തിരുവനന്തപുരം: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് രാജ്യത്തെ വിദ്യാർത്ഥികളുമായി സംവദിച്ച് ഇന്ത്യൻ ഗഗനചാരി ശുഭാംശു ശുക്ള. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസും നാസയും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിലാണ് വിദ്യാർത്ഥികൾക്ക് ശുഭാംശുവുമായി സംവാദത്തിന് അവസരമൊരുങ്ങിയത്.
തിരുവനന്തപുരത്തെ വി.എസ്.എസ്.സിയിലും ലക്നൗവിലെ ഐ.എസ്.ആർ.ഒ കേന്ദ്രവുമായിരുന്നു വേദി. വി.എസ്.എസ്.സിയിൽ നടന്ന പരിപാടിയിൽ നവോദയ, കേന്ദ്രീയ വിദ്യാലയങ്ങളിലെ നൂറോളം വിദ്യാർത്ഥികളും ജില്ലാകളക്ടറുടെ സൂപ്പർ 100 ഗ്രൂപ്പിൽ തിരഞ്ഞെടുക്കപ്പെട്ട നൂറോളം വിദ്യാർത്ഥികളുമാണ് പങ്കെടുത്തത്.
ആക്സിയം 4 മിഷൻ കമാൻഡുമായി ബന്ധപ്പെടാനുള്ള ലിങ്കിലൂടെയാണ് ശുഭാംശു വിദ്യാർത്ഥികളുമായി സംസാരിക്കാൻ സ്ക്രീനിലെത്തിയത്. ഉച്ചയ്‌ക്ക് 2.30 മുതൽ 2.40 വരെയായിരുന്നു പരിപാടി. കുട്ടികളുടെ ചോദ്യങ്ങൾ മുൻകൂട്ടി നൽകിയായിരുന്നു പരിപാടി.
ചോദ്യം ചോദിച്ചത് ഒരാൾ
സമയക്കുറവ് മൂലം ഒരാളാണ് ചോദ്യങ്ങൾ ചോദിച്ചത്. അതിന് ശുഭാംശു മറുപടി നൽകുകയായിരുന്നു. സ്പെയ്സ് സ്റ്റേഷനിൽ ജീവിക്കുന്ന ആളെ നേരിട്ട് കണ്ടതിന്റെ ത്രില്ലിലായിരുന്നു വിദ്യാർത്ഥികൾ. നമുക്കും ബഹിരാകാശത്ത് പോകാനാകും എന്നതിന്റെ ജീവിക്കുന്ന തെളിവാണ് താനെന്ന് ശുഭാംശു പറഞ്ഞു. ഇന്ത്യക്കാർ അത്രയ്‌ക്ക് വളർന്നുകഴിഞ്ഞു. നിങ്ങൾ ശ്രമിച്ചാൽ ഇതിലും ഏറെ മുന്നോട്ട് പോകാൻ വരുംനാളുകളിൽ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ബഹിരാകാശത്ത് എങ്ങനെ ജീവിക്കുമെന്നും അപ്പോൾ നമുക്ക് എന്ത് മാറ്റമാണുണ്ടാകുകയെന്നും കുട്ടികൾ ചോദിച്ചു. മാറ്റമുണ്ടാകുമെന്നും അതെങ്ങനെയെന്ന് വഴിയേ അറിയാനാകുമെന്നും ശുഭാംശു മറുപടി നൽകി. സംവാദത്തിന്റെ വിശദാംശങ്ങൾ പ്രധാനമന്ത്രിയുടെ ഓഫീസിന് കൈമാറിയിട്ടുണ്ടെന്നും പിന്നീട് പി.എമ്മിന്റെ എക്‌സ് പേജിലൂടെ പുറത്തിറക്കുമെന്നും ഐ.എസ്.ആർ.ഒ വൃത്തങ്ങൾ സൂചിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |