യൂട്യൂബിലും ഇൻസ്റ്റഗ്രാം റീൽസിലും ഇപ്പോൾ മോണിക്ക തരംഗമാണ്. സൂപ്പർ സ്റ്റാർ രജനികാന്തിന്റെ 'കൂലി"യിലെ ഹൈ-എനർജി റെട്രോ ഡാൻസ്-പോപ്പ്. പൂജ ഹെഗ്ഡെയും സൗബിൻ ഷാഹിറും തകർത്താടിയ മോണിക്ക ഗാനം കൂലിയെ ജനപ്രിയമാക്കിയ ഏറ്റവും വലിയ ഘടകങ്ങളിൽ ഒന്നാണ്. ഇറ്റാലിയൻ നടി മോണിക്ക ബെലൂചിയ്ക്കുള്ള ആദരം കൂടിയാണ് ഗാനം. ചിത്രത്തിന്റെ സംവിധായകൻ ലോകേഷ് കനകരാജ് മോണിക്കയുടെ വലിയ ഫാനാണ്. ലോകമെമ്പാടുമുള്ള ആരാധകരെ വിസ്മയിപ്പിച്ച മോണിക്കയുടെ ഗ്ലാമറും എനർജിയും പ്രതിഫലിപ്പിക്കുന്ന തരത്തിലാണ് ഗാനത്തിന്റെ വരികൾ ചിട്ടപ്പെടുത്തിയിട്ടുള്ളത്.
ആരാണ് മോണിക്ക ബെലൂചി....ഇറ്റലിയിൽ നിന്നെത്തി അമേരിക്കൻ, ഫ്രഞ്ച് സിനിമാപ്രേമികളുടെ ഹൃദയം കവർന്ന സുന്ദരി. ഇതിഹാസ നടി സോഫിയ ലോറന് ശേഷം ഹോളിവുഡിന്റെ ചരിത്രത്തിൽ ഇത്രയധികം തിളങ്ങിയ ഇറ്റാലിയൻ നടി വേറെയില്ല. ലോകത്തെ ഏറ്റവും സുന്ദരിയായ സ്ത്രീയെന്ന വിശേഷണത്തിനുടമ. സിനിമാ ലോകത്ത് മോണിക്കയ്ക്ക് മാത്രം അവകാശപ്പെടാൻ കഴിയുന്ന നേട്ടങ്ങൾ അനവധിയാണ്.
ഇൻഗ്രിഡ് ബെർഗ്മാൻ, ഓഡ്രി ഹെപ്ബേൺ, പെനലോപീ ക്രൂസ് തുടങ്ങി ലോകത്തെ ഏറ്റവും ജനപ്രിയ യൂറോപ്യൻ നടിമാരുടെ പട്ടിക പൂർണമാകണമെങ്കിൽ മോണിക്കയുടെ പേര് തലയെടുപ്പോടെ മുൻപന്തിയിലുണ്ടാകണം. മദ്ധ്യ ഇറ്റലിയിലെ അംബ്രിയയിൽ ജനിച്ച മോണിക്ക 13 -ാം വയസിൽ മോഡലിംഗ് ലോകത്തേക്ക് ചുവടുവയ്ക്കുകയും പിന്നീട് ഡിസ്നി കഥകളെ വെല്ലും തരത്തിൽ ഗ്ലാമറിന്റെ ലോകത്തെ ഒരു മോഡേൺ രാജകുമാരിയായി വളരുകയുമായിരുന്നു.
മോഡലിംഗിൽ അത്യാഡംബരത്തിന്റെ പ്രതീകമായി മോണിക്ക മാറി. മിലാൻ, പാരീസ്, ന്യൂയോർക്ക് തുടങ്ങി ഫാഷന്റെ ഈറ്റില്ലങ്ങളിലേക്ക് മാറിമാറി സഞ്ചരിച്ചു. എൽ, വോഗ് തുടങ്ങിയ മാഗസിനുകളുടെ കവറിൽ മോണിക്കയുടെ മുഖം തിളങ്ങി. സിനിമയിൽ എത്തുംമുന്നേ മോഡലിംഗ് മോണിക്കയെ കോടീശ്വരിയാക്കി മാറ്റി.
ലക്ഷ്വറി ബ്രാൻഡുകളുടെയും ഫാഷൻ ഹൗസുകളുടെയും മൂല്യമേറിയ മോഡലായി മാറിയ മോണിക്കയെ മെഡിറ്ററേനിയൻ സൗന്ദര്യത്തിന്റെ ഐക്കണായി വാഴ്ത്തി. സിനിമയിലും മോണിക്കയ്ക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. തൊട്ടതെല്ലാം പൊന്നാക്കിയ ഭാഗ്യദേവതയെന്ന് പറയുന്നതാകും ശരി.
ചെറുപ്പത്തിൽ തന്നെ ഫാഷനഷോടും സിനിമയോടും മോണിക്ക എന്ന പെൺകുട്ടിക്ക് പ്രത്യേക താത്പര്യമായിരുന്നു. വിറ്റോറിയോ ഡി സികയുടെയും ഫെഡറികോ ഫെല്ലിനിയുടെയും റോബർട്ടോ റോസല്ലിനിയുടെയും സിനിമകൾ മോണിക്ക ആവേശത്തോടെ കണ്ടു. ആദ്യ ചിത്രമായ ദ റാഫ്ളിലൂടെ (1991) മോണിക്കയുടെ സൗന്ദര്യം ഇറ്റലിയും കടന്ന് അമേരിക്കയിലും ചർച്ചയായി.
തൊട്ടടുത്ത വർഷം ഗാരി ഓൾഡ്മാൻ കേന്ദ്രകഥാപാത്രമായ ബ്രാം സ്റ്റോക്കേഴ്സ് ഡ്രാക്കുളയിൽ മോണിക്കയ്ക്കും വേഷം ലഭിച്ചു. ഫ്രഞ്ച് ചിത്രമായ ദ അപ്പാർട്ട്മെന്റ് (1996) കരിയറിൽ വഴിത്തിരിവായി. പക്ഷേ, മോണിക്ക എന്ന നടിയെ ആഗോളതലത്തിൽ എന്നും ഓർക്കുന്നത് നിരൂപക പ്രശംസ നേടിയ മലേനയിലൂടെയാണ് (2000). ദ മേട്രിക്സ് റീലോഡഡ്, ദ പാഷൻ ഒഫ് ദ ക്രൈസ്റ്റ്, ഹൗ മച്ച് ഡൂ യൂ ലവ് മീ, മെമ്മറി, ദ ഏജസ് ഒഫ് ലവ് തുടങ്ങി ഒട്ടനവധി ചിത്രങ്ങളിൽ മോണിക്ക അഭിനയിച്ചു.
ജെയിംസ് ബോണ്ട് ചിത്രമായ സ്പെക്ടറിൽ (2015) ഡാനിയൽ ക്രെയ്ഗിനോടൊപ്പം 'ബോണ്ട് ഗേൾ" ആയി തിളങ്ങുമ്പോൾ മോണിക്കയ്ക്ക് പ്രായം 50 ആയിരുന്നു. ജെയിംസ് ബോണ്ട് പരമ്പരയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ ബോണ്ട് ഗേളായാണ് മോണിക്കയെ കണക്കാക്കുന്നത്.
പ്രശസ്തിയുടെ കൊടുമുടിയിൽ ജീവിച്ച മോണിക്കയുടെ സ്വകാര്യ ജീവിതവും വാർത്തകളിൽ നിറഞ്ഞിരുന്നു. ആദ്യ വിവാഹം പരാജയപ്പെട്ടതോടെ ഫ്രഞ്ച് നടൻ വിൻസെന്റ് കാസലിനെ അവർ വിവാഹം ചെയ്തു. അപ്പാർട്ട്മെന്റിൽ മോണിക്കയ്ക്ക് ഒപ്പം അഭിനയിച്ച വിൻസെന്റ് മറ്റ് എട്ടോളം ചിത്രങ്ങളിലും അവർക്കൊപ്പം സ്ക്രീനിലെത്തി. മോഡലും നടിയുമായ ഡേവ കാസൽ അടക്കം രണ്ട് പെൺമക്കളാണ് ഇവർക്ക്.
2013ൽ ഇരുവരും വേർപിരിഞ്ഞു. പിന്നീട് അമേരിക്കൻ സംവിധായകൻ റ്റിം ബർട്ടൺ മോണിക്കയുടെ ജീവിത പങ്കാളിയായി.
ഫ്രഞ്ച് ആഡംബര ആഭരണ ബ്രാൻഡായ കാർട്ടിയേയുടെ ബ്രാൻഡ് അംബാസഡറാണ് മോണിക്ക. റെഡ് കാർപ്പറ്റുകളിൽ മൂല്യമേറിയ ആഭരണങ്ങളും വസ്ത്രങ്ങളും ധരിച്ചെത്തുന്ന മോണിക്കയെന്ന സ്റ്റൈൽ ഐക്കണെ ഇതിഹാസ നടി എലിസബത്ത് ടെയ്ലറിന്റെ ഫാഷൻ സെൻസുമായി ഉപമിക്കുന്നവർ ഏറെയാണ്. ഇന്ന് അറുപതാം വയസിൽ എത്തിനിൽക്കുമ്പോഴും മോണിക്ക ബെലൂചിയോടുള്ള ലോകത്തിന്റെ ആരാധനയ്ക്ക് യുവത്വം മാഞ്ഞിട്ടില്ല. മോണിക്കയെന്ന പേര് പാട്ടായും കഥയായും തിരമാല പോലെ പ്രേക്ഷക ഹൃദയങ്ങളെ ആവേശം കൊള്ളിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |