കൊച്ചി: നടപ്പു സാമ്പത്തികവർഷം കേന്ദ്ര ചരക്ക് സേവന നികുതി (സി.ജി.എസ്.ടി), സെൻട്രൽ എക്‌സൈസ് വരുമാന സമാഹരണത്തിൽ കേരളത്തിന് മികച്ച നേട്ടം. ഏപ്രിൽ, മേയ് മാസങ്ങളിൽ ജി.എസ്.ടിയിൽ 18 ശതമാനവും സെൻട്രൽ എക്‌സൈസിൽ 14 ശതമാനവും വരുമാന വളർച്ച നേടി.
ഓഡിറ്റ്, എൻഫോഴ്‌സ്‌മെന്റ് വിഭാഗങ്ങളുടെ പരിശോധനകളിൽ കണ്ടെത്തിയ നികുതിവെട്ടിപ്പ് കേസുകളിലായി 580 കോടി രൂപ പിരിച്ചെടുത്തതായി കേരളത്തിലെ സെൻട്രൽ ടാക്‌സ്, കസ്റ്റംസ് ചീഫ് കമ്മിഷണർ ഷെയ്‌ക് ഖാദർ റഹ്‌മാൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കമ്മിഷണറേറ്റുകൾ ചേർന്നാണ് നികുതി പിരിച്ചെടുത്തത്.
ജി.എസ്.ടി മേഖലയിലെ പ്രവർത്തനത്തിന് കേരള മേഖലയ്‌ക്ക് പരോക്ഷ നികുതി, കസ്റ്റംസ് സെൻട്രൽ ബോർഡിന്റെ രണ്ട് ദേശീയ അംഗീകാരങ്ങൾ ലഭിച്ചു. ജി.എസ്.ടി രജിസ്ട്രേഷൻ അപേക്ഷകളിൽ 55 ശതമാനവും ഏഴു ദിവസത്തിനകം തീർപ്പാക്കി ദേശീയലത്തിൽ ഒന്നാമതെത്തി. ദേശീയ ശരാശരി 17 ശതമാനമാണ്. കഴിഞ്ഞ വർഷം ഫയൽ ചെയ്‌ത അപ്പീലുകളിൽ 83 ശതമാനവും തീർപ്പാക്കിയും ഒന്നാം സ്ഥാനം കരസ്ഥമാക്കി.
മൊത്തം 1.6 ലക്ഷം നികുതിദായകർ
കേരളത്തിൽ 1.6 ലക്ഷം നികുതിദായകരുണ്ട്. ജി.എസ്.ടി പഖ്‌വാഡയുടെ ഭാഗമായി മൂന്നു കമ്മിഷണറേറ്റുകളിലും ഹെൽപ്പ് ഡെസ്‌കുകൾ പ്രവർത്തിച്ചു. ഇതുവഴി 200 ലധികം പരാതികൾ പരിഹരിച്ചു.
ജി.എസ്.ടിക്ക് എട്ടു വർഷം
ജി.എസ്.ടി നടപ്പാക്കിയതിന്റെ എട്ടാം വാർഷികാഘോഷങ്ങൾ ഇന്ന് തിരുവനന്തപുരത്ത് നടക്കും. ടാഗോർ തിയേറ്ററിൽ വൈകിട്ട് നാലിന് ചേരുന്ന ചടങ്ങിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ, നടൻ മോഹൻലാൽ തുടങ്ങിയവർ പങ്കെടുക്കും. ഏറ്റവുമധികം നികുതി നൽകിയവരെ ആദരിക്കും. 2017 ജൂലായ് ഒന്നിനാണ് ജി.എസ്.ടി രാജ്യത്ത് നടപ്പാക്കിയത്.
2024-25 വർഷത്തിലെ കേരളത്തിലെ സി.ജി.എസ്.ടി വരുമാനം
33,058.56 കോടി രൂപ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |