കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ കെട്ടിടം ഇടിഞ്ഞു വീണ് രോഗിയുടെ അമ്മ മരിച്ച സംഭവത്തിൽ പ്രതികരിച്ച് സൂപ്രണ്ട് ഡോ. ടി കെ ജയകുമാർ.. കെട്ടിടം ഇടിഞ്ഞു വീണ വിവരം തിരക്കിയപ്പോൾ 2 പേർക്ക് പരിക്ക് പറ്റി എന്നതല്ലാതെ മറ്റ് കുഴപ്പങ്ങൾ ഇല്ലായെന്നാണ് ആദ്യമറിഞ്ഞത്. പൊലീസിന്റെയും, ഫയർ ഫോഴ്സിന്റെയും ഭാഗത്തുനിന്നും അത്തരം റിപ്പോർട്ടാണ് ലഭിച്ചത്. താനാണ് മന്ത്രിയോടും ഇക്കാര്യം ധരിപ്പിച്ചത്.
കെട്ടിടത്തിന് ബലക്ഷയം ഉണ്ടായിരുന്നു എങ്കിലും പൂർണമായും അവിടുത്തെ പ്രവർത്തനങ്ങൾ നിർത്താൻ പറ്റുന്ന സാഹചര്യമല്ലായിരുന്നു എന്നും ഉത്തരവാദിത്വം ഏറ്റെടുക്കുന്നു എന്നും ഡോ. ജയകുമാർ പറഞ്ഞു.
കെട്ടിടാവശിഷ്ടങ്ങളുടെ അടിയിൽ ആരുമില്ലെന്ന് മന്ത്രിമാർക്ക് വിവരം നൽകിയത് താനാണെന്ന് ജയകുമാർ പറഞ്ഞു. സംഭവസ്ഥലത്ത് എത്തിയപ്പോൾ കിട്ടിയ പ്രാഥമിക വിവരം മാത്രമാണ് മന്ത്രിമാർക്ക് കൈമാറിയതെന്നും അദ്ദേഹം വ്യക്തമാക്കി. തെരച്ചിൽ വൈകിയതിന്റെ പൂർണമായ ഉത്തരവാദിത്വം ഞാൻ ഏറ്റെടുക്കുന്നു. മന്ത്രിമാർ ഉൾപ്പെടെയുള്ള സംഘം അവിടെ എത്തിയപ്പോൾ വിവരങ്ങൾ കൈമാറിയത് ഞാനാണ് , പ്രാഥമികമായ അവിടെയുണ്ടായിരുന്ന ഉദ്യോഗസ്ഥരുമായി സംസാരിച്ച ശേഷമാണ് കെട്ടിടത്തിനുള്ളിൽ ആരും കുടുങ്ങിക്കിടപ്പില്ല എന്ന വിവരം മന്ത്രിമാരെ അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു.
കെട്ടിടത്തിലെ എല്ലാ സേവനങ്ങളും നിറുത്തി വയ്ക്കാൻ ആവുമായിരുന്നില്ല, ശൗചാലയം ഉപയോഗിക്കുന്നതിനായി ആളുകൾ ആശുപത്രി കെട്ടിടം ഉപയോഗിച്ചിരുന്നു. ഇടയ്ക്ക് പൂട്ടിയിട്ടുവെങ്കിലും രോഗികളുടെ എണ്ണം വർദ്ധിച്ചതോടെ വീണ്ടും തുറന്നു കൊടുത്തുവെന്നും ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |