കോഴിക്കോട്: സംസ്ഥാനത്ത് നിപ കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ മൂന്ന് ജില്ലകളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ജാഗ്രതാ നിർദേശം.
പാലക്കാട് നിപ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ച വാർഡുകളിൽ വ്യാപാര സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ളവ തുറന്നുപ്രവർത്തിക്കാൻ പാടില്ല എന്ന് കളക്ടർ അറിയിച്ചു. പ്രദേശത്തെ മൂന്ന് സ്‌കൂളുകൾ താത്കാലികമായി അടക്കാൻ മണ്ണാർക്കാട് എഇഒ നിർദേശം നൽകി.
രോഗലക്ഷണങ്ങളോടെ മലപ്പുറം പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള പാലക്കാട് സ്വദേശിനിയായ 38കാരിയ്ക്കാണ് ഇപ്പോൾ നിപ സ്ഥിരീകരിച്ചിരിക്കുന്നത്. പൂനെ വൈറോളജി ലാബിലേക്ക് അയച്ച സാമ്പിളിന്റെ ഫലം പോസിറ്റീവാണ്. നൂറിലധികം പേർ ഇവരുടെ ഹൈറിസ്‌ക് സമ്പർക്ക പട്ടികയിലുണ്ട്. യുവതിയുടെ ആരോഗ്യനില ഗുരുതരമാണ്.
കോഴിക്കോട് മെഡിക്കൽ കോളേജിലെ ലാബിൽ നടത്തിയ പരിശോധനയിൽ ഇവരുടെ ഫലം പോസിറ്റീവായിരുന്നു. തുടർന്നാണ് സാമ്പിൾ പൂനെയിലേക്ക് അയച്ചത്. ഇതുകൂടാതെ മലപ്പുറം മങ്കടയിൽ മരിച്ച പതിനേഴുകാരിക്കും നിപ സംശയിക്കുന്നുണ്ട്. കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ പ്രാഥമിക നിപ പരിശോധനാഫലം പോസിറ്റീവാണ്. രോഗം സ്ഥിരീകരിക്കാനായി സാമ്പിൾ പൂനെയിലെ വൈറോളജി ലാബിലേക്ക് അയച്ചിരിക്കുകയാണ്. ഇതിന്റെ റിസൽട്ട് കൂടി വരുന്ന മുറയ്ക്ക് കൂടുതൽ നടപടികളിലേക്ക് കടന്നേക്കും. സ്റ്റേറ്റ് ഹെൽപ് ലൈനും ജില്ലാ ഹെൽപ് ലൈനും രൂപീകരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |