തിരുവനന്തപുരം: വീട്ടുജോലിക്കെത്തിയ ദളിത് യുവതിയെ വ്യാജമോഷണക്കേസിൽ കുടുക്കിയ വീട്ടുടമയ്ക്കും മകൾക്കും പേരൂർക്കട പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കുമെതിരെ കേസെടുത്തു. ദുരനുഭവം ഉണ്ടായ ആർ ബിന്ദു നൽകിയ പരാതിയിൽ പട്ടികജാതി-പട്ടികവർഗ കമ്മീഷന്റെ ഉത്തരവനുസരിച്ചാണ് നടപടി. വീട്ടുടമ ഓമന ഡാനിയേൽ, മകൾ നിഷ, ബിന്ദുവിനെ കസ്റ്റഡിയിലെടുത്ത പേരൂർക്കട പോലീസ് സ്‌റ്റേഷനിലെ എസ്‌ഐ എസ്.ജെ. പ്രസാദ്, എഎസ്‌ഐ പ്രസന്നകുമാർ എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
പട്ടികജാതി-പട്ടികവർഗ കമ്മീഷൻ ഉത്തരവനുസരിച്ച് ബിന്ദു പേരൂർക്കട പോലീസ് സ്റ്റേഷനിൽ ശനിയാഴ്ച പരാതി നൽകിയിരുന്നു. വ്യാജ പരാതിയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത് തന്നെ മാനസികമായി പീഡിപ്പിച്ചെന്നാണ് ബിന്ദുവിന്റെ പരാതി. ആരോപണ വിധേയരായ പൊലീസ് ഉദ്യോഗസ്ഥർ ഇപ്പോൾ സസ്‌പെൻഷനിലാണ്.
മാല നഷ്ടപ്പെട്ടതിനെ തുടർന്ന് ബിന്ദുവിനെതിരെ കഴിഞ്ഞ ഏപ്രിൽ 23നാണ് ഓമന ഡാനിയേൽ പൊലീസിൽ പരാതി നൽകിയത്. ബിന്ദുവിനെ കസ്റ്റഡിയിലെടുത്ത പൊലീസുകാർ സ്റ്റേഷനിലിരുത്തി ഒരു രാത്രി മുഴുവൻ ചോദ്യം ചെയ്തു. പിറ്റേന്ന് ഉച്ചയ്ക്ക് 12 മണി വരെ അനധികൃതമായി കസ്റ്റഡിയിൽ വയ്ക്കുകയായിരുന്നു. എസ്‌ഐയും എഎസ്‌ഐയും ചേർന്ന് ക്രൂരമായി മാനസിക പീഡനത്തിന് ഇരയാക്കിയെന്നാണ് ബിന്ദുവിന്റെ പരാതി.സംഭവം വിവാദമായതോടെ, കന്റോൺമെന്റ് എസിപി നടത്തിയ അന്വേഷണത്തിൽ പൊലീസുകാർ അധികാരം വിട്ടുള്ള നടപടികളെടുത്തെന്ന് കണ്ടെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |