മലപ്പുറം: സൂപ്പർ സ്പെഷ്യാലിറ്റി വകുപ്പുകളിൽ മതിയായ ഡോക്ടർമാരില്ലാത്തത് മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സ തേടുന്ന രോഗികൾക്ക് ദുരിതമാകുന്നു. ന്യൂറോളജി, നെഫ്രോളജി വിഭാഗങ്ങളിൽ ഓരോ ഡോക്ടർമാരും കാർഡിയോളജിയിൽ രണ്ട് ഡോക്ടർമാരുമാണ് ആകെയുള്ളത്. ന്യൂറോളജി, നെഫ്രോളജി വിഭാഗങ്ങളിൽ ആഴ്ചയിൽ ഒരുദിവസവും കാർഡിയോളജിയിൽ രണ്ട് ദിവസവുമാണ് ഒ.പിയുള്ളത്. നെഫ്രോളജിയിലും 50 പേർക്കും ന്യൂറോളജിയിൽ 60 പേർക്കും മാത്രമാണ് പ്രവേശനം അനുവദിക്കുക. തിങ്കൾ, വ്യാഴം ദിവസങ്ങളിലായി കാർഡിയോളജിയിൽ 300 പേരെ പരിശോധിക്കും. എന്നാൽ ഇതിന്റെ പലയിരട്ടി രോഗികൾ പരിശോധനയ്ക്ക് അവസരം ലഭിക്കാതെ പുറത്തുനിൽക്കുന്നുണ്ട്.
ഏറെ മുറവിളികൾക്ക് ശേഷമാണ് മഞ്ചേരി മെഡിക്കൽ കോളേജിൽ ന്യൂറോളജി, നെഫ്രോളജി വിഭാഗങ്ങൾ തുടങ്ങിയത്. രോഗികൾ അതിരാവിലെയെത്തി ക്യൂ നിന്നാൽ പോലും ഡോക്ടറെ കാണിക്കാൻ അവസരം ലഭിക്കാതെ നിരാശരായി മടങ്ങേണ്ടിവരുന്നത് ഇവിടത്തെ സ്ഥിരംകാഴ്ചയാണ്. ഇവർക്ക് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുകയോ ഇതല്ലെങ്കിൽ വരും ആഴ്ചകളിലും ക്യൂ നിന്ന് ഭാഗ്യപരീക്ഷണത്തിന് തയ്യാറാവുകയോ ചെയ്യാം. സ്വകാര്യ ആശുപത്രികളിൽ സൂപ്പർ സ്പെഷ്യാലിറ്റി വകുപ്പുകളിൽ ഡോക്ടറുടെ ഫീസ് തന്നെ സാധാരണക്കാർക്ക് താങ്ങാനാവില്ല. സർക്കാർ ആശുപത്രികളിൽ മഞ്ചേരി മെഡിക്കൽ കോളേജിൽ മാത്രമാണ് ന്യൂറോളജി, നെഫ്രോളജി, കാർഡിയോളജി വിഭാഗങ്ങളുള്ളത്. ഒരു ഡിപ്പാർട്ട്മെന്റിൽ ചുരുങ്ങിയത് ഒരു പ്രൊഫസറും അസോസിയേറ്റ് പ്രൊഫസറും രണ്ട് അസി.പ്രൊഫസർമാരും മൂന്ന് എസ്.ആർ റെസിഡന്റ്‌സും വേണമെന്ന് നാഷണൽ മെഡിക്കൽ കൗൺസിൽ നിർദ്ദേശിക്കുമ്പോൾ മഞ്ചേരി മെഡിക്കൽ കോളേജിലെ പല ഡിപ്പാർട്ട്മെന്റുകളിലെയും സ്ഥിതിയിതല്ല.
ആൻജിയോപ്ലാസ്റ്റി കുറഞ്ഞു
അടിയന്തിരമായ കാർഡിയോളജി ഡിപ്പാർട്ട്മെന്റിലെങ്കിലും ആവശ്യത്തിന് ഡോക്ടർമാരെ നിയമിക്കണമെന്ന ആവശ്യം ശക്തമാണ്. മാസത്തിൽ നൂറ് ആൻജിയോപ്ലാസ്റ്റി ചെയ്തിരുന്ന ഇവിടെ ഇപ്പോൾ പകുതിയിൽ താഴെ മാത്രമാണ് നടക്കുന്നതെന്നാണ് വിവരം. അടിയന്തര സാഹചര്യങ്ങളിൽ ജീവൻ രക്ഷിക്കാൻ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടി വരും. ആയിരത്തിലധികം രോഗികളാണ് ദിവസേന മെഡിക്കൽ കോളേജിലെ ഒ.പി ബ്ലോക്കിലെത്തുന്നത്. ജനറൽ, ഗൈനക്, മറ്റ് സ്പെഷ്യാലിറ്റി വകുപ്പുകളിൽ അടുത്തിടെ നിയമനങ്ങൾ കൂടുതലായി നടന്നത് രോഗികൾക്ക് ആശ്വാസമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |