമായ യഥാർത്ഥ നിദ്രാനുഭവത്തിലേക്കുള്ള യാത്രയാണ് അത്. പിന്നെയോ?​

ഞാനിപ്പോൾ ഉറക്കത്തിന്റെ കടലാഴത്തിലാണ്. ഹൃദയപേശികളുടെ മുറുക്കം അയഞ്ഞയഞ്ഞ്,​ ശ്വാസകോശങ്ങളുടെ തിടുക്കം കുറഞ്ഞ്,​ എന്റെ ജലപേടകം ഇതാ അടിത്തട്ടിന്റെ ശീതതല്പത്തിൽ അമർന്നുകിടക്കുന്നു. ശരീരകലകളുടെ നിർമ്മിതിക്ക്,​ ആന്തരാവയവ ക്രിയകളുടെ 'എൻജിൻ" ഓഫ് ചെയ്ത് കോശങ്ങളുടെ അറ്റകുറ്റപ്പണിക്ക്,​ ഉണർന്നിരുന്നപ്പോൾ ഉപയോഗിച്ചുതീർത്ത ഇന്ധനങ്ങളുടെ 'റീഫില്ലിംഗി"ന്... ഉണർച്ചയിൽ എന്നെ വീണ്ടും യോദ്ധാവാക്കി മാറ്റിയെടുക്കുന്ന ശരീരത്തിന്റെ അദ്ഭുത 'മെക്കാനിക്സ്!" അഗാധവും ഗാഢവുമായ പൂർണനിദ്ര! ദൈവത്തിന്റെ കൈകളിൽ ഞാനൊരു വെൺമേഘത്തിന്റെ തൂവൽത്തുണ്ടായി ശയിക്കുന്നു.

സ്വപ്നത്തിന്റെ

സയൻസ്

ഈ പറഞ്ഞതത്രയും ജീവശാസ്ത്രത്തിൽ ഉറക്കത്തിന്റെ രണ്ടു ഘട്ടങ്ങളുടെ ഋതുഭേദങ്ങളാണ്. നോൺ റാപ്പിഡ് ഐ മൂവ്മെന്റ് സ്ളീപ് (NREM) എന്ന,​ അടഞ്ഞ കൺപോളകൾക്കു കീഴെ കൃഷ്ണമണികൾ അനക്കമറ്റിരിക്കുന്ന ഘട്ടമാണ് NREM (നോൺ റാപ്പിഡ് ഐ മൂവ്‌മെന്റ് സ്ളീപ്)​. അതിനു തന്നെ,​ 'മയക്ക"ത്തിൽ നിന്ന് 'ഉറക്ക"ത്തിലേക്കും പിന്നെ 'അഗാധനിദ്ര‌"യിലേക്കും തുഴഞ്ഞുതാഴുന്ന മൂന്ന് ഘട്ടങ്ങൾ. ഈ ത്രിലോകവും പിന്നിട്ടാണ് സ്വപ്നങ്ങളുടെ ഗന്ധർവ യാമത്തിലേക്ക് മിഴിതുറക്കുന്ന REM (റാപ്പിഡ് ഐ മൂവ്‌മെന്റ് സ്ളീപ്)​ എന്ന,​ മസ്തിഷ്കത്തിന്റെ നിത്യനിഗൂഢമായ വിസ്മയ പ്രപഞ്ചം!

ഉണർച്ചയ്ക്ക് തൊട്ടു മുമ്പുള്ള REM ഘട്ടത്തിൽ,​ അടഞ്ഞ കൺപോളകൾക്കു താഴെ കൃഷ്ണമണികൾ പരൽമീനുകളായി തുടിക്കുന്നുണ്ടാവും. ഈ രണ്ടു പ്രധാന രംഗങ്ങളും കൂടിച്ചേർന്ന് 90 മുതൽ 120 മിനിട്ട് വരെ ദൈർഘ്യമുള്ളതത്രേ ഒരു നിദ്രാചക്രം. ഇത്തരം നാലോ അഞ്ചോ നിദ്രാ ചക്രങ്ങൾ ചേർന്നതാവും എന്റെയും നിങ്ങളുടെയും ഒരു രാത്രിയുറക്കം! ഞാനിതാ,​ REM ഉറക്കത്തിൽ ഒരു സ്വപ്നാടനത്തിന് പുറപ്പെടുകയാണ്. ഉണർന്നിരിക്കുമ്പോൾ എന്നതുപോലെ മസ്തിഷ്ക കോശങ്ങൾ ത്രസിച്ചുനില്പാണെങ്കിലും ശരീരം ഒന്നുമറിയുന്നില്ല. അത്,​ ഒരു ഹിമപ്രവാഹത്താൽ എത്രയോ കാലമായി മൂടപ്പെട്ടതുപോലെ! 'ശ്വസിക്കുന്ന മരണ"ത്തെ ഇങ്ങനെ ഓരോ രാത്രിയിലും ശരീരം പലതവണ അനുഭവിക്കുന്നു...

ഇന്നു പകൽനേരത്താണ്,​ മുന്നറിയിപ്പൊന്നുമില്ലാതെ ആ സുഹൃത്ത് കയറി വന്നത്- പഠിച്ചിരുന്ന കാലത്ത് എല്ലാ ഹൃദയരഹസ്യങ്ങളും കൈമാറിയിരുന്നവർ. കോളേജ് വിട്ട്,​ ജീവിതത്തിന്റെ അതിരില്ലാ ദൂരങ്ങൾ തുഴഞ്ഞു തളർന്ന് തിരിച്ചെത്തിയപ്പോൾ തോന്നിയത്രേ- ഒന്നു കാണണം! നാല്പത് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. എങ്കിലും,​ ഓർത്തെടുക്കാൻ ശ്രമിക്കുന്തോറും ഓരോരോ ചിത്രങ്ങൾ തെളിയുന്നു. അപ്പോഴാണ്,​ തീരെ പ്രതീക്ഷിച്ചിരിക്കാതെ ഒരു ചോദ്യം: നിന്റെ 'നിത്യകല്യാണി"യെ ഓർമ്മയുണ്ടോ?​

കാലമില്ലാത്ത

സ്മൃതിശേഖരം

ആ ഒരൊറ്റ ചോദ്യത്തിൽ ഒരു പ്രപഞ്ചം ഉണരുകയായിരുന്നു. ഉറക്കം കാത്തുകിടന്ന ആ രാത്രിയിൽ,​ നാല്പതുവർഷങ്ങളുടെ അകലം കുറഞ്ഞുകുറഞ്ഞ് ഓർമ്മയിൽ മറ്റൊരു കാലം! കണ്ണുകൾ അടഞ്ഞുപോകുന്നു.

ഒരു സ്വപ്നത്തിന്റെ പുഷ്പദലങ്ങൾ,​ തലാമസ് (thalamus) എന്ന മസ്തിഷ്കഭാഗത്തിന്റെ അലമാരകളിലൊന്നിന്റെ രഹസ്യഅറയിൽ നിന്ന്,​ പണ്ടെന്നോ ഇന്ദ്രിയാനുഭവങ്ങൾ ചേർന്ന് വരച്ചെടുത്ത ഒരു അനുഭൂതിയുടെ അവ്യക്ത ശകലങ്ങളായി സെറിബ്രൽ കോർട്ടക്സിന്റെ (cerebral cortex) നാഡീകരങ്ങൾക്കു സമ്മാനിക്കപ്പെടുന്നു. മസ്തിഷ്കമെന്ന മഹാസൃഷ്ടിയിൽ,​ മടക്കുമടക്കുകളായി ഏറ്റവും മുകൾഭാഗത്ത് പ്രതിഷ്ഠിക്കപ്പെട്ട നാഡീകോശങ്ങളുടെ 'സൗഗന്ധിക പുഷ്പ"മാകുന്നു,​ സെറിബ്രൽ കോർട്ടക്‌സ്!

വിചാരങ്ങൾ,​ യുക്തിപരിശോധനകൾ,​ ധാരണാ സൃഷ്ടികൾ,​ പ്രശ്നപരിഹാരങ്ങൾ,​ ഗണിത സങ്കീർണതകളുടെ കുരുക്കഴിക്കൽ,​ ഓർമ്മകൾ,​ സ്വപ്നങ്ങൾ തുടങ്ങി ഒരു മനുഷ്യാവതാരത്തെ എല്ലാ അർത്ഥത്തിലും ജീവസുറ്റതാക്കി നിലനിറുത്തുന്ന എല്ലാത്തരം കംപ്യൂട്ടിംഗ് ജോലികളുടെയും ഗുരുവാകുന്നു,​ സെറിബ്രൽ കോർട്ടക്സ്. തലാമസ് എന്ന പേടകത്തെക്കുറിച്ചു പറഞ്ഞപ്പോൾ,​ അവിടേയ്ക്ക് സ്മൃതിശകലങ്ങളുടെ പാരിതോഷികത്തെ എത്തിക്കുന്ന ബ്രെയിൻ സ്റ്റെം (brain stem) എന്ന മസ്തിഷ്ക കാണ്ഡത്തെക്കുറിച്ച് മിണ്ടാതിരുന്നത് മറന്നിട്ടല്ല. അതാകുന്നു,​ ഇന്ദ്രിയസന്ദേശങ്ങളെ തലച്ചോറിലേക്കും, അവിടെ നിന്ന് മസ്തിഷ്ക സന്ദേശങ്ങളെ ശരീരത്തിലേക്ക് തിരിച്ചും, പറഞ്ഞയയ്ക്കുന്ന ഇടനാഴി.

ഇവിടെ നിന്നാണ് ഓർമ്മകളുടെ ഒരു മിന്നാമിനുങ്ങ് തലാമസ് വഴി,​ സെറിബ്രൽ കോർട്ടക്സിന്റെ രാസശാലയിൽ ഒരു പൂർണസ്വപ്നമായി ഉരുവംകൊള്ളുന്നത്! തിരിച്ചറിയാൻ വയ്യാത്തവണ്ണം കീറിയെറിഞ്ഞ ആയിരം കടലാസുതുണ്ടുകൾ പെറുക്കിയടുക്കി,​ അതിൽ നിന്ന് ഒരു പ്രിയമുഖം വീണ്ടെടുക്കുന്നതു പോലെയാണ് അത്. പക്ഷേ, വർഷങ്ങൾക്കു ശേഷം വെറുമൊരു വാക്കുകൊണ്ട് പഴയൊരു പ്രിയമുഖത്തെ അതേപടി പുനർനിർമ്മിക്കുകയെന്ന അവിശ്വസനീയ പ്രക്രിയ എങ്ങനെ?

അതറിയാൻ സംഭവങ്ങളെയോ അനുഭവങ്ങളെയോ മസ്തിഷ്കം ഓർമ്മയുടെ ഏടുകളാക്കി സൂക്ഷിക്കുന്നതിന്റെ രഹസ്യം കേൾക്കണം. ഇപ്പോൾ കേട്ട ഒരു പേര്,​ ഒരു മൊബൈൽ നമ്പർ,​ ഇപ്പോൾ കണ്ട ഒരു മുഖം... അത് എത്ര നേരം മനസിലുണ്ടാകും?​ ആവർത്തിച്ച് ഓ‍ർമ്മിച്ചെടുക്കാൻ ശാഠ്യംപിടിക്കാതിരുന്നാൽ വെറും സെക്കൻഡുകൾ മുതൽ പരമാവധി ഒരു മിനിട്ട് വരെ! അത്തരം സ്മൃതിശകലമാണ് 'ഷോർട്ട് ടേം മെമ്മറി" അഥവാ ഹ്രസ്വകാല സ്മൃതി. വർഷമെത്ര കഴിഞ്ഞാലും മാഞ്ഞുപോകാത്ത നിത്യസ്‌മൃതികളുടെ (ലോംഗ് ടേം മെമ്മറി)​ അടിസ്ഥാനശിലകളാണ് 'ഷോർട്ട് ടേം മെമ്മറികൾ" എന്നു പറയാം.

നിത്യകല്യാണീ,​

നിനക്കായ്...

കാറ്റാടിമരങ്ങളുടെ നീളൻ നിഴലിൽ തൊട്ടുതൊട്ടു നില്ക്കെ, പെട്ടെന്നായിരുന്നു ചോദ്യം: 'ഇനിയെന്നു കാണും?"​

'അറിയില്ല."

പരീക്ഷകൾ കഴിഞ്ഞിരിക്കുന്നു. ഇനി കോളേജിൽ വരേണ്ട കാര്യമില്ല. ഇൻലൻഡും കവറുമല്ലാതെ, പ്രണയത്തിന് ദൂതുപോകാൻ മൊബൈലും വാട്സ്ആപ്പും ഇൻസ്റ്റഗ്രാമും ഒന്നുമില്ലാതിരുന്ന കാലത്തും രണ്ടു ഹൃദയങ്ങൾ ഒരേ ഈണത്തിൽ സ്വപ്നം കണ്ടിരുന്നുവെന്ന് പുതിയ കാലത്തിന്റെ പരിഹാസങ്ങളോട് പറഞ്ഞുവയ്ക്കുന്നത് എങ്ങനെ?​

'കത്തെഴുതുമോ?​"

'ആരെങ്കിലുമൊക്കെ അറിയില്ലേ?​"

'അറിഞ്ഞാൽ?​"

'ഒരിക്കൽ അറിയണമല്ലോ..."

'ഓർക്കുമോ,​ എന്നെ?"​

'മറക്കാൻ പറ്റുമോ,​ ഈ നിത്യകല്യാണിയെ?​"

ഓർമ്മിക്കുമെന്നോ ഒരിക്കൽ തിരഞ്ഞുവരുമെന്നോ തീർച്ച പറയാതിരുന്നിട്ടും ആ ചുണ്ടിൽ വാടിയ ഒരു ചിരി പടർന്നു. അതേ മുഖം,​ നാല്പതാണ്ടു പിന്നിട്ട ഒരൊറ്റ ചോദ്യത്തിൽ നിന്ന് ഉയിരാർന്ന് ഈ രാത്രിസ്വപ്നത്തിൽ വെറുതേ തളിർക്കുന്നു!

അത് ദീർഘകാല സ്മൃതികളുടെ മസ്തിഷ്കജാലം. ബോധമനസിന് ഒരു പങ്കുമില്ലാത്ത,​ ഉറക്കത്തിന്റെ അബോധത്തിലെപ്പോഴോ ശിരോപേടകത്തിനുള്ളിൽ സംഭവിക്കുന്ന ചില ക്രയവിക്രയങ്ങൾ! സ്വപ്നം കാണാൻ മാത്രമല്ല ഓർമ്മ. അതില്ലായിരുന്നെങ്കിലെന്ന് വെറുതെയെങ്കിലും ഓർത്തുനോക്കാൻ വയ്യ. ശരീരത്തിന്റെ നിത്യക്രിയകളിലൂടെ,​ 'ഞാനൊരു പൂർണ മനുഷ്യനാണെ"ന്ന് വിചാരത്തിലും വാക്കിലും ചലനത്തിലുമെല്ലാം നമ്മൾ ലോകത്തെ ബോദ്ധ്യപ്പെടുത്തിക്കൊണ്ടേയിരിക്കുന്നതിന്റെ അടിസ്ഥാനം തന്നെ ഓർമ്മയാണെന്ന് അറിയണം.

പെട്ടെന്നൊരു ദിവസം,​ ജീവിതത്തിന്റെ സ്മൃതിശേഖരത്തിൽ നിന്ന് കുറച്ച് ഭൂതകാലവർഷങ്ങൾ മാഞ്ഞുപോയാലോ?​ ശൈശവം,​ ബാല്യം,​ യൗവനം... ഏത് കാലവുമാകാം. ഭൂതകാലസ്മൃതികളിലാണ് വർത്തമാനത്തിന്റെയും ഭാവിയുടെയും കൈയെഴുത്തുപ്രതിയെന്ന് അപ്പോൾ അമ്പരപ്പോടെ അറിയുന്നു!

ഇന്നത്തെയും ഇന്നലത്തെയുമൊക്കെ ഹ്രസ്വകാല സ്മൃതികളെ എക്കാലത്തേക്കുമുള്ള ദീർഘകാല സ്മൃതികളാക്കി മാറ്റുന്ന ഓർമ്മകളുടെ ഘനീകരണം (memory consolidation)​ എന്നൊരു പ്രക്രിയയുണ്ട്. സ്മൃതിശകലങ്ങൾ പേറുന്ന ബ്രെയിൻ സർക്യൂട്ടിലെ ന്യൂറോണുകൾ തമ്മിലുള്ള പരസ്പരബന്ധത്തെ വീണ്ടും വീണ്ടും ഉറപ്പിച്ചുവയ്ക്കുന്നൊരു പ്രതിഭാസമാണ് അത്. അതിനിടെ ഒരു ഓർമ്മ പലതവണ തിരിച്ചുവിളിക്കപ്പെടും,​ അതുമായി ബന്ധപ്പെട്ട് മറ്റൊരിടത്ത് സൂക്ഷിക്കപ്പെട്ടിരിക്കുന്ന ശബ്ദമോ ഗന്ധമോ അനുഭൂതിയോ തിരികെയെടുത്ത് ആ ഓർമ്മയുടെ പ്രധാന പാഠവുമായി ബന്ധിക്കപ്പെടും. കുനുകുനെ കീറിപ്പോയൊരു ചിത്രത്തിന്റെ തുണ്ടുകൾ,​ ഒന്നുപോലും കളഞ്ഞുപോകാതെ പെറുക്കിയെടുത്ത് ക്ഷമയോടെ,​ കൃത്യതയോടെ അടുക്കുന്നതു പോലെ! ചിലപ്പോൾ മണിക്കൂറുകൾ,​ ചിലപ്പോൾ പല വർഷങ്ങൾ...

നിദ്ര‌യുടെ നിശ്ചലയാമങ്ങളിൽ,​ മസ്തിഷകത്തിലെ ഹിപ്പോകാമ്പസിനും സെറിബ്രൽ കോർട്ടക്സിനും ഇടയ്ക്ക് ഒരൊറ്റ ദീർഘകാല സ്മൃതിയുടെ ശില്പനിർമ്മിതി പോലും അതിസങ്കീ‍ണം. ഇതിനെയെല്ലാം ചേർത്ത് ഒരു പേര് വിളിക്കാം: 'മെമ്മറി എൻകോഡിംഗ്." ഇങ്ങനെ സെറിബ്രൽ കോർട്ടക്സിന്റെ പല അടരുകളിലായി സൂക്ഷിക്കപ്പെടുന്ന സ്മൃതിശേഖരത്തെ ഉണർത്താൻ ഒരു ഇന്ദ്രിയ സന്ദേശം മതി. ഒരു ഗന്ധംകൊണ്ട് പഴയൊരു ഓർമ്മയെയാകെ വീണ്ടെടുക്കുന്നതുപോലെ- ഓർമ്മകളുടെ ഡീകോഡിംഗ്.

ഓർമ്മയുടെ

വീണ്ടെടുപ്പ്

നാല്പതു വർഷങ്ങൾ പിന്നിട്ടിരിക്കുന്നു.

'ഓർമ്മയുണ്ടോ" എന്ന,​ പഴയ സുഹൃത്തിന്റെ ഒരൊറ്റ ചോദ്യം ശരംപോലെ ചെന്നു തറച്ചത് സെറിബ്രൽ കോർട്ടക്സ് എന്ന സ്മൃതിപേടകത്തിന്റെ മാന്ത്രികപ്പൂട്ടിലായിരുന്നു. ഇന്ദ്രിയസന്ദേശം ഞൊടിയിൽ പണിതെടുത്തൊരു താക്കോലായി,​ അത് ഓർമ്മകളുടെ രത്നഖനി തുറക്കുന്നു.

'ഓർമ്മയ്ക്കായി എന്തെങ്കിലുമൊന്ന് സമ്മാനമായി തരുമോ?​"

നിത്യകല്യാണി ഒന്നും മിണ്ടിയില്ല. ആ ചുണ്ടുകൾ വിറകൊണ്ടിരുന്നു.

'എന്ത്?​"

'ഒരിക്കലും മറക്കാനാവാത്ത എന്തെങ്കിലുമൊന്ന്..."

രസതന്ത്ര പുസ്കകത്തിന്റെ ഏടുകൾക്കിടയിൽ നിന്ന് ഒരു മയിൽപ്പീലിത്തുണ്ട് വെളിച്ചത്തിന്റെ മുഖം കണ്ടു: 'ആരും കാണാതെ കാത്തുവച്ചിരുന്നത്..."

'ആർക്കും കൊടുക്കാതെ കാത്തുവച്ചതൊന്ന് ഈ ചുണ്ടിലുണ്ടല്ലോ!"

നിമിഷംകൊണ്ട് നിത്യകല്യാണിയുടെ അധരശിഖരത്തിൽ ഒരു പാരവശ്യത്തിന്റെ മയൂരനർത്തനം. പ്രണയത്തിന്റെ കാറ്റിൽ ആ ശിഖരം ഉലഞ്ഞു. ചുംബനത്തിന്റെ ഒരു മയിൽപ്പീലിത്തുണ്ട്! ആ കീഴ്ച്ചുണ്ട് അപ്പോൾ ഉലയിൽ വീണ സ്വർണംപോലെ പൊള്ളിയിരുന്നുവെന്ന് തിരിച്ചറിഞ്ഞതു പോലും ഒരുപാടു നേരം കഴിഞ്ഞാണ്.

സെറിബ്രൽ കോർട്ടക്സ് ഇടയ്ക്കൊക്കെ യൗവനത്തിന്റെ ആ കനൽക്കഷണത്തെ ഓർമ്മയുടെ ഖനിയിൽ നിന്ന് വീണ്ടെടുത്ത്, ഉലയിലിട്ട് തിളക്കമേറ്റിക്കൊണ്ടിരുന്നു. 'ലോംഗ് ടേം മെമ്മറി" അതിനെ പ്രണയസ്‌മൃതിയുടെ ആഭരണംപോലെ സ്വയം അണിഞ്ഞുകൊണ്ടിരുന്നു.

ഒരിക്കൽ നിത്യകല്യാണിയുടെ കൈയക്ഷരത്തിൽ ഒരു കത്തു വന്നത് ഓർമ്മയുണ്ട്. വലത്തോട്ടു ചരിഞ്ഞ വയലറ്റ് അക്ഷരങ്ങളിലെഴുതിയ കത്ത്: 'അടുത്തയാഴ്ച കല്യാണമാണ്. അറിയിക്കുന്നു എന്നേയുള്ളൂ; വരില്ലെന്നറിയാം... വരരുത്!"

നിത്യസ്മൃതിയുടെ നീലപ്പീലിക്കണ്ണ് ഒന്നു തുടിച്ചു.

സെറിബ്രൽ കോർട്ടക്സിൽ ഉറവകൊണ്ടൊരു സ്മൃതികണം ന്യൂറോണുകളുടെ വിരലുകൾ കൈമാറിക്കൈമാറി, കീഴോട്ടൊഴുകി,​ ബ്രെയിൻ സ്റ്റെമ്മിന്റെ ഇടനാഴി കടന്ന് മിഴിനീർ ഗ്രന്ഥികൾക്ക് കൈമാറുന്നു. ആ കുറിമാനത്തിലെ സന്ദേശം വായിച്ച് ഗ്രന്ഥികളുടെ രാസശാല കടഞ്ഞെടുത്ത കണ്ണീർത്തുള്ളി കൺപീലികളെ നനയ്ക്കുന്നു. നാല്പതു വർഷങ്ങളുടെ സ്മൃതിദൂരം സഞ്ചരിച്ചെത്തി,​ ശരീരത്തിന്റെ സായാഹ്നഋതുവിന്റെ മുനമ്പോളമെത്തി തുളുമ്പി നില്ക്കെ,​ ഓർമ്മകളുടെ ഖനിജമായ സ്വപ്നശലഭങ്ങളേ,​ നിദ്രകളിൽ നിശബ്ദം ചിറകു നീർത്തിയാലും.

(ലേഖകന്റെ മൊബൈൽ: 99461 08237)​

TAGS: DREAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.