വാരണാസി: ഉത്തർപ്രദേശിലെ വാരണസിയിൽ കോളേജ് വിദ്യാർത്ഥിനിയുടെ മൃതദേഹം പുതപ്പിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തി.വാരണാസി സ്വദേശി അൽക്ക (22) ആണ് മരിച്ചത്. രൂപാപൂരിലെ വിധാൻ ബസേര ധാബയിലെ ഒരു മുറിക്കുള്ളിലാണ് കഴുത്തറുത്ത് പുതപ്പിൽ പൊതിഞ്ഞ നിലയിൽ എംഎസ്‌സി വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ കാമുകൻ സാഹബ് ബിന്ദിനെ പൊലീസ് അറസ്റ്റു ചെയ്തു.
ബുധനാഴ്ച രാവിലെ 9.30 ഓടെ വീട്ടിൽ നിന്നും കോളേജിലേക്ക് പോയ അൽക്ക ഇരുട്ടിയിട്ടും തിരിച്ചെത്തെയില്ല. ഇതോടെ അൽക്കയെ കാണാനില്ലെന്ന് പറഞ്ഞ് കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു. അൽക്കയെ കാണാതായതിനുശേഷം, പൊലീസും കുടുംബാംഗങ്ങളും യുവതിയെ തിരഞ്ഞ് ഏറെ അലഞ്ഞു.
യുവതിയുടെ കോൾ ലിസ്റ്റുകളും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ച പൊലീസ് രാത്രി വൈകിയാണ് ധാബയുടെ മുറിയിൽ നിന്നും മൃതദേഹം കണ്ടെത്തിയത്. അതിനു ശേഷമാണ് കാമുകൻ സാഹബ് ബിന്ദിനെ കണ്ടെത്തുകയും പിന്നീട് ഭാദോഹിയിലെ സഹോദരിയുടെ വീട്ടിൽ നിന്ന് പിടികൂടുകയും ചെയ്തത്. അറസ്റ്റു ചെയ്യുന്നതിനിടെ ഒരു പൊലീസുകാരന്റെ കൈയിൽ നിന്ന് ഇയാൾ തോക്ക് പിടിച്ചുവാങ്ങി സംഘത്തിന് നേരെ വെടിയുതിർക്കാൻ ശ്രമിച്ചിരുന്നു.എന്നാൽ പൊലീസ് ഇയാളെ സാഹസികമായി കീഴപ്പെടുത്തി. ഉന്തും തള്ളിനുമിടയിൽ പ്രതിയുടെ കാലിനും വെടിയേറ്റു.
വിവാഹം കഴിക്കണമെന്നും പണം നൽകണമെന്നും ആവശ്യപ്പെട്ട് അൽക്ക നിരന്തരമായി ശല്ല്യം ചെയ്തിരുന്നു. ഇതിൽ പ്രകോപിതനായാണ് യുവതിയെ കൊലപ്പെടുത്തിയതെന്ന് ചോദ്യം ചെയ്യലിനിടെ ബിന്ദ് കുറ്റം സമ്മതിച്ചിട്ടുണ്ട്. 2024ലെ ഒരുവിവാഹ ചടങ്ങിൽ വച്ചാണ് ഇരുവരും ആദ്യമായി കാണുന്നത്. അതിനു ശേഷം പലയിടത്തു വച്ചും നിരന്തരമായി കാണാൻ തുടങ്ങി. പിന്നീട് പതിവായി പണത്തിനു വേണ്ടി യുവതി സമ്മർദ്ദം ചെലുത്താൻ തുടങ്ങിയതാണ് ബന്ധം വഷളായതെന്നും കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് പറഞ്ഞു.
ബുധനാഴ്ചയാണ് ധാബയിലെ ഒരു മുറിയിലേക്ക് അൽകയെ ബിന്ദ് വിളിച്ചു വരുത്തി അവിടെ വച്ച് കഴുത്തറുത്ത് കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് യുവതിയുടെ മൊബൈൽ ഫോണും അഡ്മിറ്റ് കാർഡും ഉപയോഗിച്ച് പ്രതി ഓടി രക്ഷപ്പെട്ടു. മുറി വൃത്തിയാക്കാനെത്തിയ ധാബ ജീവനക്കാരനാണ് മൃതദേഹം ആദ്യം കണ്ടത്.
ഇയാൾ പൊലീസിനെ വിവരമറിയിച്ചതോടെയാണ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അനാസ്ഥ കാണിച്ചുവെന്ന് ആരോപിച്ച് യുവതിയുടെ കുടുംബം പൊലീസ് സ്റ്റേഷനിൽ പ്രതിഷേധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |