തൃശൂർ/പുതുക്കാട്: പ്രസവിച്ചയുടൻ ചോരക്കുഞ്ഞുങ്ങളെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി കുഴിച്ചിട്ട കേസിൽ പ്രതികളായ വെള്ളിക്കുളങ്ങര നൂലുവള്ളി മുല്ലക്കപ്പറമ്പിൽ അനീഷ (22), കാമുകൻ ആമ്പല്ലൂർ ചേനക്കാല ഭവിൻ (25) എന്നിവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഫോൺ വിളിച്ചപ്പോൾ കിട്ടാത്തതിന്റെ വിരോധത്താൽ അനീഷയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്ന് സംശയിച്ചാണ് ഇരുവരും തമ്മിലുള്ള തർക്കത്തിനൊടുവിൽ ഭവിൻ കുഞ്ഞുങ്ങളുടെ അസ്ഥികളുമായി പുതുക്കാട് സ്‌റ്റേഷനിലെത്തിയത്.
രണ്ട് കൊലപാതകങ്ങൾക്കും ശേഷം നാലും എട്ടും മാസത്തെ ഇടവേളകളിലാണ് അസ്ഥി ശേഖരിച്ച് കർമ്മം ചെയ്യാനെന്ന പേരിൽ ഇയാൾ സൂക്ഷിച്ചിരുന്നത്. 12 മണിക്കൂറാണ് ഇരുവരേയും പൊലീസ് ചോദ്യം ചെയ്തത്. കുഞ്ഞുങ്ങളെ കൊന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ തന്റെ ഒരു സുഹൃത്തിനറിയാം എന്ന് ഭവിൻ വെളിപ്പെടുത്തിയിട്ടുണ്ട്. അങ്ങനെയെങ്കിൽ ഇയാളെ കണ്ടെത്തി ചോദ്യം ചെയ്തശേഷം പ്രതിചേർക്കാനാണ് പൊലീസ് നീക്കം.
ലാബ് ടെക്‌നീഷ്യൻ കോഴ്‌സ് പഠിച്ച അനീഷയ്ക്ക് പ്രസവസംബന്ധമായ സങ്കീർണ്ണതകൾ ഒഴിവാക്കാൻ അത് സഹായകമായെന്ന് പൊലീസ് പറയുന്നു. ഗർഭിണിയായിരുന്ന സമയത്ത് അയഞ്ഞ വസ്ത്രങ്ങൾ ധരിച്ചാണ് പുറത്ത് പോയിരുന്നത്. ആദ്യ കുഞ്ഞിനെ കുഴിച്ചിടാൻ വീടിന്റെ പിൻഭാഗത്താണ് ആദ്യം കുഴിയെടുത്തത്. എന്നാൽ, അയൽവാസി ഗിരിജ ഇത് കണ്ടതിനാൽ ആ സ്ഥലം ഉപേക്ഷിച്ചു. പിന്നീട് വീടിന്റെ ഇടതുഭാഗത്തെ മാവിൻ ചുവട്ടിൽ കുഴിച്ചിട്ടു.
അസ്ഥികൾ കണ്ടെടുത്തു
കൊലചെയ്യപ്പെട്ട കുഞ്ഞുങ്ങളുടെ ശേഷിക്കുന്ന അസ്ഥികൾ കൂടി കണ്ടെടുത്ത് പൊലീസ് തെളിവെടുപ്പ് പൂർത്തിയാക്കി. ആദ്യ കുഞ്ഞിനെ കുഴിച്ചിട്ട അനീഷയുടെ വീടിന്റെ പരിസരത്തും, രണ്ടാമത്തെ കുഞ്ഞിനെ കുഴിച്ചിട്ട ഭവിന്റെ വീടിന്റെ പരിസരത്തുമായിരുന്നു തെളിവെടുപ്പ്.
തന്റെ വീട്ടിനടുത്തെ തോട്ടിലാണ് മൃതദേഹം കുഴിച്ചിട്ടതെന്ന് ഭവിൻ നൽകിയ വിവരത്തെ തുടർന്ന് മോട്ടോർ ഉപയോഗിച്ച് വെള്ളം വറ്റിച്ചാണ് തെരച്ചിൽ നടത്തിയത്.
ഇന്ന് ശാസ്ത്രീയ പരിശോധന
ശരീരാവശിഷ്ടങ്ങൾ മുളങ്കുന്നത്തുകാവ് ഗവ.മെഡിക്കൽ കോളേജിലെ ഫോറൻസിക് വിഭാഗത്തിൽ ഇന്ന് ശാസ്ത്രീയ പരിശോധന നടത്തും. അന്തിമ റിപ്പോർട്ട് തയ്യാറാക്കാൻ രണ്ടാഴ്ചയെങ്കിലും വേണ്ടിവരും. ശാസ്ത്രീയ പരിശോധനയ്ക്കുശേഷം ഡി.എൻ.എ പരിശോധനയ്ക്ക് രാമവർമ്മപുരത്തെ ഫോറൻസിക് ലാബിലേക്കും മറ്റ് പരിശോധനകൾക്ക് വിവിധ ലാബുകളിലേക്കും അയയ്ക്കും. സ്റ്റേഷനിലേക്ക് കുട്ടികളുടെ എല്ലുകളെന്ന് പറഞ്ഞ് ഭവിൻ കൊണ്ടുവന്നത് അവരുടെ തന്നെയാണോയെന്നതും പരിശോധിക്കും. ശാസ്ത്രീയ പരിശോധനാ റിപ്പോർട്ട് ലഭിച്ചാൽ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി വീണ്ടും ചോദ്യം ചെയ്തേക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |