വാഷിംഗ്ടൺ: യുഎസിലെ ടെക്‌സസിൽ കനത്ത മഴയെത്തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 43 ആയി ഉയർന്നു. മരിച്ചവരിൽ 15 കുട്ടികളും ഉൾപ്പെടുന്നു. ഗ്വാഡലപ് നദിക്കരയിലെ സമ്മർ ക്യാമ്പിൽ പങ്കെടുക്കാനെത്തിയ 27 പെൺകുട്ടികളെ ഒഴുക്കിൽപ്പെട്ട് കാണാതായി. ടെക്‌സസിലെ സാൻ അന്റോണിയോസിന്റെ വടക്കുപടിഞ്ഞാറൻ മേഖലയിലാണ് കനത്ത പ്രളയം ഉണ്ടായത്. 850ൽ അധികം പേരെ രക്ഷപ്പെടുത്തിയതായി അധികൃതർ അറിയിച്ചു.
ശക്തമായ മഴയ്ക്ക് പിന്നാലെ ഒറ്റ മണിക്കൂർ കൊണ്ട് ടെക്‌സസിലെ കെർ കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ഗ്വാഡലപ് നദിയിലെ ജലം 29 അടി വരെ ഉയർന്നതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് വിവരം. കാണാതായവർക്കായി അധികൃതർ തെരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്. ആയിരത്തോളം പേരെ മേഖലയിൽ നിന്ന് ഒഴിപ്പിച്ചു. അതേസമയം, പ്രദേശത്ത് പ്രളയ മുന്നറിയിപ്പ് ലഭിച്ചിരുന്നില്ലെന്നാണ് പ്രാദേശിക അധികൃതർ പറഞ്ഞത്.
മിന്നൽ പ്രളയത്തെത്തുടർന്ന് നിരവധി വീടുകളും മരങ്ങളും വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോകുന്നതിന്റെ വീഡിയോകൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. വരും ദിവസങ്ങളിലും മഴ ശക്തി പ്രാപിക്കുമെന്നതിനാൽ കൂടുതൽ നാശനഷ്ടങ്ങൾക്ക് സാദ്ധ്യതയുണ്ടെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്. വെള്ളിയാഴ്ച വൈകുന്നേരം മുതൽ ക്യാമ്പ് സൈറ്റിൽ ട്രക്കുകളെത്തി ആളുകളെ പുറത്തെത്തിക്കാൻ തുടങ്ങിയതായി യുഎസ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നും അധികൃതർ പറയുന്നു. 12 മുതിർന്നവരുടെയും അഞ്ച് കുട്ടികളുടെയും മൃതദേഹങ്ങൾ ഇനിയും തിരിച്ചറിയാനുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |