ടോക്കിയോ: പത്തു ദിവസത്തിലേറെയായി തെക്കു പടിഞ്ഞാറൻ ചൈന പ്രളയക്കെടുതിയിലാണ്. ഗ്വിഷോ പ്രവിശ്യയിലാണ് പ്രളയം നാശംവിതച്ചത്. നിലവിൽ സ്ഥിതി ഗതികൾ നിയന്ത്രണ വിധേയമാണെങ്കിലും റോങ്ജിയാംഗ് കൗണ്ടിയിൽ നിന്നുമാത്രം ഇതുവരെ നാല്പതിനായിരത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു. 50 വർഷത്തിനിടെയുണ്ടായ ഏറ്റവും വലിയ പ്രളയത്തിനാണ് ചൈന സാക്ഷ്യം വഹിച്ചത്. മൺസൂൺ സീസണായതിനാൽ ചൈനയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ തുടരുമെന്നും വെള്ളപ്പൊക്ക സാദ്ധ്യതാ മേഖലകളിലുള്ളവർ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട് .
അതേസമയം ചൈനയിലെ പ്രളയത്തെ ജാപ്പനീസ് മാംഗ ആർട്ടിസ്റ്റായ റിയോ തത്സുകിയുടെ പ്രവചനവുമായി ചേർത്ത് വായിക്കുന്നവരുമുണ്ട്. ഈ വർഷം ജൂലായ് അഞ്ചിന് പുലർച്ചെ 4.18ന് ജപ്പാൻ, ചൈന, തായ്‌വാൻ ഉൾപ്പെടുന്ന മേഖലയിൽ വലിയൊരു പ്രകൃതി ദുരന്തം സംഭവിക്കുമെന്നാണ് തത്സുകിയുടെ പ്രവചനം. ജാപ്പനീസ് ബാബ വാംഗ എന്നറിയപ്പെടുന്ന ഇദ്ദേഹത്തിന്റെ പ്രവചനം മേഖലയിൽ ഭീതിയും ആശങ്കയും ഉയർത്തിയിട്ടുണ്ട്. ചൈനയിലുണ്ടായ പ്രളയം ജനങ്ങളുടെ ആശങ്ക ഇരട്ടിയാക്കിയിട്ടുണ്ട്.
റിയോ തത്സുകിയുടെ ദി ഫ്യൂച്ചർ ഐ സോ എന്ന കൃതിയിലാണ് പ്രവചനമുള്ളത്. കൊവിഡ് വ്യാപനവും 2011ലെ സുനാമിയുമൊക്കെ നേരത്തെ തത്സുകി പ്രവചിച്ചിരുന്നു എന്നാണ് ഇവരുടെ ആരാധകർ അവകാശപ്പെടുന്നത്. 2011ലെ ഭൂകമ്പവും തുടർന്നുണ്ടായ സുനാമിയും ഇവരുടെ പുസ്തകത്തിന്റെ കവർ പേജിൽ തന്നെ രേഖപ്പെടുത്തിയിരന്നു. അതിൽ പറയുന്ന ദിവസമാണ് ദുരന്തമുണ്ടായതും. 1999ലാണ് പുസ്തകം പ്രിന്റ് ചെയ്തത്. എന്നാൽ 2011ലെ ദുരന്തത്തിന് പിന്നാലെയാണ് പുസ്തകം ജപ്പാനിൽ വളരെ വേഗം വിറ്റു പോയത്.
താൻ കാണുന്ന സ്വപ്നങ്ങളുടെ അടിസ്ഥാനത്തിലാണ് പുസ്തകം പുറത്തിറക്കിയത്. പലപ്പോഴായി കണ്ട 15 സ്വപ്നങ്ങളെ കുറിച്ചാണ് ഇതിൽ ഉണ്ടായിരുന്നത്. 13 എണ്ണം ഇതുവരെ സംഭവിച്ചിട്ടുണ്ടെന്നാണ് വാദം. ഡയാന രാജകുമാരിയുടെ മരണവും കൊവിഡ് വ്യാപനവുമൊക്കെ പുസ്തകത്തിൽ പരാമർശിച്ചിട്ടുണ്ടെന്ന് പറയുന്നു. അതേസമയം ഇക്കാര്യങ്ങൾക്ക് ശാസ്ത്രീയമായ അടിത്തറയൊന്നുമില്ലെങ്കിലും ജൂലായ് 5ന് നടക്കാൻ പോകുന്ന ദുരന്തത്തെ പറ്റിയുള്ള പ്രവചനം കാട്ടുതീ പോലെ പടരുകയായിരുന്നു.
ജപ്പാനും ഫിലിപ്പീൻസിനും ഇടയിൽ കടൽ തിളച്ചുമറിയുമെന്നാണ് പുസ്തകത്തിൽ പറയുന്നത്. 2025 ജൂലായ് 4.18ന് ഇത് സംഭവിക്കുമെന്നും പുസ്തകത്തിലുണ്ട്. സമുദ്രത്തിനടിയിലെ അഗ്നിപർവതങ്ങളിൽ നിന്ന് ലാവ പുറത്തേക്ക് വരാമെന്ന് ചിലർ പറയുമ്പോൾ ഭൂകമ്പമാകാം എന്ന സൂചനയാണ് ചിലർ നൽകുന്നത്.
എന്തായിലും ജനങ്ങ ഭയചകിതരാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പലരും ജപ്പാൻ, ഹോങ്കോംഗ്, തായ്‌വാൻ തുടങ്ങി ജപ്പാനും ചൈനയ്ക്കും ഇടയിലെ യാത്രകൾ റദ്ദാക്കി. ഇരു രാജ്യങ്ങളിലെയും വിനോദ സഞ്ചാര മേഖലയെയും പ്രവചനം സാരമായി ബാധിച്ചിട്ടുണ്ട്.
അതിനിടെ അനാവശ്യ ഭീതി പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ദുരന്തുമുണ്ടാകുമെന്ന പ്രവചനത്തിന് ശാസ്ത്രീയമായ തെളിവുകൾ ഒന്നുമില്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |