കൊച്ചി: ശിഷ്യർക്ക് അറിവ് പകരുന്ന ഋഷി തുല്യനാണ് ഗുരു എന്നാണ് രാജ്യത്തിന്റെ സംസ്‌കാരം പഠിപ്പിക്കുന്നതെന്ന് ഹൈക്കോടതി. വൈജ്ഞാനിക ഉന്നമനത്തിലേക്കും ആത്മീയ തിരിച്ചറിവുകളിലേക്കും നയിക്കുന്ന പരിപൂർണ ജന്മങ്ങളായിരുന്നു അവർ. ശിഷ്യരെ സ്വന്തം കുടുംബാംഗങ്ങളായി കരുതി സ്‌നേഹത്തോടെ സംരക്ഷിക്കുകയും അറിവുകൾ പകരുകയും ചെയ്യുന്നതായിരുന്നു ഗുരുകുല വിദ്യാഭ്യാസ രീതിയെന്നും ജസ്റ്റിസ് ഡി.കെ. സിംഗ് വ്യക്തമാക്കി. നാലാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചെന്ന കേസുമായി ബന്ധപ്പെട്ട് സ്‌കൂൾ അധികൃതർ സ്വീകരിച്ച അച്ചടക്ക നടപടികൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മലപ്പുറം വണ്ടൂരിലെ അറബിക് അദ്ധ്യാപകൻ നൽകിയ ഹർജി തള്ളിയ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
2023 ജനുവരിയിലായിരുന്നു സംഭവം. കുട്ടിയുടെ അമ്മ പ്രധാന അദ്ധ്യാപകനെ അറിയിച്ചതിനെ തുടർന്നായിരുന്നു കേസ്.
പെൺകുട്ടിയും അമ്മയും പിന്നീട് കേസിൽനിന്ന് പിന്മാറിയതിനെ തുടർന്ന് കോടതി ക്രിമിനൽ നടപടികൾ അവസാനിപ്പിച്ചിരുന്നു. മറ്റു നടപടികളും അവസാനിപ്പിക്കണമെന്നായിരുന്നു ഹർജിക്കാരന്റെ ആവശ്യം. ക്രിമിനൽ കേസ് അവസാനിക്കുന്നത് വകുപ്പുതല അന്വേഷണത്തെ ബാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |