ആലപ്പുഴ: മാരാരിക്കുളത്ത് അച്ഛൻ മകളെ തോർത്ത് കഴുത്തിൽ മുറുക്കി കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. 28 കാരിയായ എയ്ഞ്ചൽ ജാസ്മിനാണ് കൊല്ലപ്പെട്ടത്. പ്രതിയായ ജിസ്‌മോൻ എന്ന ഫ്രാൻസിസ് മണ്ണഞ്ചേരി പൊലീസിന്റെ കസ്റ്റഡിയിലാണ്. എയ്ഞ്ചലിന്റെ രാത്രിയാത്രയുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം.
യുവതി സ്ഥിരമായി രാത്രി ഒറ്റയ്ക്ക് പുറത്തു പോകുന്നതിനെ ചൊല്ലി ഇതിനു മുൻപും വീട്ടിൽ തർക്കങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. നാട്ടുകാരിൽ ചിലർ എയ്ഞ്ചലിന്റെ രാത്രിയാത്ര ശരിയല്ലെന്ന മട്ടിൽ ഫ്രാൻസിസിനോട് പറയുകയും ചെയ്തിട്ടുണ്ടെന്നാണ് വിവരം. ചൊവ്വാഴ്ച രാത്രി പുറത്തുപോയി വന്ന എയ്ഞ്ചലിനെ ഫ്രാൻസിസ് ശകാരിച്ചിരുന്നു. ഇതു വാക്കുതർക്കത്തിലേക്കും കയ്യാങ്കളിയിലേക്കുമെത്തുകയായിരുന്നു. വഴക്കിനിടെ ഫ്രാൻസിസ് എയ്ഞ്ചലിന്റെ കഴുത്തിൽ ഞെരിച്ചു. തുടർന്ന് തോർത്തിട്ട് മുറുക്കുകയായിരുന്നു. സംഭവ സമയത്ത് ഫ്രാൻസിസിന്റെ പിതാവ് സേവ്യറും, മാതാവ് സൂസിയും, ഭാര്യ സിന്ധുവും വീട്ടിലുണ്ടായിരുന്നു.
യുവതി മരിച്ചെന്ന് ഉറപ്പായതോടെ കുടുംബം രാവിലെ വരെ വീടിനുളളിൽ ആരെയും അറിയിക്കാതെ ഇരുന്നു. പുലർച്ചെ ആറ് മണിയോടെ എയ്ഞ്ചൽ മരിച്ചെന്ന് പറഞ്ഞ് കരഞ്ഞതോടെയാണ് അയൽവാസികൾ വിവരം അറിഞ്ഞത്. കരച്ചിൽ കേട്ടെത്തിയ അയൽവാസികളോട് മകൾ വിളിച്ചിട്ട് അനങ്ങുന്നില്ലെന്നാണ് കുടുംബം പറഞ്ഞത്. തുടർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. കഴുത്തിലെ പാട് ശ്രദ്ധയിൽപ്പെട്ട ഡോക്ടറാണ് പൊലീസിനെ സംശയം അറിയിച്ചത്. ഇന്നലെ രാത്രി പൊലീസ് സംഘമെത്തി വീട് പൂട്ടി. മണ്ണഞ്ചേരി പൊലീസ് ഇൻസ്പെക്ടർ ടോൾസൺ പി. ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം വീട്ടിലെത്തി വീട്ടുകാരെ പ്രത്യേകം ചോദ്യം ചെയ്തു. ഫ്രാൻസിസിന്റെ ഭാര്യ സിന്ധുവിനെ കേസിൽ പ്രതി ചേർത്തേക്കും.
ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ ലാബ് ടെക്നിഷ്യനായ എയ്ഞ്ചൽ ഭർത്താവുമായി പിണങ്ങി ആറ് മാസമായി സ്വന്തം വീട്ടിലായിരുന്നു താമസം. പോസ്റ്റ്‌മോർട്ടത്തിനുശേഷം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് രാവിലെ 11ന് വീട്ടിലെത്തിക്കും. സംസ്കാരം 12ന് ഓമനപ്പുഴ സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് പള്ളിയിൽ. ഭർത്താവ്: പ്രഹിൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |