തിരുവനന്തപുരം: ഗവർണർ ഡിജിപിയോട് ആവശ്യപ്പെട്ടത് പ്രകാരം രാജ്ഭവനിൽ നിയമിച്ച 6 പൊലീസുദ്യോഗസ്ഥരെ 24മണിക്കൂറിനകം സ്ഥലം മാറ്റിയതിൽ കടുത്ത അതൃപ്തിയുമായി രാജ്ഭവൻ. പുതിയ പൊലീസ് മേധാവി റവാഡ ചന്ദ്രശേഖറിനോട് ഗവർണർ ഇക്കാര്യത്തിലെ അതൃപ്തി അറിയിക്കും.
ഗവർണറുടെ നീക്കങ്ങളറിയാൻ സർക്കാർ നിയോഗിച്ചിരുന്ന 2 പൊലീസുകാരെ ഗവർണർ ഇടപെട്ട് ഒഴിവാക്കിയിരുന്നു. ഒരു ഡ്രൈവറും സിവിൽ പൊലീസ് ഓഫീസറും. ഇതിനു പകരവും നിലവിലുണ്ടായിരുന്ന 4 ഒഴിവുകളിലേക്കും നിയമിക്കാൻ 6പേരുടെ പട്ടിക ഗവർണർ ഡിജിപിക്ക് കൈമാറി. ഡി.ജി.പിയുടെ നിർദ്ദേശപ്രകാരം ജൂൺ 28ന് ഇറക്കിയ ഉത്തരവാണ് 24മണിക്കൂറിനകം റദ്ദാക്കിയത്. സാങ്കേതിക നടപടിയെന്നാണ് സർക്കാർ വിശദീകരണം. സർക്കാർ നിർദ്ദേശത്തെ തുടർന്നാണ് ഉത്തരവ് റദ്ദാക്കിയതെന്നാണ് പൊലീസ് ഭാഷ്യം.
ഗവർണർ ആർ.വി ആർലേക്കർ ചുമതലയേറ്റതിന് പിന്നാലെ, അദ്ദേഹത്തിന്റെ സുരക്ഷാ സംഘത്തിലെ 2 പൊലീസുകാരെ മാറ്റിയിരുന്നു. ഡി.ജി.പിയുടെ ചുമതലയുണ്ടായിരുന്ന മനോജ് എബ്രഹാമിനെ വിളിച്ച് ഗവർണർ അതൃപ്തി അറിയിച്ചതിനെത്തുടർന്ന് ഉത്തരവ് റദ്ദാക്കി. തന്റെ നിർദ്ദേശമില്ലാതെ സുരക്ഷാസംഘത്തിലുള്ളവരെ മാറ്റരുതെന്ന് ഡിജിപിയായിരുന്ന ഷേഖ് ദർവേഷ് സാഹിബിനോട് ഗവർണർ നിർദ്ദേശിച്ചിരുന്നു. മറ്റ് സുരക്ഷാ പ്രശ്നങ്ങളില്ലെങ്കിൽ, ഭരണാധികാരികൾ ആവശ്യപ്പെടുന്ന ഉദ്യോഗസ്ഥരെയാണ് ഒപ്പം നിയോഗിക്കാറുള്ളത്. പരിപാടികളിലും യാത്രകളിലും ഗവർണർക്കൊപ്പമുണ്ടാകുന്നവരാണ് ഇവർ.
കെഎപി രണ്ടാം ബറ്റാലിയനിലെ എസ്ഐ വിഎസ് അരുൺകുമാർ, വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലെ സീനിയർ സിപിഒ എ ഗോപകുമാർ, കെഎപി നാലാം ബറ്റാലിയനിലെ എം എസ് ഹിമേഷ്, എസ്എപി ബറ്റാലിയനിലെ എസ് സുഭാഷ്, ബോംബ് സ്ക്വാഡിലെ ജെബി അനീഷ്, തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് ആസ്ഥാനത്തെ സീനിയർ സിപിഒ എസ് രാജേഷ് കുമാർ എന്നിവരുടെ സ്ഥലം മാറ്റമാണ് റദ്ദാക്കിയത്. രാജ്ഭവനിലെ ഡ്രൈവർ ചുമതലയിൽ പ്രവർത്തിച്ചിരുന്ന പൊലീസ് ഡ്രൈവർ എ അനസിനെ പിൻവലിച്ച് സിറ്റി പൊലീസ് ആസ്ഥാനത്തെ സിആർ രാജേഷിനെ രാജ്‌ഭവനിലേക്ക് നിയോഗിച്ച ഉത്തരവും റദ്ദാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |